-->
ഹുബളളി: ജമ്മു കശ്‌മീരിനെതിരായ രഞ്‌ജി ട്രോഫി ക്രിക്കറ്റ് ഫൈനലില്‍ കര്‍ണാടക പൊരുതുന്നു. ജമ്മുവിനെ ഒന്നാം ഇന്നിങ്‌സില്‍ 584 റണ്ണിനു പുറത്താക്കിയ കര്‍ണാടക മൂന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ അഞ്ചിന് 220 റണ്ണെന്ന നിലയിലാണ്.
ഓപ്പണര്‍ മായങ്ക് അഗര്‍വാള്‍ (207 പന്തില്‍ 130), കൃതിക് കൃഷ്‌ണ (27) എന്നിവരാണു ക്രീസില്‍. ജമ്മുവിനൊപ്പമെത്താന്‍ അവര്‍ക്ക് 364 റണ്‍ കൂടി വേണം. ഓപ്പണര്‍ ലോകേഷ് രാഹുല്‍ (13), നായകന്‍ ദേവദത്ത് പടിക്കല്‍ (11), കരുണ്‍ നായര്‍ (0), രവിചന്ദ്രന്‍ സ്‌മരണ്‍ (0), ശ്രേയസ് ഗോപാല്‍ (27) എന്നിവരാണു പുറത്തായത്.
ഔഖ്വിബ് നബി കരുണിനെയും സ്‌മരണിനെയും അടുത്തടുത്ത പന്തുകളിലാണു മടക്കിയത്. ഔഖ്വിബ് നബി മൂന്ന് വിക്കറ്റും സുനില്‍ കുമാര്‍, യുദ്ധ്‌വീര്‍ സിങ് എന്നിവര്‍ ഒരു വിക്കറ്റ് വീതവുമെടുത്തു. ആറിന് 527 റണ്ണെന്ന നിലയില്‍ മൂന്നാം ദിവസം തുടങ്ങിയ ജമ്മു വൈകാതെ ഓള്‍ഔട്ടായി. പേസര്‍ പ്രസിദ്ധ കൃഷ്‌ണ 98 റണ്‍ വഴങ്ങി അഞ്ച് വിക്കറ്റെടുത്തു. വിദ്യാധര്‍ പാട്ടീല്‍, വിജയ് കുമാര്‍ വൈശാഖ്, ശ്രേയസ് ഗോപാല്‍, ശിഖര്‍ ഷെട്ടി എന്നിവര്‍ ഒരു വിക്കറ്റ് വീതമെടുത്തു. ജമ്മു കശ്‌മീരിന്റെ കന്നി രഞ്‌ജി ഫൈനലാണിത്. 14 തവണ ഫൈനലില്‍ കളിച്ച കര്‍ണാടക എട്ട് തവണ ജേതാക്കളായി.