-->
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ജയിലില്‍ പോകേണ്ടവര്‍ ദേവസ്വം മുന്‍മന്ത്രി കടകംപള്ളി സുരേന്ദ്രനും ഇപ്പോഴത്തെ മന്ത്രി വി.എന്‍. വാസവനുമാണെന്നു ബി.ജെ.പി. സംസ്‌ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. തന്ത്രി കണ്‌ഠര് രാജീവരെ അറസ്‌റ്റ് ചെയ്‌തത് കടകംപള്ളിയില്‍നിന്നും വാസവനില്‍നിന്നും ജനശ്രദ്ധ തിരിക്കാനുള്ള തന്ത്രമാണ്. നിരപരാധികളായ വിശ്വാസികളെയും തന്ത്രിമാരെയും ദ്രോഹിക്കാന്‍ ബി.ജെ.പി. അനുവദിക്കില്ല. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള ശബരിമല തന്ത്രിയെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
യാതൊരു തെളിവുമില്ലാതെയാണു തന്ത്രിയെ അറസ്‌റ്റ് ചെയ്‌തതെന്ന് കോടതി പോലും നിരീക്ഷിച്ചിട്ടുണ്ട്. ശബരിമലയിലെ അഴിമതികളില്‍നിന്നും കൊള്ളകളില്‍നിന്നും ജനശ്രദ്ധ തിരിച്ചുവിടാനാണ് സര്‍ക്കാര്‍ അറസ്‌റ്റ് നാടകം കളിക്കുന്നത്. ഒക്‌േടാബര്‍ മുതല്‍ ബി.ജെ.പി ഉന്നയിക്കുന്ന കാര്യങ്ങള്‍ ശരിവയ്‌ക്കുന്നതാണ് ഇപ്പോഴത്തെ സംഭവ വികാസങ്ങള്‍. കഴിഞ്ഞ ആറുമാസമായി എസ്.ഐ.ടി അന്വേഷിച്ചിട്ടും ശബരിമലയില്‍നിന്ന് കാണാതായ നാലരക്കിലോ സ്വര്‍ണത്തെക്കുറിച്ച് ഒരു വിവരവും കണ്ടെത്താന്‍ അവര്‍ക്ക് സാധിച്ചിട്ടില്ല. ഉണ്ണികൃഷ്‌ണന്‍പോറ്റിക്ക് പിന്നില്‍ ആരാണ് എന്നാണ് ജനങ്ങള്‍ക്കുംവിശ്വാസികള്‍ക്കും അറിയേണ്ടത്. അത് ചോദിക്കുമ്പോള്‍ ഒന്നും ചെയ്യാനാകുന്നില്ല എന്നാണ് എസ്.ഐ.ടി പറയുന്നത്. അതുകൊണ്ട് കേസ് സി.ബി.ഐക്ക് വിടണം. വിശ്വാസികളെയും തന്ത്രിമാരെയും ദ്രോഹിക്കാന്‍ ബി.ജെ.പി ആരെയും അനുവദിക്കില്ല. അത് പിണറായി വിജയനായാലും വി.ഡി സതീശനായാലും ബി.ജെ.പി എന്‍.ഡി.എ ശക്‌തമായി പ്രതിരോധിക്കും.
സര്‍ക്കാരിന് വിശ്വാസികളോട് ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ സ്‌ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് 2018ല്‍ സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്‌മൂലം മാറ്റി പുതിയത് സമര്‍പ്പിക്കണം. ശബരിമല പ്രക്ഷോഭകാലത്ത് സാധാരണക്കാരായ അയ്യപ്പഭക്‌തര്‍ക്കെതിരേ എടുത്ത മൂവായിരത്തിലധികം കേസുകള്‍ ഉടന്‍ പിന്‍വലിച്ച് മാപ്പ് പറയണമെന്നും രാജീവ് ചന്ദ്രശേഖര്‍ ആവശ്യപ്പെട്ടു. ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ കൃഷ്‌ണദാസ്, സംസ്‌ഥാന ജനറല്‍സെക്രട്ടറി അഡ്വ. എസ്.സുരേഷ്. സിറ്റി ജില്ലാ അധ്യക്ഷന്‍ കരമന ജയന്‍ തുടങ്ങിയവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.