Wednesday, March 11, 2026 Last Updated 4 Min 29 Sec ago English Edition
Todays E paper
Ads by Google
Thursday 26 Feb 2026 11.34 PM

ബഹിരാകാശത്തുവച്ച്‌ രോഗിയായത്‌ മൈക്ക്‌ ഫിന്‍കെ

വാഷിങ്‌ടണ്‍: രാജ്യാന്തര ബഹിരാകാശ നിലയ(ഐ.എസ്‌.എസ്‌)ത്തില്‍ വച്ച്‌ രോഗം ബാധിച്ച ബഹിരാകാശ യാത്രികന്റെ പേര്‌ നാസ പുറത്തുവിട്ടു. നാസയുടെ മൈക്ക്‌ ഫിന്‍കെ(58)യാണ്‌ രോധബാധിതനായത്‌. അദ്ദേഹത്തിന്റെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന്‌ കഴിഞ്ഞ മാസം ഐ.എസ്‌.എസില്‍നിന്ന്‌ അപൂര്‍വമായ മെഡിക്കല്‍ ഒഴിപ്പിക്കല്‍ നടന്നിരുന്നു.
ഏപ്രില്‍ 11 ന്‌ അവസാനിക്കേണ്ട ദൗത്യമാണു നേരത്തെ തന്നെ അവസാനിപ്പിക്കേണ്ടിവന്നത്‌. എന്നാല്‍ ഫിന്‍കെയുടെ ആരോഗ്യനിലയെക്കുറിച്ചോ നിലവിലെ അവസ്‌ഥയെക്കുറിച്ചോ കൂടുതല്‍ വിവരങ്ങള്‍ പങ്കുവച്ചില്ല. തന്റെ സഹപ്രവര്‍ത്തകരുടെയും മെഡിക്കല്‍ ടീമിന്റെയും പ്രഫഷണലിസത്തിനും സമര്‍പ്പണത്തിനും നന്ദി അറിയിക്കുന്നതായി ഫിന്‍കെ അറിയിച്ചു. ബഹിരാകാശ നിലയത്തില്‍ ലഭ്യമല്ലാത്ത നൂതന മെഡിക്കല്‍ ഇമേജിങ്‌ സൗകര്യങ്ങള്‍ ലഭ്യമാക്കാനാണു മടക്കയാത്ര നേരത്തെയാക്കിയതത്രേ. എന്നാല്‍, അടിയന്തര സാഹചര്യം ഇല്ലായിരുന്നെന്നും നാസ വിശദീകരിച്ചു. ഫിന്‍കെയുടെ ആരോഗ്യനില ഗൗരവമുള്ളതും ഭൂമിയില്‍ കൂടുതല്‍ ചികിത്സ ആവശ്യമുള്ളതുമാണെന്നുമായിരുന്നു നാസ അഡ്‌മിനിസ്‌ട്രേറ്റര്‍ ജാരെഡ്‌ ഐസക്‌മാന്റെ നിലപാട്‌. ഫിന്‍കെയ്‌ക്കൊപ്പം സംഘത്തില്‍ റഷ്യയുടെ ഒലെഗ്‌ പ്ലാറ്റനോവ്‌ , നാസയുടെ സിയോണ കാര്‍ഡ്‌മാന്‍, ജപ്പാന്‍ സ്‌പേസ്‌ ഏജന്‍സിയുടെ കിമിയ യൂയി എന്നിവരും ഉണ്ടായിരുന്നു. അവര്‍ ജനുവരി 15 ന്‌ കാലിഫോര്‍ണിയയിലെ സാന്‍ ഡിയാഗോ തീരത്ത്‌ തിരിച്ചെത്തി.
'ഞാന്‍ വളരെ സുഖമായിരിക്കുന്നു, ഹൂസ്‌റ്റണിലെ നാസയുടെ ജോണ്‍സണ്‍ ബഹിരാകാശ കേന്ദ്രത്തില്‍ പതിവ്‌ ഫൈ്ലറ്റ്‌ റീകണ്ടീഷനിങ്‌ തുടരുകയാണ്‌' - ഫിന്‍കെ അറിയിച്ചു. കഴിഞ്ഞ വര്‍ഷം ഓഗസ്‌റ്റ്‌ ഒന്നിനാണ്‌ ഫിന്‍കെ അടക്കമുള്ളവര്‍ ഐ.എസ്‌.