-->
മലയാളികളുടെ പ്രിയപ്പെട്ട യുവതാരങ്ങളിലൊരാളാണ് ഷറഫുദ്ദീൻ. ‘പ്രേമ’ത്തിലെ ഗിരിരാജന്‍ കോഴി എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ മനസ്സിലിടം നേടിയെടുത്ത താരം പിന്നീടിങ്ങോട്ട് സഹനായക വേഷങ്ങളിലും നായകവേഷങ്ങളിലുമടക്കം തിളങ്ങി. ഓരോ സിനിമകൾ കഴിയുന്തോറും ട്രാക്ക് മാറ്റുന്ന ഷറഫുദ്ദീന്റെ സിനിമകള്‍ കാണാന്‍ കാത്തിരിക്കുന്നത് യുവാക്കള്‍ മാത്രമല്ല, ഫാമിലി ഓഡിയന്‍സും കുട്ടികളുമാണ്. ‘പെറ്റ് ഡിറ്റക്ടീവ്’ എന്ന ചിത്രത്തിലൂടെ നിര്‍മ്മാതാവിന്റെ കുപ്പായവുമണിഞ്ഞ താരം മലയാളസിനിമയിലിപ്പോള്‍ നിറസാന്നിധ്യമാണ്.
ബി. ഉണ്ണിക്കൃഷ്ണന്‍ സംവിധാനം ചെയ്യുന്ന, നിവിന്‍ പോളി നായകനാകുന്ന പുതിയ ചിത്രമായ ‘പ്രതിച്ഛായ’യില്‍ ഷറഫുദ്ദീൻ ഒരു ശക്തമായ രാഷ്ട്രീയ വില്ലനായി എത്തുന്നു എന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നിവിൻ പോളിക്കൊപ്പം ബാലചന്ദ്രമേനോനും കേന്ദ്രകഥാപാത്രമായി എത്തുന്ന ചിത്രത്തില്‍ വില്ലന്‍ വേഷത്തിലെത്തുന്ന ഷറഫുദ്ദീനെ കാത്തിരിക്കുകയായിരുന്നു ആരാധകര്‍.
ഇപ്പോഴിതാ ‘പ്രതിച്ഛായ’യിലെ തന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പങ്കിടുകയാണ് ഷറഫുദ്ദീന്‍. കണ്ണടയും ഖദറും ധരിച്ച് വില്ലനിസം ലുക്കിലാണ് താരത്തെ പോസ്റ്ററിൽ കാണാനാവുക. ‘‘എല്ലാ ചിത്രങ്ങളും സത്യം പറയുന്നില്ല. ചിലത് അപകടകരമായ ഒരു വിധി മറച്ചുവെക്കുന്നു...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് ഷറഫുദ്ദീന്‍ പോസ്റ്റര്‍ പങ്കിട്ടിരിക്കുന്നത്. വലിയ സ്വീകാര്യതയാണ് ഷറഫുദ്ദീന്റെ പോസ്റ്റിന് കിട്ടിക്കൊണ്ടിരിക്കുന്നത്. സഹതാരങ്ങളും ആരാധകരുമടക്കം നിരവധി പേര്‍ ആശംസയും സ്നേഹവും കമന്റുകളിലൂടെ കുറിക്കുന്നുണ്ട്.
രണ്ട് ചിത്രങ്ങളുടെ ഇടവേളയ്ക്ക് ശേഷം ബി. ഉണ്ണിക്കൃഷ്ണന്‍ തിരക്കഥാ രചനയിലേക്ക് വരുന്ന ചിത്രം കൂടിയാണ് ‘പ്രതിച്ഛായ’. ഇക്കഴിഞ്ഞ ദിവസമാണ് ഈ സിനിമയുടെ ട്രെയിലര്‍ ലോഞ്ച് മോഹന്‍ലാല്‍ ചെയ്തത്. വലിയ ആവേശത്തോടെ പ്രേക്ഷകര്‍ ഏറ്റെടുത്ത ട്രെയിലർ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സമകാലിക രാഷ്ട്രീയത്തിലെ ഉള്ളുകളികളിലേക്ക് വെളിച്ചം വീശുന്ന പ്രമേയമാണ് സിനിമയുടേതെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. നേരിട്ടു രാഷ്ട്രീയം പറയുന്ന സംഭാഷണങ്ങളാണ് ട്രെയിലറിൽ കാണുന്നത്. കേരളം ഏറെ ചർച്ചചെയ്ത പല വിവാദങ്ങളും ട്രെയിലറിൽ കാണാം. കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ച പല സംഭവവികാസങ്ങളും ഉമ്മൻചാണ്ടിക്കാലത്ത് കേരളത്തെ പിടിച്ചുലച്ച സെക്രട്ടേറിയേറ്റ് വളയൽ സമരത്തിന്റെ റഫറൻസുള്ള ദൃശ്യങ്ങളും ട്രെയിലറിൽ കാണാം. തെരഞ്ഞെടുപ്പ് അടുത്ത സമയത്ത് അടിമുടി രാഷ്ട്രീയം ചർച്ചചെയ്യുന്ന സിനിമ റിലീസ് ആവുന്നത് രാഷ്ട്രീയ വൃത്തങ്ങളിലും ശ്രദ്ധ നേടിയിട്ടുണ്ട്. സിനിമ ജീവിതത്തിന്റെ അമ്പതാം വർഷത്തിൽ ബാലചന്ദ്രമേനോൻ അതിശക്തമായ കഥാപാത്രവുമായി തിരിച്ചെത്തുന്നു എന്നതും ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്.
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനും ആർ.ഡി ഇലുമിനേഷൻസ് എൽഎൽപിയുമാണ് ചിത്രം നിർമ്മിക്കുന്നത്. ഏറെ നാളുകളായി മലയാള സിനിമയിൽ കാണാത്ത പൊളിറ്റിക്കൽ ഡ്രാമ ഗണത്തിലാണ് ഈ ചിത്രം ഒരുങ്ങിയിരിക്കുന്നത്. പെരുന്നാൾ റിലീസായി ചിത്രം തീയ്യേറ്ററുകളിലെത്തുമെന്നാണ് സൂചന.