-->
ന്യൂഡല്‍ഹി: എന്‍.സി.ഇ.ആര്‍.ടിയുടെ എട്ടാംക്ല ാസ് സാമൂഹികശാസ്‌ത്രപുസ്‌തകം തുടര്‍ന്ന് അച്ചടിക്കുന്നതും പ്രസിദ്ധീകരിക്കുന്നതും ഡിജിറ്റല്‍ പതിപ്പ് പ്രചരിപ്പിക്കുന്നതും നിരോധിച്ച് സുപ്രീം കോടതി. നീതിന്യായസംവിധാനത്തിലെ അഴിമതി സംബന്ധിച്ച 'കുറ്റകരമായ' ഉള്ളടക്കം ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്‌റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന്റെ നടപടി. പുസ്‌തകത്തില്‍നിന്നുള്ള വെടിയുണ്ടയേറ്റ് ജുഡീഷ്യറിയുടെ ചോര വാര്‍ന്നൊഴുകുകയാണെന്നു കോടതി കുറ്റപ്പെടുത്തി.
ജുഡീഷ്യറിയെ അപകീര്‍ത്തിപ്പെടുത്താനും അന്തസ് ഇടിച്ചുതാഴ്‌ത്താനുമുള്ള ആസൂത്രിതനീക്കവും ആഴത്തിലുള്ള ഗൂഢാലോചനയുമാണിത്. അച്ചടിച്ചതോ ഡിജിറ്റല്‍ രൂപത്തിലോ നിലവില്‍ പ്രചരിക്കുന്ന പുസ്‌തകത്തിന്റെ പതിപ്പുകളെല്ലാം ഉടന്‍ പിടിച്ചെടുക്കണം.
കുറ്റകരമായ പരാമര്‍ശങ്ങളടങ്ങിയ അധ്യായം തയാറാക്കിയവര്‍ക്കെതിരേ കോടതിയലക്ഷ്യനടപടി ഉള്‍പ്പെടെ എന്തുകൊണ്ട് കൈക്കൊണ്ടില്ലെന്നു വിശദീകരിക്കാന്‍ എന്‍.സി.ഇ.ആര്‍.ടി. ഡയറക്‌ടര്‍ക്കും കേന്ദ്ര സ്‌കൂള്‍ വിദ്യാഭ്യാസവകുപ്പിനും കോടതി കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. ചീഫ് ജസ്‌റ്റിസിനു പുറമേ ജസ്‌റ്റിസുമാരായ ജോയ്‌മല്യ ബാഗ്‌ചിയും വിപുല്‍ എം. പഞ്ചോളിയും ഉള്‍പ്പെട്ട ബെഞ്ചാണ് 'സമൂഹത്തെക്കുറിച്ചുള്ള സമഗ്രപഠനം: ഇന്ത്യയും അതിനപ്പുറവും' എന്ന വിവാദ അധ്യായമുള്‍പ്പെട്ട പാഠപുസ്‌തകത്തിനു സമ്പൂര്‍ണനിരോധനം ഏര്‍പ്പെടുത്തിയത്.
ഇലക്‌ട്രോണിക് മാധ്യമത്തിലൂടെയോ മറ്റൊരു തലക്കെട്ടിലോ ഇതേ ഉള്ളടക്കം പ്രചരിപ്പിക്കുന്നതു കോടതിവിധിയുടെ ലംഘനമായി കണക്കാക്കുമെന്നു മൂന്നംഗ ബെഞ്ച് മുന്നറിയിപ്പ് നല്‍കി. പുസ്‌തകത്തിലെ വിവാദ ഉള്ളടക്കത്തിനെതിരേ കോടതി സ്വമേധയാ എടുത്ത കേസില്‍ വാദം കേള്‍ക്കവേയാണ് 'അവര്‍ വെടിയുതിര്‍ത്തു, ജുഡീഷ്യറിയുടെ ചോര വാര്‍ന്നൊഴുകുന്നു'വെന്ന് ചീഫ് ജസ്‌റ്റിസ് വികാരാധീനനായി പരാമര്‍ശിച്ചത്. ഇക്കാര്യത്തില്‍ കൂടുതല്‍ ആഴത്തിലുള്ള അന്വേഷണം ആവശ്യമാണ്.
വിവാദപാഠപുസ്‌തകത്തിന്റെ പ്രകാശനത്തെക്കുറിച്ച് ഒരു ദിനപത്രം ലേഖനം പ്രസിദ്ധീകരിച്ചതു ഞെട്ടിക്കുന്നതാണെന്നും കോടതി നിരീക്ഷിച്ചു. വകതിരിവില്ലാത്തതും നിരുത്തരവാദപരവും കോടതിയലക്ഷ്യവുമായ ഉള്ളടക്കത്തെപ്പറ്റി ആത്മപരിശോധന നടത്തുന്നതിനു പകരം അതിനെ ന്യായീകരിച്ച് എഴുതുകയാണ് എന്‍.സി.ഇ.ആര്‍.ടി. ഡയറക്‌ടര്‍ ചെയ്‌തത്.
