Wednesday, March 11, 2026 Last Updated 14 Min 36 Sec ago English Edition
Todays E paper
Ads by Google
Wednesday 25 Feb 2026 11.31 PM

അടിവസ്‌ത്രംവരെ വാങ്ങി നല്‍കണമെന്ന്‌ ബി.എസ്‌.എന്‍.എല്‍. ഡയറക്‌ടര്‍, വിവാദം

ന്യൂഡല്‍ഹി: പ്രയാഗ്‌രാജ്‌ സന്ദര്‍ശിക്കുന്ന തനിക്ക്‌ അടിവസ്‌ത്രം മുതല്‍ ഹെയര്‍ ഓയില്‍ വരെ വാങ്ങിച്ചു നല്‍കണമെന്നു ജീവനക്കാരോട്‌ ബി.എസ്‌.എന്‍.എല്‍ ഡയറക്‌ടര്‍ വിവേക്‌ ബന്‍സല്‍. ഈ ആവശ്യം ഉന്നയിച്ച്‌ അദ്ദേഹം നല്‍കിയ ഉത്തരവ്‌ പുറത്തായതോടെ വിവാദം. ബന്‍സലിന്റെ ഉത്തരവ്‌ ഞെട്ടിക്കുന്നതാണെന്നു കേന്ദ്ര ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ വ്യക്‌തമാക്കി. ബന്‍സലിനെതിരേ നടപടിക്ക്‌ അദ്ദേഹം നിര്‍ദേശം നല്‍കി.
ബി.എസ്‌.എന്‍.എല്‍ ബോര്‍ഡിന്റെ ഡയറക്‌ടറായ ബന്‍സല്‍ ഈ മാസം 25,26 തീയതികളില്‍ പ്രയാഗ്‌രാജ്‌ സന്ദര്‍ശിക്കാന്‍ നിശ്‌ചയിച്ചിരുന്നു. അതിനായി അദ്ദേഹം ഔദ്യോഗിക ഉത്തരവ്‌ ഇറക്കി.
ഉത്തരവ്‌ പ്രകാരം, ഏകദേശം 50 ഉദ്യോഗസ്‌ഥര്‍ക്കായി ഏകദേശം 20 ചുമതലകള്‍ നിശ്‌ചയിച്ചിരുന്നു. പ്രയാഗ്‌രാജില്‍ സംഗമത്തില്‍ സ്‌നാനം നടത്തുക, ബോട്ട്‌ യാത്ര നടത്തുക, ബഡേ ഹനുമാന്‍ ക്ഷേത്രം, അക്ഷയ്‌ഖട്ട്‌, പാതാല്‍പുരി ക്ഷേത്രങ്ങള്‍ എന്നിവ സന്ദര്‍ശിക്കുക എന്നിവയായിരുന്നു പരിപാടികളിലുണ്ടായിരുന്നത്‌. അദ്ദേഹത്തിനായി ഉദ്യോഗസ്‌ഥരര്‍ 'സ്‌നാന കിറ്റ്‌', ടവ്ല്‍, അടിവസ്‌ത്രം, ചെരുപ്പ്‌, ചീപ്പ്‌, കണ്ണാടി, എണ്ണക്കുപ്പി എന്നിവ വാങ്ങണമെന്ന്‌ ഉത്തരവിലുണ്ടായിരുന്നു. ഘട്ടില്‍ പൊതുവായ ഉപയോഗത്തിനായി ഒരു ബെഡ്‌ഷീറ്റ്‌ ഒരുക്കണമെന്നും നിര്‍ദേശം നല്‍കിയിരുന്നു.
ഹോട്ടലിലും സര്‍ക്യൂട്ട്‌ ഹൗസിലും ഉണക്കപ്പഴം, പഴങ്ങള്‍, ഷേവിങ്‌ കിറ്റ്‌, ടവ്ല്‍, ടൂത്ത്‌പേസ്‌റ്റ്‌, ബ്രഷ്‌, സോപ്പ്‌, ഷാംപൂ, ചീപ്പ്‌, എണ്ണ എന്നിവ ഒരുക്കണം എന്നും ഉത്തരവിലുണ്ടായിരുന്നു. ഇതു പുറത്തുവന്നതോടെയാണു വിവാദമായത്‌. ബന്‍സലിനു ബി.എസ്‌.എന്‍.എല്‍. കാരണം കാണിക്കല്‍ നോട്ടീസ്‌ നല്‍കിയിട്ടുണ്ട്‌. ഏഴു ദിവസത്തിനകം മറുപടി നല്‍കാനും ആവശ്യപ്പെട്ടിട്ടുണ്ട്‌.
1987 ബാച്ചിലെ ടെലികോം സര്‍വീസ്‌ ഉദ്യോഗസ്‌ഥനാണ്‌ ബന്‍സല്‍ . അദ്ദേഹത്തിന്‌ ഇലക്‌ട്രോണിക്‌സില്‍ എന്‍ജിനീയറിങ്‌ ബിരുദവും, കമ്പ്യൂട്ടര്‍ സയന്‍സില്‍ എന്‍ജിനീയറിങ്‌ ബിരുദാനന്തര ബിരുദവും, എം.ബി.എയും ഉണ്ട്‌. ഇന്ത്യയിലെ ടെലികോം ശൃംഖലകള്‍ കൈകാര്യം ചെയ്യുന്നതില്‍ അദ്ദേഹത്തിന്‌ 34 വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുണ്ട്‌.

Ads by Google
Wednesday 25 Feb 2026 11.31 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW