-->
ന്യൂഡല്‍ഹി: നീതിന്യായ വിഭാഗത്തിലെ അഴിമതിയെക്കുറിച്ച് എന്‍.സി.ഇ.ആര്‍.ടി. എട്ടാം ക്ലാസിലെ പാഠപുസ്‌തകങ്ങളില്‍ വന്ന പരാമര്‍ശം വിവാദമായതില്‍ അതിന് ഉത്തരവാദികളായവര്‍ മറുപടി പറയേണ്ടി വരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിവാദ ഉള്ളടക്കം നീക്കുമെന്നും ഇത്തരം കാര്യങ്ങള്‍ പുസ്‌തകത്തില്‍ ഉള്‍ക്കൊള്ളിച്ചത് അനുചിതമായെന്നും നേരത്തെ സര്‍ക്കാര്‍ വിലയിരുത്തിയിരുന്നു.
വിവാദ അധ്യായം ഉള്‍പ്പെടുത്തിയതില്‍ വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാനും ഇന്നലെ ഖേദം പ്രകടിപ്പിച്ചു. 'ഞങ്ങള്‍ നീതിന്യായ വ്യവസ്‌ഥയെ ഏറ്റവും ഉയര്‍ന്ന നിലയില്‍ കാണുന്നു. അതിനോട് അനാദരവു കാട്ടാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് യാതൊരു ഉദ്ദേശ്യവുമില്ലായിരുന്നു. ഈ വിഷയം ഞങ്ങള്‍ വളരെ ഗൗരവമായി കാണുന്നു. ഖേദം പ്രകടിപ്പിക്കുന്നു' എന്നായിരുന്നു പ്രധാന്റെ വാക്കുകള്‍.
പുസ്‌തകത്തിലെ 'ജുഡീഷ്യറിയിലെ അഴിമതി' എന്ന ഭാഗത്തെ എതിര്‍ത്ത സുപ്രീം കോടതി സ്‌കൂള്‍ വിദ്യാഭ്യാസ സെക്രട്ടറിക്കും ഡയറക്‌ടര്‍ക്കും കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരുന്നു. കോടതികളുടെ ശ്രേണിയും നീതിന്യായ ലഭ്യതയും വിശദീകരിക്കുന്ന അധ്യായത്തില്‍ അഴിമതിയും കേസ് കെട്ടിക്കിടക്കുന്നതുമൊക്കെ എടുത്തുകാട്ടിയതാണ് കോടതിയെ ചൊടിപ്പിച്ചത്. ജഡ്‌ജിമാര്‍ കോടതിക്ക് അകത്തു മാത്രമല്ല, പുറത്തുള്ള പെരുമാറ്റത്തിലും പെരുമാറ്റച്ചട്ടം പുലര്‍ത്താന്‍ ബാധ്യസ്‌ഥരാണെന്ന് പാഠപുസ്‌തകത്തിലുണ്ടായിരുന്നു.
ജുഡീഷ്യറിയിലെ അഴിമതിയും ദുഷ്‌പെരുമാറ്റവും കോടതിയിലുള്ള പൊതുജനങ്ങളുടെ വിശ്വാസത്തെ പ്രതികൂലമായി ബാധിക്കുമെന്ന് 2025 ജൂലൈയില്‍ മുന്‍ ചീഫ് ജസ്‌റ്റിസ് ബി.ആര്‍. ഗവായി നടത്തിയ പരാമര്‍ശവും പാഠപുസ്‌തകം ഉദ്ധരിച്ചു. തുടര്‍ന്നാണ് വിഷയം കോടതിയുടെ പരിഗണനയ്‌ക്കു വന്നത്.
പുസ്‌തകത്തില്‍ രാഷ്‌ട്രീയക്കാരുടെയും മന്ത്രിമാരുടെയും അന്വേഷണ ഏജന്‍സികളുടെയുമൊക്കെ അഴിമതികള്‍ എന്തുകൊണ്ട് പ്രതിപാദിക്കുന്നില്ലെന്ന ചോദ്യം മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലും ഉയര്‍ത്തിയിരുന്നു.