-->
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മാധ്യമങ്ങളില്‍ നിറയുന്നത് ശബരിമലയിലെ സ്വര്‍ണ്ണപ്പാളി വിവാദമാണ്. ശബരിമല ദ്വാരപാലക ശിൽപ്പങ്ങളിൽ വിജയ് മല്യ 1998-99 കാലത്ത് സ്വർണ്ണം പൂശി നൽകിയെന്നായിരുന്നു കേട്ടറിവുകള്‍. എന്നാല്‍ ഏകദേശം 30 കിലോ സ്വർണ്ണം പൂശിയ പാളികൾ 20 വർഷത്തിനുശേഷം 2019-ൽ അറ്റകുറ്റപ്പണികൾക്കായി ഇളക്കിമാറ്റിയപ്പോൾ ചെമ്പ് പാളികളായി മാറിയതാണ് വിവാദമായത്. വിവാദം കത്തിപര്‍ന്നതോടെ ഓരോ ദിവസവും പുതിയ വഴിത്തിരിവുകളും പ്രതികളുമൊക്കെ കേസിലേക്ക് വരുകയും ചെയ്യുന്നുണ്ട്.
ഇപ്പോഴിതാ വിവാദം ആളിക്കത്തുന്നതിനിടെ ശബരിമലയിലെ സ്വർണ്ണപ്പാളി വിഷയത്തില്‍ സർക്കാരിനെ പരിഹസിച്ച് പോസ്റ്റ് പങ്കിടുകയാണ് നടൻ ജോയ് മാത്യു . ദ്വാരപാലകർ എന്നത് നമ്മുടെ മന്ത്രി മനസ്സിലാക്കിയത് ദ്വാരത്തിനു കാവല്‍ നില്‍ക്കുന്നവർ എന്നായിരിക്കാമെന്നും അപ്പോള്‍ പിന്നെ ചെയ്യാവുന്നത് ദ്വാരം അവിടെ നിലനിർത്തി ബാക്കിയൊക്കെ എടുക്കുക തന്നെയാണെന്നും താരം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
‘‘ദ്വാരപാലകർ എന്നത് നമ്മുടെ മന്ത്രി മനസ്സിലാക്കിയത് ദ്വാരത്തിനു കാവൽ നിൽക്കുന്നവർ എന്നായിരിക്കാം...അപ്പോൾ പിന്നെ ചെയ്യാവുന്നത് ദ്വാരം അവിടെ നിലനിർത്തി ബാക്കിയൊക്കെ എടുക്കുക തന്നെ...’’ എന്നാണ് ചിരിച്ചു കൊണ്ടുള്ള ഇമോജി സഹിതം ജോയ് മാത്യൂ കുറിച്ചത്. പോസ്റ്റിനു താഴെ നിരവധി പേര്‍ അനുകൂലിച്ചും പിന്തുണച്ചും കമന്റുകള്‍ കുറിക്കുന്നുണ്ട്.
https://www.facebook.com/story.php?story_fbid=1353896402764217&id=100044316105243&rdid=FYMhaiTKMiohhkws#
അതേസമയം സ്വർണം നഷ്ടപ്പെട്ട സംഭവത്തില്‍ ആദ്യ നടപടിയെടുത്തിട്ടുണ്ട്. ഹരിപ്പാട് ഡെപ്യൂട്ടി ദേവസ്വം കമ്മീഷണർ ബി മുരാരി ബാബുവിനെ തിരുവിതാംകൂർ ദേവസ്വം ബോർഡ് (ടിഡിബി) സസ്‌പെൻഡ് ചെയ്തു. 2019 ജൂണ്‍ 17 ന് മുരാരി ബാബു ശബരിമലയില്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായി സേവനമനുഷ്ഠിച്ചപ്പോഴാണ് സംഭവം നടന്നതെന്ന് ബോർഡ് പറഞ്ഞു. ആ ദിവസം, ശ്രീകോവിലിന്റെ ഇരുവശത്തുമുള്ള സ്വർണ്ണം പൂശിയ ദ്വാരപാലക വിഗ്രഹങ്ങളെ, ചെമ്പ് ഷീറ്റുകളായി തെറ്റായി രേഖപ്പെടുത്തി ശബരിമല എക്സിക്യൂട്ടീവ് ഓഫീസർക്ക് റിപ്പോർട്ട് സമർപ്പിച്ചു. ഈ പിഴവ് ‘ഗുരുതരമായ വീഴ്ച’ ആണെന്നും വിശദമായ അന്വേഷണം വരെ ബാബു സസ്‌പെൻഷനില്‍ തുടരുമെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് അറിയിച്ചു
സ്വര്‍ണപ്പാളി വിവാദത്തില്‍ മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ മുരാരി ബാബുവിനെതിരെ തന്ത്രി കണ്ഠര് രാജീവരും രംഗത്തെത്തിയിട്ടുണ്ട്. ദ്വാരപാലക ശില്‍പ്പങ്ങളില്‍ സ്വര്‍ണം മങ്ങിയെന്ന് പറഞ്ഞ് മുരാരി ബാബു തന്നെ തെറ്റിദ്ധരിപ്പിച്ചെന്നാണ് തന്ത്രി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് നല്‍കിയ കുറിപ്പില്‍ പറയുന്നത്.
‘‘അടിഭാഗത്ത് മാത്രമാണ് കുറച്ചു മങ്ങല്‍ വന്നത്. ശബരിമലയില്‍ വച്ച് അറ്റകുറ്റപ്പണി നടത്താനാണ് ഞാൻ അനുമതി കൊടുത്തത്. തന്ത്രി എന്ന നിലയില്‍ ചെന്നൈയില്‍ കൊണ്ടുപോകാൻ അനുമതി കൊടുത്തിരുന്നില്ല. സ്വർണം പൂശാൻ കൊണ്ടുപോയത് എന്റെ അനുമതി വാങ്ങാതെയാണ്. ഇപ്പോഴും സ്വർണം പൂശുന്നതിനായി ചെന്നൈയില്‍ കൊണ്ടുപോയത് എന്റെ അനുമതി ഇല്ലാതെയാണ്. കൂടാതെ എല്ലാം സ്വർണം തന്നെയാണ്, ചെമ്പല്ല. ഞാന്‍ നല്‍കിയ കത്തുകളില്‍ എല്ലാം സ്വർണ്ണം എന്നാണ് എഴുതിയിരിക്കുന്നത്...’’ എന്നാണ് തന്ത്രി കണ്ഠരര് പറഞ്ഞത്. സംഭവത്തില്‍ മുരാരി ബാബുവിനെ സസ്പെൻഡ് ചെയ്തിട്ടുണ്ട്.