Thursday, March 12, 2026 Last Updated 56 Min 28 Sec ago English Edition
Todays E paper
Ads by Google
Thursday 26 Feb 2026 11.35 PM

വനിതാ മന്ത്രിയെ വധിക്കാന്‍ ശ്രമിക്കുന്നത്‌ ആദ്യം: എം.വി. ഗോവിന്ദന്‍

ആലപ്പുഴ: ആരോഗ്യമന്ത്രി വീണ ജോര്‍ജിനെതിരേയുണ്ടായ ആക്രമണം പ്രതിപക്ഷത്തിന്റെ ഗൂഢാലോചനയെന്നു സി.പി.എം. സംസ്‌ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. ഒരു വനിതാ മന്ത്രിയെ കൈയേറ്റം ചെയ്‌തു വധിക്കാന്‍ ശ്രമിക്കുന്നതു കേരളത്തില്‍ ആദ്യമാണ്‌. കണ്ണൂരിലെ ഔദ്യോഗിക പരിപാടി കഴിഞ്ഞു റെയില്‍വേ സ്‌റ്റേഷനിലേക്കു മടങ്ങുന്നതിനിടെയാണു മന്ത്രിക്കുനേരേ ഒളിഞ്ഞിരുന്നുള്ള ആസൂത്രിത ആക്രമണം ഉണ്ടായത്‌. നേരത്തെ മന്ത്രിയുടെ വീടിനുനേരേ ആക്രമണം നടത്തുകയും യൂത്ത്‌ കോണ്‍ഗ്രസ്‌ റീത്ത്‌ വയ്‌ക്കുകയും ചെയ്‌തിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ്‌ ഇപ്പോള്‍ മന്ത്രിയെ ആക്രമിച്ചിരിക്കുന്നതെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.
യു.ഡി.എഫ്‌. നുണ പറഞ്ഞ്‌ അക്രമസംഭവത്തില്‍നിന്നു രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ്‌. കെ.എസ്‌.യു, യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ മന്ത്രിയുടെ അടുത്തേക്കെത്തിയിട്ടില്ലെന്ന വാദം തെറ്റാണ്‌. ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ ആക്രമണം വ്യക്‌തമാണ്‌.
വി.ഡി. സതീശന്റെ നേതൃത്വത്തില്‍ നുണപ്രചാരണങ്ങള്‍ നടത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ്‌ പ്രതിപക്ഷം ശ്രമിക്കുന്നത്‌. ജനാധിപത്യ സമൂഹത്തില്‍ പ്രതിഷേധിക്കാന്‍ അവകാശമുണ്ടെങ്കിലും ഒരു മന്ത്രിയെ ശാരീരികമായി ആക്രമിക്കുന്നത്‌ അംഗീകരിക്കാനാവില്ല. സംഭവിച്ചതു കേരളം മുഴുവന്‍ കണ്ടതാണ്‌. കേരളത്തിലെ ആരോഗ്യമേഖല ലോകോത്തരമാണ്‌. അതു തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ്‌ ഈ ഗുണ്ടായിസം. സ്വകാര്യ ആശുപത്രി ലോബിക്കുവേണ്ടിയാണ്‌ സര്‍ക്കാര്‍ ആശുപത്രികള്‍ക്ക്‌ എതിരായി യു.ഡി.എഫ്‌. പ്രചാരണം നടത്തുന്നത്‌. ചില സംഭവങ്ങളെ പര്‍വതീകരിക്കുകയാണ്‌. ഇതു കനഗോലു സിദ്ധാന്തമാണ്‌. അതിനെ ജനം തിരിച്ചറിയുമെന്നും ഗോവിന്ദന്‍ പറഞ്ഞു.

Ads by Google
Thursday 26 Feb 2026 11.35 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW