-->
കഴിഞ്ഞ രണ്ടു ദിവസങ്ങളായി വാര്‍ത്താമാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും നിറഞ്ഞു നില്‍ക്കുന്നൊരു വാര്‍ത്തയാണ് കണ്ണൂരില്‍ കെ.എസ്.യു പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണ ജോര്‍ജിന് പരിക്കേറ്റത്. കണ്ണൂരില്‍ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനച്ചടങ്ങിന് എത്തിയതായിരുന്നു ആരോഗ്യമന്ത്രി. കല്യാട് അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണകേന്ദ്രം ഉള്‍പ്പെടെയുള്ള ഉദ്ഘാടനച്ചടങ്ങുകളില്‍ പങ്കെടുത്ത് വന്ദേഭാരത് എക്‌സ്പ്രസില്‍ മടങ്ങാനായി ബുധന്‍ പകല്‍ 3.15 ന് കണ്ണൂര്‍ റെയില്‍ സ്റ്റേഷനിലെത്തിയപ്പോഴാണ് കെ.എസ്.യു പ്രവര്‍ത്തകരുടെ ആക്രമണം ഉണ്ടായത്. പ്ലാറ്റ്‌ഫോമിലേക്ക് നടക്കുമ്പോഴാണ് മന്ത്രി ആക്രമിക്കപ്പെട്ടത്.
എന്നാല്‍ ഈ വാര്‍ത്തയും ദൃശ്യങ്ങളും വന്നതിനു പിന്നാലെ മന്ത്രി വീണ ജോര്‍ജിനെ പരിഹസിച്ചും ട്രോളിയും നിരവധി സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ നിറയുന്നുണ്ട്. വെറും അഭിനയം മാത്രമാണിതെന്നും കെഎസ്‌യു പ്രവർത്തകർ മന്ത്രിയുടെ സമീപത്തുപോലും എത്തിയിട്ടില്ലെന്നതുമടക്കം എതിര്‍ രാഷ്ട്രീയപാര്‍ട്ടികള്‍ പറയുന്നുണ്ട്.
ഇപ്പോഴിതാ ആരോഗ്യമന്ത്രി വീണ ജോര്‍ജിന് പരിക്കേറ്റ സംഭവത്തില്‍ ഫെയ്‌സ്ബുക്ക് പോസ്റ്റുമായി നടനും സംവിധായകനുമായ ജോയ് മാത്യു. എ ഐ വന്നതോടെ അഭിനേതാക്കള്‍ നേരിടുന്ന വെല്ലുവിളികള്‍ ഏറെയാണ്. എങ്കിലും മികച്ച അഭിനേതാക്കളുടെ കടന്ന് വരവ് സിനിമയ്ക്ക് കൂടുതല്‍ പ്രതീക്ഷകള്‍ നല്‍കുന്നു എന്നാണ് താരം ഫെയ്സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.
‘‘എ ഐ വന്നതോടെ അഭിനേതാക്കൾ നേരിടുന്ന വെല്ലുവിളികൾ ഏറെയാണ്. എങ്കിലും മികച്ച അഭിനേതാക്കളുടെ കടന്ന് വരവ് സിനിമയ്ക്ക് കൂടുതൽ പ്രതീക്ഷകൾ നൽകുന്നു. അപ്രതീക്ഷിതമായ വേദികളിലൂടെ മികച്ച അഭിനേതാക്കൾ പെട്ടെന്ന് കടന്നുവരുന്നത് നിലവിലുള്ളവർക്ക് വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട് എന്നത് യാഥാർത്ഥ്യമാണ്. എങ്കിലും പ്രതിഭകളെ അംഗീകരിക്കേണ്ടതാണ്. മാറാത്തത് ഒന്നുമാത്രം ക്യാമറ എടുത്ത ദൃശ്യങ്ങൾ എന്ന് മാർക്സ്... എന്നും മികച്ച അഭിനേതാക്കൾക്കൊപ്പം...നാടകം വളരട്ടെ...’’ എന്നാണ് ജോയ് മാത്യുവിന്റെ പോസ്റ്റ്.
