-->
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പുകളില്‍ 'നോട്ട' ഓപ്‌ഷന്‍ ഏര്‍പ്പെടുത്തിയത് കൊണ്ട് ജനപ്രതിനിധികളുടെ ഗുണനിലവാരത്തില്‍ എന്തെങ്കിലും മാറ്റമുണ്ടായോ എന്ന് സുപ്രീം കോടതി. ഒരാള്‍ മാത്രം മത്സരിക്കുന്ന തെരഞ്ഞെടുപ്പുകളിലുള്‍പ്പെടെ നോട്ട നിര്‍ബന്ധമാക്കണമെന്ന ഹര്‍ജി പരിഗണിക്കവെയാണു കോടതി ഈ സംശയം പ്രകടിപ്പിച്ചത്. ചീഫ് ജസ്‌റ്റിസ് സൂര്യകാന്ത്, ജസ്‌റ്റിസ് ജോയ്‌മാല്യ ബാഗ്‌ചി എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. നോട്ടയുടെ സ്വാധീനത്തെക്കുറിച്ചും വിവിധ സാമൂഹിക വിഭാഗങ്ങള്‍ക്കിടയിലെ വോട്ടിങ് രീതികളെക്കുറിച്ചും കോടതി വിശദമായ നിരീക്ഷണം നടത്തി.
നോട്ട കൊണ്ടുവന്നത് വഴി തെരഞ്ഞെടുക്കപ്പെടുന്ന നേതാക്കളുടെ നിലവാരം മെച്ചപ്പെട്ടോ എന്ന് ജസ്‌റ്റിസ് ബാഗ്‌ചി ചോദിച്ചു. "വിദ്യാഭ്യാസമുള്ളവരും സമ്പന്നരും വോട്ട് ചെയ്യാന്‍ മടിക്കുമ്പോള്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരാണ് കൂടുതല്‍ വോട്ട് ചെയ്യുന്നത് എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്" -കോടതി അദ്ദേഹം നിരീക്ഷിച്ചു.
നോട്ട എന്ന ഓപ്‌ഷന്‍ ലഭ്യമായിട്ടും അഭ്യസ്‌തവിദ്യരായ വോട്ടര്‍മാര്‍ക്കിടയില്‍ കാണപ്പെടുന്ന വിമുഖത ഗൗരവകരമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. അതേസമയം, ഗ്രാമീണ മേഖലകളിലെയും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങളിലെയും ജനങ്ങള്‍ ജനാധിപത്യ പ്രക്രിയയില്‍ സജീവമായി പങ്കുചേരുന്നുണ്ടെന്നും കോടതി പറഞ്ഞു.
കുറഞ്ഞ വോട്ടിങ് ശതമാനം പരിഹരിക്കാന്‍ പുതിയ മാര്‍ഗ്ഗങ്ങള്‍ തേടേണ്ടതുണ്ടെന്ന് ചീഫ് ജസ്‌റ്റിസ് സൂര്യകാന്ത് നിര്‍ദേശിച്ചു. ജനങ്ങള്‍ വോട്ട് ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ കര്‍ശനമല്ലാത്ത എന്നാല്‍ നിര്‍ബന്ധിതവുമായ ഒരു സംവിധാനം വേണമെന്ന് അദ്ദേഹം പറഞ്ഞു.
"ഇത് ശിക്ഷാ നടപടിയാകരുത്. ഗ്രാമപ്രദേശങ്ങളില്‍ സ്‌ത്രീകള്‍ സംഘമായി പാട്ടുപാടി വോട്ട് ചെയ്യാന്‍ പോകുന്നത് നാം കാണാറുണ്ട്. അവര്‍ക്ക് അതൊരു ആശ്വാസമാണ്. ഇത്തരം പങ്കാളിത്തം നഗരപ്രദേശങ്ങളിലും ഉണ്ടാകണം" -അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പുകളില്‍ സ്‌ത്രീ വോട്ടര്‍മാരുടെ പങ്കാളിത്തം ഗണ്യമായി വര്‍ധിക്കുന്നുണ്ടെന്നും കോടതി നിരീക്ഷിച്ചു.
2013-ലാണ് സുപ്രീം കോടതി വിധിയെത്തുടര്‍ന്ന് വോട്ടിങ് യന്ത്രങ്ങളില്‍ നോട്ട ഉള്‍പ്പെടുത്തിയത്. വോട്ടര്‍മാരുടെ രഹസ്യാത്മകത കാത്തുസൂക്ഷിക്കുന്നതിനും എല്ലാ സ്‌ഥാനാര്‍ത്ഥികളെയും നിരസിക്കാന്‍ അവസരം നല്‍കുന്നതിനുമായിരുന്നു ഇത്. ഇതിന് മുമ്പ് 1961-ലെ നിയമപ്രകാരം 49-ഒ ഫോം പൂരിപ്പിച്ചു നല്‍കി വോട്ടര്‍മാര്‍ക്ക് പ്രതിഷേധം അറിയിക്കാമായിരുന്നുവെങ്കിലും ഇതില്‍ രഹസ്യാത്മകത ഉറപ്പാക്കിയിരുന്നില്ല. എന്നാല്‍, നോട്ടയ്‌ക്ക് ഏറ്റവും കൂടുതല്‍ വോട്ട് ലഭിച്ചാല്‍ പോലും വീണ്ടും തെരഞ്ഞെടുപ്പു നടത്താന്‍ കോടതി ഇതുവരെ ഉത്തരവിട്ടിട്ടില്ല.
സെന്റര്‍ ഫോര്‍ ലീഗല്‍ പോളിസിയുടെ പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. നോട്ടയെ സ്‌ഥാനാര്‍ത്ഥിയായി ഉള്‍പ്പെടുത്തുന്നത് പണവും പേശീബലവും ഉള്ള സ്‌ഥാനാര്‍ത്ഥികളെ നിരുത്സാഹപ്പെടുത്തി എതിരാളികളെ മത്സരത്തില്‍നിന്ന് പിന്മാറാന്‍ പ്രേരിപ്പിക്കുമെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ അരവിന്ദ് ദത്തര്‍ പറഞ്ഞു. നോട്ടയെ സ്‌ഥാനാര്‍ഥിയാക്കണമെങ്കില്‍ പാര്‍ലമെന്റ് ജനപ്രാതിനിധ്യ നിയമത്തില്‍ ഭേദഗതി വരുത്തേണ്ടതുണ്ടെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. വോട്ട് ചെയ്യുന്നത് മൗലികാവകാശമല്ലെങ്കില്‍, മൗലികാവകാശ ലംഘനമുണ്ടായാല്‍ നേരിട്ട് സുപ്രീം കോടതിയെ സമീപിക്കാന്‍ അനുവദിക്കുന്ന ആര്‍ട്ടിക്കിള്‍ 32 പ്രകാരമുള്ള പൊതുതാല്‍പര്യ ഹര്‍ജി എങ്ങനെ നിലനില്‍ക്കുമെന്ന് അറ്റോര്‍ണി ജനറല്‍ ആര്‍. വെങ്കട്ടരാമണി ചോദിച്ചു.