-->
അഹമ്മദാബാദ്: ട്വന്റി20 ക്രിക്കറ്റ് ലോകകപ്പില്‍ വെസ്‌റ്റിന്‍ഡീസിനെതിരേ ഒന്‍പത് വിക്കറ്റിന്റെ ആധികാരിക ജയവുമായി ദക്ഷിണാഫ്രിക്ക.
സൂപ്പര്‍ എട്ട് ഗ്രൂപ്പ് 1 മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത വെസ്‌റ്റിന്‍ഡീസ് എട്ട് വിക്കറ്റിന് 176 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്‌ത ദക്ഷിണാഫ്രിക്ക കളി തീരാന്‍ 23 പന്തുകള്‍ ശേഷിക്കേ വിജയ റണ്ണെടുത്തു.
നായകനും ഓപ്പണറുമായ എയ്‌ദീന്‍ മാര്‍ക്രവും (46 പന്തില്‍ നാല് സിക്‌സറും ഏഴ് ഫോറുമടക്കം പുറത്താകാതെ 82) റയാന്‍ റികല്‍ടണും (28 പന്തില്‍ രണ്ട് സിക്‌സറും നാല് ഫോറുമടക്കം 45) ചേര്‍ന്നാണു വിജയ റണ്ണെടുത്തത്. ഓപ്പണര്‍ ക്വിന്റണ്‍ ഡി കോക്കാണ് (24 പന്തില്‍ നാല് സിക്‌സറും നാല് ഫോറുമടക്കം 47) പുറത്തായത്. ഓപ്പണിങ് വിക്കറ്റ് കൂട്ടുകെട്ട് 95 റണ്ണെടുത്തു ടീമിന് അടിത്തറയായി.
മാര്‍ക്രമും ഡി കോക്കും വിന്‍ഡീസ് ബൗളര്‍മാരെ അടിച്ചുതകര്‍ത്തു. അതോടെ സ്‌കോര്‍ കുതിച്ചു. മാര്‍ക്രമായിരുന്നു കൂടുതല്‍ അപകടകാരി. പവര്‍പ്ലേയില്‍ താരം കത്തിക്കയറിയതോടെ ദക്ഷിണാഫ്രിക്ക ആറോവറില്‍ 69 റണ്ണെടുത്തു. എട്ടാം ഓവറിലാണ് ദക്ഷിണാഫ്രിക്കയ്‌ക്ക് ആദ്യ വിക്കറ്റ് നഷ്‌ടപ്പെടുന്നത്. റിക്കെല്‍ട്ടണെ കൂട്ടുപിടിച്ച് മാര്‍ക്രം സ്‌കോറുയര്‍ത്തി. മാര്‍ക്രം കളം നിറഞ്ഞതോടെ വീന്‍ഡീസ് പരാജയം ഉറപ്പിച്ചു.
രണ്ട് കളികളില്‍നിന്നു നാല് പോയിന്റ് നേടിയ ദക്ഷിണാഫ്രിക്ക ഒന്നാം സ്‌ഥാനത്തു തുടര്‍ന്നു. ദക്ഷിണാഫ്രിക്കയുടെ സെമി ഫൈനല്‍ സാധ്യത ഏറെക്കുറെ സുരക്ഷിതമാണ്. ദക്ഷിണാഫ്രിക്കയുടെ ജയം ഇന്ത്യക്കും ആശ്വാസമാണ്. നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ടോസ് നേടിയ മാര്‍ക്രം വിന്‍ഡീസിനെ ആദ്യം ബാറ്റ് ചെയ്യാന്‍ വിട്ടു. വിന്‍ഡീസ് ഓപ്പണര്‍മാര്‍ വെടിക്കെട്ടിനൊരുങ്ങിയാണ് മൈതാനത്തിറങ്ങിയത്. ഓപ്പണര്‍മാരായ ബ്രാന്‍ഡന്‍ കിങ്ങും (11 പന്തില്‍ 21) നായകന്‍ കൂടിയായ ഷായ് ഹോപ്പും (ആറ് പന്തില്‍ രണ്ട് സിക്‌സറും ഒരു ഫോറുമടക്കം 16) തകര്‍ത്തടിച്ചതോടെ ടീം രണ്ടോവറില്‍ 29 റണ്‍സെടുത്തു. ഇടംകൈയന്‍ സ്‌പിന്നര്‍ കേശവ് മഹാരാജാണ് ബൗളിങ് ഓപ്പണ്‍ ചെയ്‌തത്. പിന്നാലെയെറിഞ്ഞ മാര്‍കോ യാന്‍സനും അടി കിട്ടി. എന്നാല്‍ മൂന്നാം ഓവറില്‍ ഷായ് ഹോപ്പിനെയുംവെടിക്കെട്ട് വീരന്‍ ഷംറോണ്‍ ഹിറ്റ്‌മീറിനെയും (രണ്ട്) പുറത്താക്കി കാഗിസോ റബാഡ തിരിച്ചടിച്ചു.
