-->
ഹുബളളി: കര്‍ണാടകയ്‌ക്കെതിരേ നടക്കുന്ന രഞ്‌ജി ട്രോഫി ക്രിക്കറ്റ് ഫൈനലില്‍ ജമ്മു കശ്‌മീര്‍ കൂറ്റന്‍ സ്‌കോറില്‍. രണ്ടാം ദിവസം കളി നിര്‍ത്തുമ്പോള്‍ അവര്‍ ആറിന് 527 റണ്ണെന്ന നിലയിലാണ്‌്.
93 പന്തില്‍ 57 റണ്ണെടുത്ത സാഹില്‍ ലോത്രയും 20 റണ്ണെടുത്ത അബിദ് മുഷ്‌താഖുമാണു ക്രീസില്‍. രണ്ടിന് 284 റണ്ണെന്ന നിലയിലാണ് ജമ്മു രണ്ടാം ദിവസം തുടര്‍ന്നത്. ശുഭം പുണ്ടീര്‍ (247 പന്തില്‍ രണ്ട് സിക്‌സറും 12 ഫോറുമടക്കം പുറത്താകാതെ 121) രാവിലെ തന്നെ പുറത്തായി. റിട്ടയേഡ് ഹര്‍ട്ടായിരുന്ന നായകന്‍ പരാസ് ദോഗ്ര തിരിച്ചു വന്ന് അര്‍ധ സെഞ്ചുറിയടിച്ചു. 166 പന്തുകളില്‍ 70 റണ്ണെടുത്താണു പരാഗ് മടങ്ങിയത്. പകരക്കാരന്‍ ഫീല്‍ഡര്‍ കെ.വി. അനീഷിന്റെ ഹെല്‍മറ്റില്‍ തല കൊണ്ടിടിച്ച് വിവാദമുണ്ടാക്കിയ ശേഷമാണു ജമ്മു നായകന്‍ മടങ്ങിയത്.
വെറ്ററന്‍ താരം മായങ്ക് അഗര്‍വാളും നായകന്‍ ദേവദത്ത് പടിക്കലും ഇടപെട്ടാണു രംഗം ശാന്തമാക്കിയത്. ദേവദത്ത് പടിക്കല്‍ അമ്പയര്‍മാര്‍ക്കു നല്‍കിയ പരാതി പ്രകാരം ബി.സി.സി.ഐ. മാച്ച് റഫറി നാരായണന്‍ കുട്ടി നടപടിയെടുക്കുമെന്നാണു സൂചന. ഓപ്പണര്‍ യെവര്‍ ഹസന്‍ (150 പന്തില്‍ 88) ഒന്നാം ദിവസം തന്നെ അര്‍ധ സെഞ്ചുറിയടിച്ചു മടങ്ങിയിരുന്നു. കന്നി ഫസ്‌റ്റ് ക്ലാസ് അര്‍ധ സെഞ്ചുറി കുറിച്ച യാവറിനെ പ്രസിദ്ധ കൃഷ്‌ണയുടെ പന്തില്‍ ലോകേഷ് രാഹുല്‍ പിടികൂടി.
അബ്‌ദുള്‍ സമദ് (104 പന്തില്‍ ഒരു സിക്‌സറും ആറ് ഫോറുമടക്കം 61), കനയ്യ വാധ്‌വാന്‍ (109 പന്തില്‍ 70), സാഹില്‍ ലോത്ര എന്നിവര്‍ ഇന്നലെ അര്‍ധ സെഞ്ചുറിയടിച്ചു. കര്‍ണാടകയ്‌ക്കായി പ്രസിദ്ധ കൃഷ്‌ണ മൂന്ന് വിക്കറ്റെടുത്തു. വിദ്യാധര്‍ പാട്ടീല്‍, ശ്രേയസ് ഗോപാല്‍, ശിഖര്‍ ഷെട്ടി എന്നിവര്‍ ഒരു വിക്കറ്റ് വീതമെടുത്തു. ജമ്മു കശ്‌മീരിന്റെ കന്നി രഞ്‌ജി ഫൈനലാണിത്. 14 തവണ ഫൈനലില്‍ കളിച്ച കര്‍ണാടക എട്ട് തവണ ജേതാക്കളായി.