-->
കൊളംബോ: ശ്രീലങ്കയെ 61 റണ്ണിനു തോല്‍പ്പിച്ച് ന്യൂസിലന്‍ഡ് ട്വന്റി20 ക്രിക്കറ്റ് ലോകകപ്പ് സെമി ഫൈനലിലേക്ക് ഒരു ചുവട് വച്ചു. ആദ്യം ബാറ്റ് ചെയ്‌ത ന്യൂസിലന്‍ഡ് ഏഴ് വിക്കറ്റിന് 168 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്‌ത ശ്രീലങ്കയ്‌ക്ക് ്‌എട്ട് വിക്കറ്റിന് 107 റണ്ണെടുക്കാനെ കഴിഞ്ഞുള്ളു.
സൂപ്പര്‍ എട്ട് ഗ്രൂപ്പ് 2 വിലെ രണ്ട് മത്സരങ്ങളും തോറ്റതോടെ ലങ്ക പുറത്തായി. ന്യൂസിലന്‍ഡിന്റെ ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു. നാല് ഓവറില്‍ 27 റണ്‍ വഴങ്ങി നാല് വിക്കറ്റെടുത്ത ഇടംകൈയന്‍ സ്‌പിന്നര്‍ റാചിന്‍ രവീന്ദ്രയാണു ലങ്കയെ സ്വന്തം തട്ടകത്തില്‍ തകര്‍ത്തത്. മാറ്റ് ഹെന്റി രണ്ട് വിക്കറ്റും നായകന്‍ മിച്ചല്‍ സാന്റ്‌നര്‍, ഗ്ലെന്‍ ഫിലിപ്‌സ് എന്നിവര്‍ ഒരു വിക്കറ്റ് വീതവുമെടുത്തു.
മാറ്റ് ഹെന്റിയെറിഞ്ഞ ആദ്യ ഓവറിലെ ആദ്യ പന്തില്‍ തന്നെ പാതും നിസങ്ക പുറത്തായി. ചരിത അസാലങ്ക (അഞ്ച്), കുശല്‍ മെന്‍ഡിസ് (11), പവന്‍ രത്നനായകെ (10), നായകന്‍ ദാസുന്‍ ശനക (മൂന്ന്) എന്നിവര്‍ ക്ഷണത്തില്‍ മടങ്ങി. ഓപ്പണര്‍ കുശല്‍ മെന്‍ഡിസിനെയും (11) പവനെയും അടുത്തടുത്ത പന്തുകളില്‍ പുറത്താക്കി രവീന്ദ്ര ആഞ്ഞടിച്ചു. രണ്ട് പേരെയും വിക്കറ്റ് കീപ്പര്‍ ടിം സീഫര്‍ട്ട് സ്‌റ്റമ്പ് ചെയ്‌തു. അതോടെ നാലിന് 29 റണ്ണെന്നു തകര്‍ന്ന ലങ്കയ്‌ക്കു തിരിച്ചു വരാനായില്ല.
23 പന്തില്‍ 31 റണ്ണെടുത്ത കാമിന്ദു മെന്‍ഡിസ്, 23 പന്തില്‍ ഒരു സിക്‌സറും രണ്ട് ഫോറുമടക്കം 29 റണ്ണെടുത്ത ദുനിത് വല്ലലാഗെ എന്നിവര്‍ മാത്രമാണു ലങ്കന്‍ നിരയില്‍ പൊരുതിയത്. രണ്ട് കളികളും ജയിച്ച ഇംഗ്ലണ്ട് നാല് പോയിന്റുമായി സെമി ഉറപ്പാക്കിയിരുന്നു. ന്യൂസിലന്‍ഡിന് രണ്ട് കളികളില്‍നിന്നു മൂന്ന് പോയിന്റാണ്. മൂന്നാം സ്‌ഥാനത്തുള്ള പാകിസ്‌താന് രണ്ട് കളികളില്‍നിന്ന് ഒരു പോയിന്റാണ്. ശ്രീലങ്കയ്‌ക്ക് ഇതുവരെ അക്കൗണ്ട് തുറക്കാനായില്ല. റമോണ്‍ പ്രേമദാസ സ്‌റ്റേഡിയത്തില്‍ ടോസ് നേടിയ ശ്രീലങ്കന്‍ നായകന്‍ ദാസുന്‍ ശനക ന്യൂസിലന്‍ഡിനെ ആദ്യം ബാറ്റ് ചെയ്യാന്‍ വിട്ടു.
ആറിന് 84 റണ്‍ എന്ന നിലയിലേക്ക് കൂപ്പുകുത്തിയ ന്യൂസിലന്‍ഡിനെ ഏഴാം വിക്കറ്റില്‍ ഒന്നിച്ച നായകന്‍ മിച്ചല്‍ സാന്റ്‌നറും (26 പന്തില്‍ നാല് സിക്‌സറും രണ്ട് ഫോറുമടക്കം 47) കോള്‍ മക്കോഞ്ചിയും (23 പന്തില്‍ രണ്ട് സിക്‌സറും മൂന്ന് ഫോറുമടക്കം പുറത്താകാതെ 31) എന്നിവര്‍ ചേര്‍ന്നാണു കരകയറ്റിയത്. സാന്റ്‌നര്‍ ഇന്നിങ്‌സിലെ അവസാന പന്തില്‍ മടങ്ങിയിരുന്നു. ഇരുവരും ചേര്‍ന്ന് ഏഴാം വിക്കറ്റില്‍ 84 റണ്ണിന്റെ കൂട്ടുകെട്ടാണ് ചേര്‍ത്തത്. ട്വന്റി20 ലോകകപ്പിലെ ഏറ്റവും ഉയര്‍ന്ന ഏഴാം വിക്കറ്റ് കൂട്ടുകെട്ടാണ് സാന്റ്‌നറും മക്കോഞ്ചിയും ചേര്‍ന്നു കുറിച്ചത്. 2010 ല്‍ ബംഗ്ലാദേശിനെതിരേ ഓസ്‌ട്രേലിയയുടെ മൈക്കല്‍ ഹസിയും സ്‌റ്റീവ് സ്‌മിത്തും ചേര്‍ന്ന് നേടിയ റെക്കോഡാണു പഴങ്കഥയായത്. ഹസിയും സ്‌മിത്തും ചേര്‍ന്ന് 74 റണ്ണാണു പടുത്തുയര്‍ത്തിയത്. ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിനോടു തോറ്റ ശ്രീലങ്കയ്‌ക്ക് ജയം അനിവാര്യമായിരുന്നു. ന്യൂസിലന്‍ഡും പാകിസ്‌താനും തമ്മിലുള്ള ആദ്യ മത്സരം ഉപേക്ഷിച്ചിരുന്നു. ന്യൂസിലന്‍ഡ് ജയിച്ചതോടെ പാകിസ്‌താന്റെ സെമി പ്രതീക്ഷകളും അസ്‌മതിച്ചു.