എസില്‍ എത്തിയത്‌. ഫെബ്രുവരി അവസാനം അവരുടെ മടക്കം പ്രതീക്ഷിച്ചിരുന്നു. നാസ മെഡിക്കല്‍ അടിയന്തരാവസ്‌ഥയെക്കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ വിസമ്മതിച്ചിരുന്നു. പക്ഷേ, രോഗി താനായിരുന്നെന്നു ഭൂമിയില്‍ തിരിച്ചെത്തിയതിന്‌ ശേഷമുള്ള ആദ്യത്തെ പൊതു സംവാദത്തിനിടെ ഫിന്‍കെ ഒരു സൂചന നല്‍കിയിരുന്നു. പ്രതിസന്ധി ഘട്ടത്തില്‍ ഒരു പ്രത്യേക ഉപകരണം വളരെ സഹായകമായിരുന്നു എന്നാണ്‌ അദ്ദേഹം പറഞ്ഞത്‌. 'ഒരു പോര്‍ട്ടബിള്‍ അള്‍ട്രാസൗണ്ട്‌ മെഷീന്‍ ഈ സാഹചര്യത്തില്‍ ഞങ്ങളെ സഹായിച്ചു, ഞങ്ങള്‍ക്ക്‌ ലഭ്യമല്ലാത്ത കാര്യങ്ങള്‍ പരിശോധിക്കാന്‍ അത്‌ ഉപകരിച്ചു'- അദ്ദേഹം വിശദീകരിച്ചു. മെഡിക്കല്‍ അടിയന്തരാവസ്‌ഥയെക്കുറിച്ച്‌ അദ്ദേഹം കൂടുതല്‍ വിശദീകരിച്ചില്ലെങ്കിലും, അള്‍ട്രാസൗണ്ട്‌ ഉപയോഗിച്ചത്‌ രണ്ട്‌ സാധ്യതകളാണുള്ളത്‌. ഒന്നാമതായി, ഭാരമില്ലാത്ത അവസ്‌ഥയില്‍ യാത്രികരുടെ ഹൃദയ സംവിധാനങ്ങളുടെ പ്രവര്‍ത്തനം പരിശോധിക്കാന്‍ അള്‍ട്രാസൗണ്ട്‌ സ്‌കാനുകള്‍ പലപ്പോഴും ഉപയോഗിക്കാറുണ്ട്‌. ബഹിരാകാശത്ത്‌ അള്‍ട്രാസൗണ്ടിന്റെ മറ്റൊരു പ്രധാന ഉപയോഗം യാത്രികരുടെ കണ്ണിന്റെ ആരോഗ്യം നിരീക്ഷിക്കുക എന്നതാണ്‌.
നിരവധി മെഡിക്കല്‍ കേസുകളില്‍ സാധാരണ പരിശോധനയ്‌ക്കും അള്‍ട്രാസൗണ്ട്‌ ഉപയോഗിക്കാം. 2011 മുതല്‍ ഐ.എസ്‌.എസില്‍ അള്‍ട്രാസൗണ്ട്‌ 2' എന്നറിയപ്പെടുന്ന ഒരു പരിഷ്‌കരിച്ച അള്‍ട്രാസൗണ്ട്‌ മെഷീന്‍ ഉണ്ടായിരുന്നു. ഇത്‌ ബയോമെഡിക്കല്‍ ഗവേഷണത്തിനും പതിവ്‌ ആരോഗ്യ പരിശോധനകള്‍ക്കും ഉപയോഗിക്കുന്നു. ഭൂമിയുടെ ഗുരുത്വാകര്‍ഷണം നാമഗാത്രമായ അവസ്‌ഥയില്‍, രക്‌തം കാലുകളില്‍നിന്ന്‌ തലയിലേക്കും നെഞ്ചിലേക്കും ഒഴുകിപ്പരക്കും. ഇത്‌ രക്‌തം കട്ടപിടിക്കാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു, ഇത്‌ ഹൃദയത്തിലോ ശ്വാസകോശത്തിലോ എത്തുകയാണെങ്കില്‍ ജീവന്‍ അപകടപ്പെടുത്താം.2020ല്‍, ഒരു നാസ യാത്രികന്‌ ബഹിരാകാശയാത്രയ്‌ക്കിടെ രക്‌തം കട്ടപിടിക്കല്‍ സംഭവിച്ചിരുന്നു. അതു ബഹിരാകാശത്തുവച്ചുതന്നെ ചികിത്സിക്കുകയായിരുന്നു.

Ads by Google
Thursday 26 Feb 2026 11.34 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW