Wednesday, March 11, 2026 Last Updated 4 Min 3 Sec ago English Edition
Todays E paper
Ads by Google
Wednesday 25 Feb 2026 11.31 PM

ഇന്ത്യന്‍ സോളാര്‍ ഉത്‌പന്നങ്ങള്‍ക്ക്‌ 126% തീരുവ

ന്യൂഡല്‍ഹി/വാഷിങ്‌ടണ്‍: വ്യാപാര കരാര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ ഇന്ത്യയ്‌ക്കു കനത്ത പ്രഹരമേല്‍പ്പിച്ച്‌ യു.എസ്‌. പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപ്‌. ഇന്ത്യയില്‍നിന്നുള്ള സോളാര്‍ ഉത്‌പന്നങ്ങള്‍ക്കുമേല്‍ 126 ശതമാനം ഇറക്കുമതിത്തീരുവ ചുമത്തിയാണു ട്രംപിന്റെ പ്രഖ്യാപനം.
അമേരിക്കന്‍ വിപണി ലക്ഷ്യമിടുന്ന ഇന്ത്യന്‍ സോളാര്‍ കമ്പനികള്‍ക്ക്‌ കനത്ത തിരിച്ചടിയാണ്‌ ട്രംപിന്റെ തീരുമാനം. ഇന്ത്യ സോളാര്‍ മേഖലയ്‌ക്ക്‌ അന്യായമായ രീതിയില്‍ സബ്‌സിഡികള്‍ നല്‍കുന്നുണ്ടെന്നും ഇത്‌ അമേരിക്കന്‍ ആഭ്യന്തര നിര്‍മാതാക്കളെ ദോഷകരമായി ബാധിക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ്‌ നടപടി. ഇന്ത്യയ്‌ക്കു പുറമേ ഇന്തോനീഷ്യയില്‍നിന്നുള്ള ഇറക്കുമതിക്ക്‌ 86% മുതല്‍ 143% വരെയും ലാവോസിന്‌ 81 ശതമാനവും തീരുവ ചുമത്തിയിട്ടുണ്ട്‌. ഈ രാജ്യങ്ങളില്‍നിന്ന്‌ കുറഞ്ഞവിലയ്‌ക്ക്‌ സോളാര്‍ ഉത്‌പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നത്‌ തങ്ങളുടെ കമ്പനികള്‍ക്കു ഭീഷണിയാകുന്നുവെന്നാണ്‌ അമേരിക്കയുടെ നിലപാട്‌.
അമേരിക്കന്‍ നികുതിയില്‍നിന്നു രക്ഷപ്പെടാന്‍ ചൈനീസ്‌ സോളാര്‍ നിര്‍മാണക്കമ്പനികള്‍ തങ്ങളുടെ ഉത്‌പാദനം തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലേക്ക്‌ മാറ്റിയിരുന്നു. ഇതേത്തുടര്‍ന്ന്‌ കമ്പോഡിയ, വിയറ്റ്‌നാം, മലേഷ്യ, തായ്‌ലന്‍ഡ്‌ തുടങ്ങിയ രാജ്യങ്ങള്‍ക്ക്‌ നേരത്തേ അമേരിക്ക ഇത്തരത്തില്‍ നികുതി വര്‍ധിപ്പിച്ചിരുന്നു. ഇതിനെത്തുടര്‍ന്നാണ്‌ നിര്‍മാതാക്കള്‍ ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക്‌ പ്രവര്‍ത്തനം മാറ്റിയത്‌.
2024-ല്‍ ഇന്ത്യയില്‍നിന്നുള്ള സോളാര്‍ ഇറക്കുമതി 79.2 കോടി ഡോളറായിരുന്നു (ഏകദേശം 6,600 കോടി രൂപ). ഇത്‌ 2022-നെ അപേക്ഷിച്ച്‌ ഒന്‍പത്‌ മടങ്ങ്‌ കൂടുതലാണ്‌. അമേരിക്കന്‍ വിപണിയിലെ മൊത്തം സോളാര്‍ ഇറക്കുമതിയുടെ 57 ശതമാനവും ഇന്ത്യ, ഇന്തോനേഷ്യ, ലാവോസ്‌ എന്നീ രാജ്യങ്ങളില്‍നിന്നാണ്‌.
ഇന്ത്യയുടെ കയറ്റുമതി തീരുവ 50 ശതമാനത്തില്‍ നിന്ന്‌ 18 ശതമാനമായി കുറയ്‌ക്കുന്നതിനുള്ള ഇന്ത്യ-യു.എസ്‌. വ്യാപാര കരാറിന്റെ ചട്ടക്കൂടില്‍ ഇരുരാജ്യങ്ങളും ധാരണയിലെത്തി ആഴ്‌ചകള്‍ക്ക്‌ ശേഷമാണ്‌ ട്രംപിന്റെ പുതിയ പ്രഖ്യാപനം. വിവിധ ലോകരാജ്യങ്ങള്‍ക്കുമേല്‍ ഡോണള്‍ഡ്‌ ട്രംപ്‌ നേരത്തേ ഏര്‍പ്പെടുത്തിയ തീരുവകള്‍ ഭരണഘടനാവിരുദ്ധമാണെന്ന്‌ ചൂണ്ടിക്കാട്ടി യു.എസ്‌. സുപ്രീം കോടതി റദ്ദാക്കിയിരുന്നു. ഇതിനെത്തുടര്‍ന്ന്‌ മിക്ക ഇറക്കുമതികള്‍ക്കും 10% അടിസ്‌ഥാന നികുതി ഏര്‍പ്പെടുത്തിയ ട്രംപ്‌, ഇത്‌ 15% വരെ ഉയര്‍ത്തുമെന്ന്‌ ഭീഷണിപ്പെടുത്തിയിരുന്നു. തന്ത്രപരമായ വ്യാപാര കരാറുകളെക്കാള്‍ ട്രംപ്‌ തന്റെ 'അമേരിക്ക ഫസ്‌റ്റ്‌' നയത്തിനു തന്നെയാണ്‌ മുന്‍ഗണന നല്‍കുന്നതെന്നാണ്‌ പുതിയ നീക്കം വ്യക്‌തമാക്കുന്നത്‌.
അതേസമയം, ഇന്ത്യ-യു.എസ്‌. ഇടക്കാല വ്യാപാര കരാറിനെക്കുറിച്ച്‌ ചര്‍ച്ച ചെയ്യാന്‍ ഈ ആഴ്‌ച നിശ്‌ചയിച്ചിരുന്ന മൂന്നു ദിവസത്തെ ഉദ്യോഗസ്‌ഥതല കൂടിക്കാഴ്‌ച മാറ്റിവച്ചിട്ടുണ്ട്‌.

Ads by Google
Wednesday 25 Feb 2026 11.31 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW