-->
കോട്ടയം: എട്ടു വര്‍ഷത്തിനുശേഷം ഓര്‍ത്തഡോക്‌സ് സഭ വിശുദ്ധ മൂറോന്‍ കൂദാശയ്‌ക്ക് ഒരുങ്ങുന്നു. വലിയ നോമ്പിലെ നാല്‍പതാം വെള്ളിയാഴ്‌ചയായ അടുത്ത മാസം 27 നു ദേവലോകം കാതോലിക്കേറ്റ് അരമന ചാപ്പല്‍ ശുശ്രൂഷകള്‍ക്കു വേദിയാകും.
സഭാ ചരിത്രത്തിലെ 11-ാം മൂറോന്‍ കൂദാശയ്‌ക്കു പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ മുഖ്യകാര്‍മ്മികത്വം വഹിക്കും. സഭയുടെ മെത്രാപ്പോലീത്തമാര്‍ സഹകാര്‍മ്മികരാകും. ഇവര്‍ക്കൊപ്പം അര്‍ക്കദിയാക്കോന്‍, 12 വൈദികര്‍, 12 പൂര്‍ണ ശെമ്മാശന്മാര്‍, 12 ഉപ ശെമ്മാശന്മാര്‍ എന്നിവര്‍ ഏഴു മണിക്കൂറോളം നീളുന്ന വിശുദ്ധ കര്‍മ്മങ്ങളുടെ ഭാഗമാകും.
സ്വയം ശീര്‍ഷകസഭകളുടെ തലവന്മാരായ പാത്രിയര്‍ക്കീസും കാതോലിക്കായും മാത്രമാണ് ഓര്‍ത്തഡോക്‌സ് വിശ്വാസപാരമ്പര്യ പ്രകാരം മൂറോന്‍ കൂദാശ നടത്തുന്നത്. പൗരസ്‌ത്യ കാതോലിക്കയായി നിയോഗിതനായശേഷം പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ ബാവ പ്രധാന കാര്‍മ്മികനാകുന്ന ആദ്യ മൂറോന്‍ കൂദാശയാണിത്. മൂറോന്‍ എന്ന വാക്കിന്റെ അര്‍ഥം സുഗന്ധതൈലം എന്നാണ്. സഭയുടെ ലോകമെമ്പാടുമുള്ള ദേവാലയങ്ങളില്‍ മാമോദീസ, പള്ളികളുടെ കൂദാശ എന്നിവയ്‌ക്കായി ഈ വിശുദ്ധതൈലം ഉപയോഗിക്കുന്നു.
എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് മൂറോന്‍ കൂദാശയുടെ ഒരുക്കങ്ങള്‍ വിലയിരുത്തി. വിശുദ്ധ മൂറോന്‍ കൂദാശയുടെ ക്രമീകരണങ്ങള്‍ക്കു കൊല്ലം ഭദ്രാസനാധിപന്‍ ഡോ.ജോസഫ് മാര്‍ ദിവന്നാസിയോസ് അധ്യക്ഷനായ സമിതിയെ കാതോലിക്കാ ബാവാ ചുമതലപ്പെടുത്തി. 2018 മാര്‍ച്ചിലാണ് ഓര്‍ത്തഡോക്‌സ് സഭയില്‍ മുമ്പ് വിശുദ്ധ മൂറോന്‍ കൂദാശ നടന്നത്.