Thursday, March 12, 2026 Last Updated 3 Min 28 Sec ago English Edition
Todays E paper
Ads by Google
Thursday 26 Feb 2026 11.39 PM

സിംബാബ്‌വേയെ 72 റണ്ണിനു തോല്‍പ്പിച്ച്‌ ഇന്ത്യ ട്വന്റി20 ക്രിക്കറ്റ്‌ ലോകകപ്പിലെ സെമി ഫൈനല്‍ സാധ്യത സജീവമാക്കി.

uploads/news/2026/02/827503/sp2.jpg

ചെന്നൈ: സിംബാബ്‌വേയെ 72 റണ്ണിനു തോല്‍പ്പിച്ച്‌ ഇന്ത്യ ട്വന്റി20 ക്രിക്കറ്റ്‌ ലോകകപ്പിലെ സെമി ഫൈനല്‍ സാധ്യത സജീവമാക്കി. ആദ്യം ബാറ്റ്‌ ചെയ്‌ത ഇന്ത്യ നാല്‌ വിക്കറ്റിന്‌ 256 റണ്ണെടുത്തു. മറുപടി ബാറ്റ്‌ ചെയ്‌ത സിംബാബ്‌വേ അവസാന പന്തെറിയുമ്പോള്‍ ആറ്‌ വിക്കറ്റിന്‌ 184 റണ്ണെന്ന നിലയിലായിരുന്നു. സിംബാബ്‌വേ ഓപ്പണര്‍ ബ്രയാന്‍ ബെന്നറ്റിന്റെ (59 പന്തില്‍ ആറ്‌ സിക്‌സറും എട്ട്‌ ഫോറുമടക്കം പുറത്താകാതെ 97) പോരാട്ടമാണ്‌ കളി ആവേശകരമാക്കിയത്‌.
ഇന്ത്യക്കായി ഇടംകൈയന്‍ പേസര്‍ അര്‍ഷദീപ്‌ സിങ്‌ മൂന്ന്‌ വിക്കറ്റെടുത്തു. വരുണ്‍ ചക്രവര്‍ത്തി, അക്ഷര്‍ പട്ടേല്‍, ശിവം ദുബെ എന്നിവര്‍ ഒരു വിക്കറ്റ്‌ വീതമെടുത്തു. റിങ്കു സിങിനു പകരം വിക്കറ്റ്‌ കീപ്പര്‍ ബാറ്റര്‍ സഞ്‌ജു സാംസണും വാഷിങ്‌ടണ്‍ സുന്ദറിനു പകരം അക്ഷര്‍ പട്ടേലും ഇന്ത്യന്‍ നിരയില്‍ കളിച്ചു. രണ്ട്‌ കളികളില്‍നിന്ന്‌ രണ്ട്‌ പോയിന്റ്‌ വീതമുള്ള വെസ്‌റ്റിന്‍ഡീസ്‌ രണ്ടാം സ്‌ഥാനത്തും ഇന്ത്യ മൂന്നാം സ്‌ഥാനത്തുമാണ്‌. ഞായറാഴ്‌ച വെസ്‌റ്റിന്‍ഡീസിനെതിരേ നടക്കുന്ന മത്സരത്തില്‍ ജയിച്ചാല്‍ ഇന്ത്യക്കു സെമിയില്‍ കടക്കാം. എം.എ. ചിദംബരം സ്‌റ്റേഡിയത്തില്‍ ടോസ്‌ നേടിയ സിംബാബ്‌വേ നായകന്‍ സികന്ദര്‍ റാസ ഇന്ത്യയെ ആദ്യം ബാറ്റ്‌ ചെയ്യാന്‍ വിട്ടു. മികച്ച റണ്‍റേറ്റില്‍ ജയിക്കുകയെന്ന ലക്ഷ്യത്തോടെയാണ്‌ ഇന്ത്യ ബാറ്റ്‌ ചെയ്യാനിറങ്ങിയത്‌. ബാറ്റെടുത്തവരെല്ലാം കത്തിക്കയറിയതോടെ സിംബാബ്‌വേ ബൗളര്‍മാര്‍ക്ക്‌ നോക്കിനില്‍ക്കാനേ കഴിഞ്ഞുള്ളൂ.
