-->
ആലപ്പുഴ: കെ.എസ്.യു. പ്രവര്‍ത്തകര്‍ മന്ത്രി വീണാ ജോര്‍ജിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന പച്ചക്കള്ളം പറഞ്ഞ് ആക്രമണത്തിനും കലാപത്തിനും ആഹ്വാനം നടത്തിയ സി.പി.എം. സംസ്‌ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ കേസെടുക്കണമെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. പുതുയുഗയാത്രയുടെ ഭാഗമായി നടത്തിയ പത്രസമ്മേളനത്തിലാണ് അദ്ദേഹം ഈ ആവശ്യം ഉന്നയിച്ചത്.
വ്യാപകമായി കോണ്‍ഗ്രസ് ഓഫീസുകള്‍ക്കും പ്രവര്‍ത്തകര്‍ക്കും നേരേ ആക്രമണം നടത്തുകയാണ്. ഇതൊന്നും കണ്ട് ഭയന്നുപോകുമെന്നു കരുതേണ്ട. ജാഥ നിര്‍ത്താനും പോകുന്നില്ല. മന്ത്രി വീണാ ജോര്‍ജിന്റേത് വെറും അഭിനയമാണ്. ഇല്ലാത്ത വിഷയം ഉണ്ടാക്കി പാര്‍ട്ടി സെക്രട്ടറിയും മുഖ്യമന്ത്രിയും നുണപറഞ്ഞു പ്രചരിപ്പിക്കുകയാണ്. മന്ത്രിയുടെ കൈയും പിടലിയും തിരിച്ച് കൊല്ലാന്‍ ശ്രമിച്ചെന്നു പച്ചക്കള്ളം പ്രചരിപ്പിക്കുകയാണ്. സ്‌പീക്കര്‍ എ.എന്‍. ഷംസീറിനു ഗൂഢാലോചനയില്‍ പങ്കുണ്ട്. സ്‌പീക്കര്‍ പദവിയിലാണ് ഇരിക്കുന്നതെന്നു മറന്ന് അദ്ദേഹം പഴയ എസ്.എഫ്.ഐക്കാരനായി.
മന്ത്രിയുടെ കൈയിലെ പാട് രണ്ടു ദിവസം മുമ്പുള്ള ചിത്രങ്ങളിലും കാണാം. സോഷ്യല്‍ മീഡിയ ഉള്ളതുകൊണ്ട് രക്ഷപ്പെട്ടു. ഇല്ലെങ്കില്‍ കെ.എസ്.യു. പ്രവര്‍ത്തകര്‍ കത്തിവച്ച് കുത്തിയെന്നു പറയുമായിരുന്നു. കരിങ്കൊടി കാണിച്ചതിനാണ് കെ.എസ്.യു. പ്രവര്‍ത്തകര്‍ക്കെതിരേ വധശ്രമത്തിനു കേസെടുത്തത്. അവിടെയുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കും പോലീസിനും റെയില്‍വേ പോലീസിനും കാര്യങ്ങള്‍ അറിയാം. ആരോഗ്യമന്ത്രിയുടെ അടുത്തേക്കുപോലും പ്രതിഷേധക്കാര്‍ എത്തിയിട്ടില്ല. പോലീസും മന്ത്രിയും തമ്മിലാണു പിടിവലിയുണ്ടായത്. മന്ത്രിയുടെ രോഷം അടക്കാനാണ് പോലീസ് ശ്രമിച്ചത്. അതിന്റെ ദൃശ്യത്തെളിവുകള്‍ എല്ലാവരുടെയും കൈയിലുണ്ടെന്നും വി.ഡി. സതീശന്‍ പറഞ്ഞു.
ഡി.ജി.പിക്കു പരാതി 'ഷംസീറിന്റെ ഗൂഢാലോചന അന്വേഷിക്കണം'
ആലപ്പുഴ: ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ ആക്രമിച്ചെന്നു വ്യാജപ്രചാരണം നടത്തിയ സ്‌പീക്കര്‍ എ.എന്‍. ഷംസീറിന്റെ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സംസ്‌ഥാന വര്‍ക്കിങ് പ്രസിഡന്റ് ബിനു ചുള്ളിയില്‍ ഡി.ജി.പിക്കു പരാതി നല്‍കി.
സ്‌പീക്കറുടെ ഫോണ്‍ കോളുകള്‍ പരിശോധിക്കണം. മുഖ്യമന്ത്രിയെ കൂടാതെ ആരെയാണ് വിളിച്ചതെന്ന് അന്വേഷിക്കണം. വീണാ ജോര്‍ജിന്റെ നടനം പാളിയപ്പോഴാണ് ഗൂഢാലോചനയുടെ തിരക്കഥ എ.എം. ഷംസീറും സംവിധാനം പിണറായി വിജയനും നടത്തിയത്. സര്‍ക്കാരിനെതിരേ ഉയരുന്ന ഗുരുതര ആരോപണങ്ങളില്‍നിന്നു ശ്രദ്ധതിരിക്കാനാണ് ഇപ്പോഴത്തെ നീക്കം. ദൃശ്യമാധ്യമങ്ങളില്‍ ആക്രമിക്കുന്ന വീഡിയോ പുറത്തുവന്നിട്ടില്ല. റെയില്‍വേയുടെ സി.സി. ടിവി ദൃശ്യത്തിലും ഇക്കാര്യമില്ല. ഷംസീറിനെ കണ്ടതിനുശേഷമാണു വേദനയുണ്ടെന്ന് ആരോഗ്യമന്ത്രി പറയുന്നത്. ആരോഗ്യമേഖല തകര്‍ന്നപ്പോഴാണ് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. വീണാ ജോര്‍ജിനെതിരേ ഇനിയും പ്രതിഷേധമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.