-->
ആലപ്പുഴ: കെ.എസ്.യു. പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചതല്ലാതെ ഒരാള്‍പോലും മന്ത്രി വീണാ ജോര്‍ജിന്റെ അടുത്തെത്തിയിട്ടില്ലെന്നും ആഘോഷിക്കാനാണെങ്കില്‍ ആഘോഷിക്കട്ടെയെന്നും പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍. മൂന്നോ നാലോ കെ.എസ്.യു. പ്രവര്‍ത്തകരും മുപ്പതോ മുപ്പത്തഞ്ചോ പോലീസുകാരും അവിടെയുണ്ടായിരുന്നു. മന്ത്രി പ്രതിഷേധക്കാര്‍ക്കു നേരേ ആക്രോശിച്ചടുക്കുന്ന ദൃശ്യങ്ങളേ പുറത്തുവന്നിട്ടുള്ളൂവെന്നും സതീശന്‍ പറഞ്ഞു. കെ.എസ്.യു. പ്രവര്‍ത്തകരുടെ ഭാഗത്തുനിന്ന് തെറ്റുണ്ടായെങ്കില്‍ നടപടിയെടുക്കും. ഇതുവരെ കിട്ടിയ വിവരമനുസരിച്ച് ആരും മന്ത്രിയുടെ അടുത്തേക്ക് പോയിട്ടില്ല. തെരഞ്ഞെടുപ്പ് കാലമായതുകൊണ്ട് എന്തും പറയാം. ഏതെങ്കിലും ദൃശ്യമാധ്യമങ്ങള്‍ക്ക് മന്ത്രിയെ ആക്രമിക്കുന്നതിന്റെ ചിത്രം കിട്ടിയിട്ടുണ്ടോയെന്നും സതീശന്‍ ചോദിച്ചു. മന്ത്രിക്കെതിരേ പ്രതിഷേധം തുടരും. അത് അക്രമത്തിന്റെ വഴിയിലേക്ക് പോകരുതെന്നു നിര്‍ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്‌തമാക്കി.