നിരവധി പേര്‍ ജോയ് മാത്യുവിന്റെ പോസ്റ്റിനെ പിന്തുണച്ചും ചിലരൊക്കെ വിമര്‍ശിച്ചും കമന്റുകള്‍ കുറിക്കുന്നുണ്ട്. ‘അഭിനയം സൂപ്പർ പക്ഷേ സിനിമ പരാജയം, പതിവ് പോലെ എന്റെ അഭിനയം കലക്കി, പക്ഷെ പടം എട്ടു നിലയിൽ പൊട്ടും, ഒരു സീറ്റ് ഒപ്പിക്കാൻ ഉള്ള പെടാപ്പാട്...’ എന്ന് പിന്തുണയ്ക്കുന്നവരും ‘സിടിവിയും ക്യാമറയും ഇല്ലാത്ത ഒരു ഇടത്ത് വച്ചു ജോയി മാത്യുനും ഒരു ദിവസം ആരുടെയെങ്കിലും കയ്യിന്നു അടി വീഴും അപ്പോൾ മനസ്സിലാകും ഊളെ അഭിനയം ആണോ അല്ലേ എന്ന്, താൻ പടമില്ലാതെ വീട്ടിലിരിക്കുന്നതിന് എഐ യുടെ നെഞ്ചത്ത് കേറിക്കോ, പരിഹാസം ഉച്ചസ്ഥായിയിൽ....’ എന്നതടക്കം പ്രതികൂല കമന്റുകളുമുണ്ട്.
ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരെ കണ്ണൂരിലുണ്ടായ കെഎസ്യു ആക്രമണം കോണ്‍ഗ്രസിന്റെ ഹീനരാഷ്ട്രീയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലുണ്ടായത് ഏതെങ്കിലും പ്രതിഷേധ പ്രകടനമല്ല, ഒരുകൂട്ടം അക്രമികളുടെ വിളയാട്ടമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
എന്നാല്‍ ആരോഗ്യ മന്ത്രി വീണാ ജോർജിനു ചികിത്സ നൽകുന്നതു തുടരാൻ മെഡിക്കൽ ബോർഡ് തീരുമാനിച്ചിട്ടുണ്ട്. കഴുത്തിലേറ്റ ക്ഷതത്തിന്റെ ഭാഗമായി വലതു കയ്യിലേക്കും തലയുടെ പിൻഭാഗത്തേക്കും പടരുന്ന വിധത്തിലുള്ള കടുത്ത വേദനയ്ക്ക് ഇപ്പോഴത്തെ ചികിത്സയിലൂടെ നേരിയ ആശ്വാസം ലഭിച്ചെന്നും മെഡിക്കൽ ബോർഡിന്റെ റിപ്പോര്‍ട്ടിലുണ്ട്. ഉയർന്ന രക്ത സമ്മർദം നിയന്ത്രണ വിധേയമായിട്ടുണ്ടെന്നും നിരന്തര നിരീക്ഷണം ആവശ്യമുള്ളതിനാൽ ഐസിയുവിൽ തന്നെ ചികിത്സ തുടരാൻ തീരുമാനിച്ചിട്ടുണ്ടെന്നുമാണ് റിപ്പോര്‍ട്ട്.
എന്നാല്‍ കെഎസ്‌യു പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണാ ജോർജ് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽവച്ച് ആക്രമിക്കപ്പെട്ടുവെന്നത് വെറും അഭിനയം മാത്രമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറയുന്നത്. കെഎസ്‌യു പ്രവർത്തകർ മന്ത്രിയുടെ സമീപത്തുപോലും എത്തിയിട്ടില്ല. റെയിൽവേ പൊലീസ് നടത്തിയ അന്വേഷണത്തിൽ, അക്രമം നടന്നതിനു യാതൊരു തെളിവുമില്ലെന്നും മന്ത്രിയുടെ കയ്യിലുണ്ടെന്ന് പറയുന്ന പരുക്ക് രണ്ട് ദിവസം മുമ്പുള്ള വിവിധ പരിപാടികളുടെ ചിത്രങ്ങളിലും കാണാമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. സംഭവത്തിനു ദൃക്സാക്ഷിയല്ലാത്ത സ്പീക്കർ ഇത്തരമൊരു ഗൂഢാലോചനയിൽ പങ്കാളിയാകാൻ പാടില്ലായിരുന്നെന്നും സതീശൻ പറഞ്ഞു. മന്ത്രിയെ ആക്രമിക്കുന്നതിന്റെ തെളിവ് ഹാജരാക്കിയാൽ ഒരു പവൻ സ്വർണം സമ്മാനം നൽകുമെന്ന് യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റി പ്രഖ്യാപിച്ചിട്ടുമുണ്ട്.