-->
മിലാന്‍: ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ നോര്‍വേയിലെ ബോഡോ/ഗ്ലിന്റ് ക്ലബ് അദ്‌ഭുതങ്ങള്‍ തുടരുന്നു.
കഴിഞ്ഞ സീസണിലെ ഫൈനലിസ്‌റ്റുകളായ ഇറ്റാലിയന്‍ ക്ലബ് ഇന്റര്‍ മിലാനെ മറികടന്ന് അവര്‍ പ്രീ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. ഇന്ററിന്റെ തട്ടകമായ ഗീസപ്പെ മീസ സ്‌റ്റേഡിയത്തില്‍ നടന്ന രണ്ടാംപാദത്തില്‍ 2-1 നാണു ബോഡോയുടെ ജയം. ഒന്നാംപാദ പ്ലേ ഓഫില്‍ അവര്‍ 3-1 നു ജയിച്ചിരുന്നു. ഇന്നലെ നടന്ന മത്സരത്തില്‍ യെന്‍സ് പീറ്‌ര്‍ര്‍ ഹേഗ്, ഹെക്‌ടര്‍ ഇവ്‌ജെന്‍ എന്നിവര്‍ ബോഡോയ്‌ക്കായി ഗോളടിച്ചു.
അലക്‌സാന്‍ഡ്രോ ബാസ്‌തോണിയാണ് ഇന്ററിനായി ഒരു ഗോളടിച്ചത്. ചാമ്പ്യന്‍സ് ലീഗ് ചരിത്രത്തില്‍ രണ്ടാം തവണ മാത്രമാണ് ഒരു നോര്‍വീജിയന്‍ ക്ലബ് നോക്കൗട്ടില്‍ കടക്കുന്നത്. റോസന്‍ബര്‍ഗ്‌ബോള്‍ക്ല ബാണ് (1996/97 സീസണ്‍) ഈ നേട്ടത്തിലെത്തിയ ആദ്യ ടീം.
ഗീസപ്പെ മീസ സ്‌റ്റേഡിയം ബോഡോയുടെ ഹോം ഗ്രൗണ്ടിനെക്കാള്‍ പത്തിരട്ടി വലിപ്പമുള്ളതാണ്. വമ്പന്‍ ഗ്രൗണ്ടില്‍ കളിക്കുന്ന സമ്മര്‍ദം നോര്‍വേ ക്ലബുകാര്‍ക്കുണ്ടായില്ല. ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങളില്‍ മാഞ്ചസ്‌റ്റര്‍ സിറ്റി (3-1), അത്‌ലറ്റിക്കോ മാഡ്രിഡ് (2-1) എന്നീ വമ്പന്‍മാരെ മറികടക്കാന്‍ അവര്‍ക്കായി. ടോട്ടന്‍ഹാം ഹോട്ട്‌്സ്‌പര്‍ (2-2), ബോറുസിയ ഡോര്‍ട്ട്‌മുണ്ട് (2-2) എന്നിവരെ സമനിലയില്‍ കുരുക്കാനുമായി. ശീതകാലമായതിനാല്‍ നവംബര്‍ 30 നു ശേഷം നോര്‍വീജിയന്‍ ലീഗില്‍ ബോഡോയ്‌ക്ക് ഒരു മത്സരം പോലും കളിക്കാനായില്ലെന്ന കൗതുകവുമുണ്ട്. തുടര്‍ന്നു നടന്ന നാല് മത്സരങ്ങളും ചാമ്പ്യന്‍സ് ലീഗിലെയാണ്.
ഇന്റര്‍ കോച്ച് ക്രിസ്‌റ്റ്യന്‍ ചിവു 3-5-2 എന്ന ഫോര്‍മേഷനിലാണ് ശിഷ്യന്‍മാരെ ഒരുക്കിയത്. മറുവശത്ത് ബോഡോ കോച്ച് നട്‌സണ്‍ 4-3-3 എന്ന ഫോര്‍മേഷനും അവലംബിച്ചു. സ്വന്തം തട്ടകത്തില്‍ മൂന്ന് ഗോള്‍ വ്യത്യാസത്തില്‍ ജയിച്ചെങ്കില്‍ മാത്രമേ ഇന്ററിന് ക്വാര്‍ട്ടറില്‍ കടക്കാനാകുമായിരുന്നു. മത്സരത്തിന്റെ ഒന്നാം പകുതി ഗോള്‍രഹിതമായിരുന്നു. 58-ാം മിനിറ്റി യെന്‍സ് പീറ്റര്‍ ഹേഗാണ് മത്സരത്തിലെ ആദ്യ ഗോളടിച്ചു. 72-ാം മിനിറ്റില്‍ ഹേഗിന്റെ അസിസ്‌റ്റില്‍ എവ്‌ജന്‍ ലീഡ് ഇരട്ടിയാക്കി. 76-ാം മിനിറ്റിലാണ് ബാസ്‌റ്റോണിയുടെ ഗോളെത്തിയത്. ഒളിമ്പിയാക്കോസിനെ തോല്‍പ്പിച്ച് ബയേണ്‍ ലവര്‍കൂസനും ഖാറാബാക് എഫ്.കെയെ തോല്‍പ്പിച്ച് ന്യൂകാസില്‍ യുണൈറ്റഡും അടുത്ത റൗണ്ടിലെത്തി.
ലവര്‍കൂസന്‍ സ്വന്തം തട്ടകമായ ബായ് അരീനയില്‍ നടന്ന രണ്ടാം പാദ മത്സരം ഗോള്‍രഹിത സമനില വഴങ്ങിയെങ്കിലും ഒന്നാം പാദത്തിലെ (2-0) ജയം അവര്‍ക്കു തുണയായി. സെന്റ് ജെയിംസ് പാര്‍ക്കില്‍ നടന്ന രണ്ടാം പാദത്തില്‍ ന്യൂകാസില്‍ യുണൈറ്റഡ് 3-2 നാണു ജയിച്ചത്. ടോണാലി, ജോലിങ്‌ടണ്‍, ബോട്‌മാന്‍ എന്നിവര്‍ ന്യൂകാസിലിനായി ഗോളടിച്ചു. കാമിലോ ഡുറാന്‍, ജാഫര്‍ഖ്വയേവ് എന്നിവരാണു ഖാറാബാകിനായി ഗോളടിച്ചത്.