-->
റിയാദ്: സൗദി പ്രോ ലീഗ് ഫുട്‌ബോളില്‍ തകര്‍പ്പന്‍ ജയവുമായി അല്‍ നസര്‍. അല്‍ നജ്‌മയ്‌ക്കെതിരേ നടന്ന എവേ മത്സരത്തില്‍ 5-0 ത്തിനാണ് അല്‍ നസര്‍ ജയിച്ചത്.ഉനൈസാഹിലെ അല്‍ നജ്‌മ ക്ലബ് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇനിഗോ മാര്‍ട്ടിനസ് ഇരട്ട ഗോളുകളും സൂപ്പര്‍ താരം ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോ, കിങ്‌സ്ലെ കോമാന്‍, സാദിയോ മാനെ എന്നിവര്‍ ഒരു ഗോള്‍ വീതവുമടിച്ചു. 23 കളികളില്‍നിന്ന് 58 പോയിന്റ് നേടിയ അല്‍ നസര്‍ ഒന്നാം സ്‌ഥാനത്തു തിരിച്ചെത്തി. രണ്ടാം സ്‌ഥാനത്തുള്ള അല്‍ അഹ്ലിക്ക് അത്രയും കളികളില്‍ 56 പോയിന്റാണ്. എട്ട് പോയിന്റ് മാത്രമുള്ള അല്‍ നജ്‌മ തരംതാഴ്‌ത്തല്‍ മേഖലയില്‍ 18-ാം സ്‌ഥാനത്താണ്. ക്രിസ്‌റ്റ്യാനോ സ്‌പാനിഷ് രണ്ടാംനിര ക്ലബ് അല്‍മീരിയയുടെ 25 ശതമാനം ഓഹരി സ്വന്തമാക്കിയെന്ന വാര്‍ത്ത പുറത്തു വന്നതും അല്‍ നസറിന്റെ തകര്‍പ്പന്‍ ജയവും ഒരേ സമയത്തായിരുന്നു. സൗദി അറേബ്യയിലെ മുഹമ്മദ് അല്‍ ഖരീജി നേതൃത്വം നല്‍കുന്ന കണ്‍സോര്‍ഷ്യമാണ് അല്‍മീരിയയുടെ ഉടമസ്‌ഥര്‍. അല്‍ നജ്‌മയ്‌ക്കെതിരേ 56-ാം മിനിറ്റില്‍ ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോയെ പിന്‍വലിച്ചിരുന്നു.
ഏഴാം മിനിറ്റില്‍ പെനാല്‍റ്റി ഗോളാക്കി സൂപ്പര്‍ താരമാണ് നസറിനെ മുന്നിലെത്തിച്ചത്. അതോടെ ക്രിസ്‌റ്റ്യാനോ 965 കരിയര്‍ ഗോളുകള്‍ പൂര്‍ത്തിയാക്കി. ട്രാന്‍സ്‌ഫര്‍ വിഷയത്തില്‍ ക്ലബുമായി ഉരസി കളിക്കളത്തില്‍നിന്നു വിട്ടുനിന്ന ക്രിസ്‌റ്റ്യാനോ മടങ്ങി വന്ന ശേഷം മൂന്നു കളികളിലായി നാല് ഗോളുകളടിച്ചു.