-->
മുംബൈ: വിമാന ടിക്കറ്റ് ബുക്കിങ്ങില്‍ ഒട്ടേറെ ഇളവുകളുമായി ഡയറക്‌ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ). എയര്‍ലൈന്‍ വെബ്‌സൈറ്റിലൂടെ നേരിട്ട് ടിക്കറ്റ് ബുക്ക്‌ചെയ്യുന്ന യാത്രക്കാര്‍ക്ക് 48 മണിക്കൂറിനുള്ളില്‍ കാന്‍സലേഷന്‍ ഫീസ് ഇല്ലാതെ ബുക്കിങ് റദ്ദാക്കാനോ മാറ്റിയെടുക്കാനോ കഴിയും. ഇതടക്കമുള്ള പരിഷ്‌കരിച്ച ചട്ടങ്ങള്‍ മാര്‍ച്ച് 26 മുതല്‍ പ്രാബല്യത്തില്‍ വരും.
പക്ഷേ, ബുക്കിങ് റദ്ദാക്കല്‍ ആഭ്യന്തര യാത്രാതീയതിയില്‍നിന്ന് കുറഞ്ഞത് ഏഴ് ദിവസവും രാജ്യാന്തര യാത്രയ്‌ക്ക് 15 ദിവസവും മുമ്പ് ആയിരിക്കണം. ട്രാവല്‍ ഏജന്റുമാര്‍ വഴിയോ ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ വഴിയോ നടത്തുന്ന ബുക്കിങ്ങുകള്‍ക്ക് ഈ 48 മണിക്കൂര്‍ ഇളവ് ലഭ്യമല്ല. യാത്രക്കാരുടെ പേര് തിരുത്തലും ലളിതമാക്കി. ബുക്കിങ് കഴിഞ്ഞ് 24 മണിക്കൂറിനുള്ളില്‍ പിശക് റിപ്പോര്‍ട്ട് ചെയ്‌താല്‍ അതിന് പിഴ ഈടാക്കില്ല. എയര്‍ലൈനില്‍ നിന്ന് ടിക്കറ്റ് നേരിട്ട് വാങ്ങിയതാണെങ്കില്‍ മാത്രമാണ് ഈ ഇളവ്.
റീഫണ്ടുകളിലും പരിഷ്‌കാരം കൊണ്ടുവന്നു. ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകള്‍ക്ക് എയര്‍ലൈനുകള്‍ ഏഴ് ദിവസത്തിനുള്ളില്‍ റീഫണ്ടുകള്‍ പ്രോസസ് ചെയ്യണം. എയര്‍ലൈന്‍ ഓഫീസുകളില്‍ നിന്ന് പണമായി വാങ്ങിയ ടിക്കറ്റുകള്‍ക്ക് റീഫണ്ടുകള്‍ ഉടന്‍ നല്‍കണം. കൂടാതെ, അടിസ്‌ഥാന നികുതികളും പാസഞ്ചര്‍ സര്‍വീസ് ചാര്‍ജുകളും റീഫണ്ട് ചെയ്യാന്‍ എയര്‍ലൈനുകള്‍ ബാധ്യസ്‌ഥരാണ്. ട്രാവല്‍ ഏജന്റ് വഴി ബുക്ക് ചെയ്‌ത ടിക്കറ്റ് റദ്ദാക്കിയാല്‍, റീഫണ്ട് പ്രക്രിയ 14 പ്രവൃത്തി ദിവസങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തിയാക്കുന്നുവെന്ന് എയര്‍ലൈന്‍ ഉറപ്പാക്കണം.
റീഫണ്ടുകള്‍ പ്രോസസ് ചെയ്യാന്‍ അധിക ഫീസ് ഈടാക്കരുതെന്നും വിമാനക്കമ്പനികളോട് നിര്‍ദേശിച്ചിട്ടുണ്ട്. ഒരേ ബുക്കിങ്ങിലുള്ള ഒരു യാത്രക്കാരനോ കുടുംബാംഗമോ വൈദ്യചികിത്സാ പ്രശ്‌നം നേരിട്ടാല്‍, എയര്‍ലൈനുകള്‍ പൂര്‍ണമായ റീഫണ്ട് നല്‍കണം. എയര്‍ലൈനിന്റെ എയ്‌റോസ്‌പേസ് മെഡിസിന്‍ സ്‌പെഷലിസ്‌റ്റില്‍ നിന്നോ ഡി.ജി.സി.എ. എംപാനല്‍ ചെയ്‌ത എയ്‌റോസ്‌പേസ് മെഡിസിന്‍ സ്‌പെഷലിസ്‌റ്റില്‍ നിന്നോ യാത്രക്കാരന്റെ യാത്രാ യോഗ്യതാ സര്‍ട്ടിഫിക്കറ്റ് സംബന്ധിച്ച് അഭിപ്രായം ലഭിച്ചാല്‍ റീഫണ്ടുകള്‍ നല്‍കുമെന്നും ഉത്തരവില്‍ പറയുന്നു.