നീതിലഭ്യത അനായാസമാക്കാനും ജനാധിപത്യം സംരക്ഷിക്കാനുമുള്ള ജുഡീഷ്യറിയുടെ പരിശ്രമങ്ങളെപ്പറ്റി പുസ്‌തകത്തില്‍ പരാമര്‍ശമില്ല. അഴിമതി, തട്ടിപ്പ്, സാമ്പത്തിക അഴിമതി തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്ക് ഇതേ കോടതി മുമ്പ് ശിക്ഷിച്ച ഉന്നതോദ്യോഗസ്‌ഥരുടെ എണ്ണം പരിഗണിക്കുമ്പോള്‍ ഈ മൗനം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്.
പുസ്‌തകത്തിലെ വാക്കുകളുടെയും പ്രയോഗങ്ങളുടെയും തെരഞ്ഞെടുപ്പ് അശ്രദ്ധയോ നിഷ്‌കളങ്കമായ പിഴവോ ആകാനിടയില്ല. വിമര്‍ശനങ്ങളെ അടിച്ചമര്‍ത്താനോ നീതിന്യായവ്യവസ്‌ഥ ഉള്‍പ്പെടെയുള്ള പൊതുസ്‌ഥാപനങ്ങളെ പരിശോധിക്കാനുള്ള അവകാശത്തെ തടയാനോ അല്ല കോടതി സ്വമേധയാ നടപടിയാരംഭിച്ചത്.
ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തെയും സ്വയംഭരണത്തെയും എക്കാലവും പ്രതികൂലമായി ബാധിക്കുന്നതും ഗുരുതരപ്രത്യാഘാതങ്ങള്‍ ഉളവാക്കുന്നതുമായ നീക്കം കോടതിയലക്ഷ്യനിയമത്തിന്റെ പരിധിയില്‍ വരുന്നതാണ്. വിവാദ അധ്യായം തയാറാക്കിയ സംഘത്തിലുള്ളവരുടെ പേരുവിവരങ്ങള്‍, അന്തിമരൂപം നല്‍കിയ യോഗത്തിന്റെ മിനിട്‌സ് ഉള്‍പ്പെടെയുള്ള രേഖകള്‍ എന്നിവ ഹാജരാക്കാനും എന്‍.സി.ഇ.ആര്‍.ടി. ഡയറക്‌ടറോട് കോടതി നിര്‍ദേശിച്ചു. പ്രശ്‌നത്തില്‍ കേന്ദ്രവിദ്യാഭ്യാസമന്ത്രാലയത്തിനു വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത നിരുപാധികം കോടതിയോട് മാപ്പപേക്ഷിച്ചു.
അധ്യായം തയാറാക്കിയ രണ്ട് വ്യക്‌തികള്‍ മന്ത്രാലയത്തിന്റെ പ്രവര്‍ത്തനങ്ങളുമായി ഒരിക്കലും ബന്ധപ്പെട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്‌തമാക്കി. വിപണിയിലിറക്കിയ 32 പുസ്‌തകങ്ങള്‍ പിന്‍വലിച്ചു. ശേഷിക്കുന്നവ വിതരണം ചെയ്യുന്നില്ല. വിവാദ അധ്യായം പൂര്‍ണമായി പുതിയ സംഘം പുനഃപരിശോധിക്കും. രാജ്യത്ത് നീതി നിഷേധിക്കപ്പെടുകയാണെന്ന് എട്ടാംക്ല ാസ് വിദ്യാര്‍ഥികളെ നമുക്ക് പഠിപ്പിക്കാനാവില്ലെന്നും സോളിസിറ്റര്‍ ജനറല്‍ പറഞ്ഞു. കേസില്‍ കൂടുതല്‍ വാദം കേള്‍ക്കുന്നത് മാര്‍ച്ച് 11-ലേക്ക് മാറ്റി.
പാഠപുസ്‌തകത്തില്‍ അനുചിതമായ ഉള്ളടക്കം കടന്നുകൂടിയതില്‍ എന്‍.സി.ഇ.ആര്‍.ടിയും ക്ഷമാപണം നടത്തി. 'ജുഡീഷ്യറിയിലെ അഴിമതി' എന്ന പാഠഭാഗത്തിലാണ് കേസുകള്‍ കെട്ടിക്കിടക്കുന്നതും ജഡ്‌ജിമാരുടെ എണ്ണക്കുറവും ജുഡീഷ്യറി നേരിടുന്ന വെല്ലുവിളികളാണെന്ന പരാമര്‍ശമടക്കമുള്ള അധ്യായമുള്ളത്. കോടതിയില്‍ മാത്രമല്ല, പുറത്തും ജഡ്‌ജിമാര്‍ പാലിക്കേണ്ട പെരുമാറ്റച്ചട്ടമുണ്ടെന്നും പുസ്‌തകത്തില്‍ പരാമര്‍ശിക്കുന്നു.