ടീമില്‍ തിരിച്ചെത്തിയ സഞ്‌ജു സാംസണിന്‌ പുറമേ അഭിഷേക്‌ ശര്‍മയും (30 പന്തില്‍ നാല്‌ സിക്‌സറും നാല്‌ ഫോറുമടക്കം 55) ഹാര്‍ദിക്‌ പാണ്ഡ്യയും (23 പന്തില്‍ നാല്‌ സിക്‌സറും രണ്ട്‌ ഫോറുമടക്കം പുറത്താകാതെ 50) അര്‍ധ സെഞ്ചുറിയടിച്ചു. സഞ്‌ജു സാംസണ്‍ (15 പന്തില്‍ രണ്ട്‌ സിക്‌സറും ഒരു ഫോറുമടക്കം 24), ഇഷാന്‍ കിഷന്‍ (24 പന്തില്‍ ഒരു സിക്‌സറും നാല്‌ ഫോറുമടക്കം 38), തിലക്‌ വര്‍മ (16 പന്തില്‍ നാല്‌ സിക്‌സറും മൂന്ന്‌ ഫോറുമടക്കം പുറത്താകാതെ 44), നായകന്‍ സൂര്യകുമാര്‍ യാദവ്‌ (13 പന്തില്‍ രണ്ട്‌ സിക്‌സറും മൂന്ന്‌ ഫോറുമടക്കം 33) എന്നിവരും കത്തിക്കയറി. ഇന്ത്യക്കായി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്‌ത സഞ്‌ജുവും അഭിഷേകും ശ്രദ്ധയോടെയാണ്‌ ബൗളര്‍മാരെ നേരിട്ടത്‌. അനാവശ്യ ഷോട്ടുകള്‍ക്ക്‌ മുതിരാതെ ഇരുവരും സ്‌കോറുയര്‍ത്തി. പവര്‍പ്ലേയില്‍ മിന്നിച്ച്‌ തുടങ്ങിയതോടെ ടീം മൂന്ന്‌ ഓവറില്‍ 46 റണ്ണെടുത്തു. നാലാം ഓവറില്‍ മലയാളി താരത്തെ ബ്ലെസിങ്‌ മുസര്‍ബാനി റയാന്‍ ബുള്ളിന്റെ കൈയിലെത്തിച്ചു. പിന്നാലെയിറങ്ങിയ ഇഷാന്‍ കിഷനുമായി ചേര്‍ന്ന്‌ അഭിഷേക്‌ ഇന്ത്യന്‍ ഇന്നിങ്‌സിനെ നയിച്ചു. ആറ്‌ ഓവര്‍ അവസാനിക്കുമ്പോള്‍ ഇന്ത്യ ഒരു വിക്കറ്റിന്‌ 80 റണ്ണെന്ന നിലയിലായി. അഭിഷേക്‌ ശര്‍മ ഫോമിലേക്കുയര്‍ന്നതോടെ സിംബാബ്‌വേ ബൗളര്‍മാര്‍ വിയര്‍ത്തു. കൂട്ടിന്‌ ഇഷാന്‍ കിഷനും പിന്തുണ നല്‍കി. രണ്ടാം വിക്കറ്റില്‍ മികച്ച കൂട്ടുകെട്ടുമായി ഇരുവരും നിലയുറപ്പിച്ചതോടെ ടീം 9.1 ഓവറില്‍ നൂറുറണ്‍സെടുത്തു. അഭിഷേക്‌ 26 പന്തില്‍ 50 കടന്നു. താരത്തിന്റെ ലോകകപ്പിലെ ആദ്യ അര്‍ധ സെഞ്ചുറിയാണിത്‌.
വൈകാതെ ഇഷാന്‍ പുറത്തായി. സൂര്യകുമാറും മികച്ചുനിന്നു. ബൗണ്ടറികളുമായി ഇന്ത്യന്‍ നായകന്‍ നിറഞ്ഞതോടെ ടീം 13-ാം ഓവറില്‍ 150 ലെത്തി. അഞ്ചാം വിക്കറ്റില്‍ ഒന്നിച്ച തിലക്‌ വര്‍മയും ഹാര്‍ദിക്‌ പാണ്ഡ്യയും ഇന്ത്യയെ 200 കടത്തി. ഇരുവരും ബൗളര്‍മാരെ നിലംതോടീച്ചില്ല. 17-ാം ഓവറില്‍ 14 റണ്ണും 18-ാം ഓവറില്‍ 19 റണ്ണുമാണ്‌ അവര്‍ അടിച്ചെടുത്തത്‌. 19-ാം ഓവറില്‍ തിലക്‌ കത്തിക്കയറി. അവസാന ഓവറില്‍ തുടരെ രണ്ട്‌ സിക്‌സറടിച്ചാണ്‌ പാണ്ഡ്യ അര്‍ധ സെഞ്ചുറി തികച്ചത്‌. ട്വന്റി20 ലോകകപ്പിലെ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന സ്‌കോറുമായാണ്‌ അവര്‍ ക്രീസ്‌ വിട്ടത്‌.

Ads by Google
Thursday 26 Feb 2026 11.39 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW