-->
ചെന്നൈ: പ്രമുഖ സി.പി.ഐ. നേതാവ് ആര്‍. നല്ലകണ്ണ്(ആര്‍.എന്‍.കെ-101) അന്തരിച്ചു. ചെന്നൈയിലെ രാജീവ് ഗാന്ധി ഗവണ്‍മെന്റ് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഈ മാസം ഒന്നിനാണ് അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്.
വിദ്യാര്‍ഥിയായിരിക്കെ സ്വാതന്ത്ര്യസമരത്തിലൂടെയായിരുന്നു ആര്‍.എന്‍.കെ. എന്ന പേരില്‍ അറിയപ്പെട്ടിരുന്ന അദ്ദേഹത്തിന്റെ രാഷ്‌ട്രീയ പ്രവേശം. 18-ാം വയസില്‍ കമ്യൂണിസ്‌റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നു. 1964ല്‍ പാര്‍ട്ടി പിളര്‍ന്നപ്പോള്‍ സി.പി.ഐ.യോടൊപ്പം നിലകൊണ്ടു. 1992 മുതല്‍ മൂന്നു തവണ സി.പി.ഐയുടെ തമിഴ്‌നാട് സംസ്‌ഥാന സെക്രട്ടറിയായി .
വാര്‍ധക്യത്തെ അവഗണിച്ചും അദ്ദേഹം ജനങ്ങള്‍ക്കായി പോരാടി. താമ്രപരണി നദീതടത്തിലെ മണല്‍ മാഫിയക്കെതിരേ പ്രചാരണത്തിന് നേതൃത്വം നല്‍കി. 2010ല്‍ മണല്‍ ഖനനത്തിനെതിരേ ആര്‍.എന്‍.കെ. മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. കേസില്‍ സ്വയംവാദിച്ചാണ് അദ്ദേഹം അനുകൂല വിധി നേടിയത്.
ബ്രിട്ടീഷ് ഭരണകാലത്തും പിന്നീട് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ കാലത്തും കമ്യൂണിസ്‌റ്റ് പാര്‍ട്ടി നിരോധിക്കപ്പെട്ടപ്പോള്‍ അദ്ദേഹം പല തവണ ഒളിവില്‍ കഴിഞ്ഞു. കടുത്ത പോലീസ് പീഡനങ്ങള്‍ക്കും ഇരയായി. ഒരു പോലീസ് ഉദ്യോഗസ്‌ഥന്‍ സിഗരറ്റ് കൊണ്ട് അദ്ദേഹത്തിന്റെ മുകള്‍ ചുണ്ടില്‍ പൊള്ളിച്ചതിനെത്തുടര്‍ന്നുണ്ടായ മുറിവ് മരണംവരെ പിന്തുടര്‍ന്നു. നെല്ലായി ഗൂഢാലോചനാ കേസില്‍ കെ. ബാലതണ്ടായുധം, പി. മണിക്കാന്തന്‍, ഐ. മായന്ദിഭാരതി എന്നിവര്‍ക്കൊപ്പം ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടു.
1925ല്‍ തൂത്തുക്കുടി ജില്ലയിലെ ശ്രീവൈകുണ്‌ഠത്താണു ജനനം. സ്‌കൂള്‍ വിദ്യാര്‍ഥിയായിരിക്കെ സ്വാതന്ത്ര്യ സമരത്തില്‍ ചേര്‍ന്നു. സ്‌കൂള്‍ പഠനത്തിനു ശേഷം, അദ്ദേഹം തിരുനെല്‍വേലിയിലെ എം.ഡി.ടി. ഹിന്ദു കോളജില്‍ ചേര്‍ന്നു. 18ാം വയസില്‍ അദ്ദേഹം കമ്യൂണിസ്‌റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നു. തമിഴ്‌നാട്ടിലെ കര്‍ഷക പ്രസ്‌ഥാനത്തിനു നേതൃത്വം നല്‍കിയ പി. ശ്രീനിവാസ റാവുവുമായി അടുപ്പം സജ്‌ജീവ രാഷ്‌ട്രീയത്തില്‍ തുടരാന്‍ പ്രേരണയായി.
'ഒരു ജോലി നേടണമെന്നും സാധാരണ ജീവിതം നയിക്കണമെന്നും എന്റെ പിതാവിന് ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ ഞാന്‍ ഒരു മുണ്ടും തോര്‍ത്തും എടുത്ത് വീട്ടില്‍നിന്ന് ഇറങ്ങി കമ്യൂണിസ്‌റ്റ് പാര്‍ട്ടിയുടെ മുഴുവന്‍ സമയ പ്രവര്‍ത്തകനായി'- ആര്‍.എന്‍.കെ. ഒരു അഭിമുഖത്തില്‍ പറഞ്ഞു.
ഇന്ത്യന്‍ രാഷ്‌ട്രീയത്തില്‍ ആര്‍.എസ്.എസ്- ബി.ജെ.പി വളര്‍ച്ച ആര്‍.എന്‍.കെയെ വേദനിപ്പിച്ചു, പൊതുമേഖലാ സ്‌ഥാപനങ്ങളെയും ട്രേഡ് യൂണിയനുകളെയും ദുര്‍ബലപ്പെടുത്തുന്നതിനെക്കുറിച്ച് അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. കമ്യൂണിസ്‌റ്റ് പാര്‍ട്ടികളുടെ ഏകീകരണത്തിനും അദ്ദേഹം അനുകൂലമായിരുന്നു.
2022 ഓഗസ്‌റ്റ് 15ന്, ചെന്നൈയില്‍ നടന്ന സ്വാതന്ത്ര്യദിനാഘോഷ വേളയില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്‌റ്റാലിന്‍ അദ്ദേഹത്തിനു തിഗൈസല്‍ തമിഴര്‍ പുരസ്‌കാരം സമ്മാനിച്ചു. പുരസ്‌കാരത്തിന്റെ ഭാഗമായ 10 ലക്ഷം രൂപ തമിഴ്‌നാട് മുഖ്യമന്ത്രിയുടെ പൊതു ദുരിതാശ്വാസ നിധിയിലേക്ക് അദ്ദേഹം സംഭാവന ചെയ്‌തു. പ്രാദേശിക കമ്യൂണിസ്‌റ്റ് നേതാവായ അന്നസ്വാമിയുടെ മകള്‍ രഞ്‌ജിതത്തെയാണ് നല്ലകണ്ണിന്റെ ഭാര്യ. മക്കള്‍: ഡോ. ആണ്ടാള്‍, കാസി ഭാരതി.