നാലാം ഓവറിലും രണ്ട് വിക്കറ്റുകള്‍ കൂടി വീണതോട വിന്‍ഡീസ് പരുങ്ങലിലായി. കിങ്(21), റോസ്‌റ്റണ്‍ ചേസ്(2) എന്നിവരെ ലുങ്കി എന്‍ഗിഡി ഒരേ ഓവറില്‍ മടക്കി. പിന്നീട് റോവ്‌മാന്‍ പവലും (ഒന്‍പത്) ഷെര്‍ഫാനെ റൂഥര്‍ഫോഡ് (12) എന്നിവര്‍ക്കും നിലയുറപ്പിക്കാനായില്ല. വിന്‍ഡീസ് ആറ് ഓവറില്‍ നാലിന് 52 എന്ന നിലയില്‍ വിയര്‍ത്തു. മാത്യു ഫോര്‍ഡെയും (ഒന്‍പത് പന്തില്‍ ഒരു സിക്‌സറും ഒരു ഫോറുമടക്കം 11) മടങ്ങിയതോടെ ടീം ഏഴിന് 83 എന്ന നിലയിലേക്ക് വീണു. എട്ടാം വിക്കറ്റില്‍ ഒന്നിച്ച ജാസണ്‍ ഹോള്‍ഡറും (31 പന്തില്‍ മൂന്ന് സിക്‌സറും നാല് ഫോറുമടക്കം 49) റൊമാരിയോ ഷെപ്പേഡും (37 പന്തില്‍ നാല് സിക്‌സറും മൂന്ന് ഫോറുമടക്കം പുറത്താകാതെ 52) വെടിക്കെട്ടായതോടെ ടീം പൊരുതാവുന്ന സ്‌കോറിലെത്തി. ഇരുവരുടെയും കൂട്ടുകെട്ട് 50 കടന്നു.
18-ാം ഓവറില്‍ 23 റണ്ണാണ് വിന്‍ഡീസ് അടിച്ചെടുത്തത്. ഹോള്‍ഡര്‍ റണ്ണൗട്ടായത് വിന്‍ഡീസിനു തിരിച്ചടിയായി. 89 റണ്ണാണ് ഹോള്‍ഡറും ഷെപ്പേഡും ചേര്‍ന്നടിച്ചെടുത്തത്. ട്വന്റി20 യിലെ ഏറ്റവും ഉയര്‍ന്ന എട്ടാം വിക്കറ്റ് കൂട്ടുകെട്ടാണിത്. ദക്ഷിണാഫ്രിക്കയ്‌ക്കായി എന്‍ഗിഡി മൂന്ന് വിക്കറ്റും കാഗിസോ റബാഡയും കോര്‍ബിന്‍ ബോഷും രണ്ട് വിക്കറ്റ് വീതവുമെടുത്തു. മാര്‍ക്രമാണു മത്സരത്തിലെ താരം. ദക്ഷിണാഫ്രിക്ക ഒന്‍പത് വിക്കറ്റിനു ജയിച്ചതോടെ വിന്‍ഡീസിന്റെ റണ്‍റേറ്റ് താണു. വിന്‍ഡീസിന് രണ്ട് കളികളിലായി ഒരു ജയവും ഒരു തോല്‍വിയുമടക്കം രണ്ട് പോയിന്റുണ്ട്. +1.791 ആണ് ടീമിന്റെ നെറ്റ് റണ്‍റേറ്റ്. ദക്ഷിണാഫ്രിക്കയോട് വന്‍ തോല്‍വി നേരിട്ടതോടെയാണ് +5.350 ന്റെ നെറ്റ് റണ്‍റേറ്റില്‍നിന്നു താണത്. ഞായറാഴ്‌ച ഇന്ത്യയും വിന്‍ഡീസും തമ്മിലുള്ള മത്സരം സൂപ്പര്‍ എട്ടിലേക്കുള്ള വഴി നിര്‍ണയിക്കും.