-->
സംസ്ഥാനത്തിന്റെ പേര് ‘കേരളം’ എന്നാക്കണമെന്ന ബില്ലിന് ഇക്കഴിഞ്ഞ ദിവസമാണ് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയത്. എന്നാല്‍ ഭരണഘടനയില്‍ സംസ്ഥാനത്തിന്റെ പേര് ഔദ്യോഗികമായി ‘കേരളം’ എന്ന് മാറ്റാനുള്ള നിർദ്ദേശത്തിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയതിന് പിന്നാലെ വലിയ ചർച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. ചിലര്‍ ഈ പേരുമാറ്റത്തെ വിമര്‍ശിക്കുമ്പോള്‍ മറ്റു ചിലര്‍ ഇരുകൈയും നീട്ടി സ്വീകരിക്കുന്നുമുണ്ട്. ട്രോളുകളും പരിഹാസങ്ങളും ഒരു വശത്ത് നടക്കുമ്പോള്‍ മറുവശത്ത് ഈ തീരുമാനത്തിന് ചിലര്‍ കൈയടിയും നല്‍കുന്നു.
ഇപ്പോഴിതാ ഈ വിഷയത്തില്‍ പതിവ് ശൈലിയില്‍ രസകരവും എന്നാല്‍ ചിന്തിപ്പിക്കുന്നതുമായ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂർ. പേര് മാറ്റം കേള്‍ക്കാൻ നല്ലതാണെങ്കിലും ഇംഗ്ലീഷ് ഭാഷയില്‍ ഇത് വരുത്താൻ പോകുന്ന പ്രായോഗിക ബുദ്ധിമുട്ടുകളെക്കുറിച്ചാണ് തരൂർ തന്റെ എക്സ് ഹാൻഡിലിലൂടെ പങ്കുവെച്ചത്. സംസ്ഥാനത്തിന്റെ പേര് ‘കേരളം’ എന്നാകുമ്പോള്‍ നിവാസികളെ 'കേരളമൈറ്റ്' എന്നാണോ വിളിക്കേണ്ടതെന്നും, അങ്ങനെയെങ്കില്‍ അത് ഒരു സൂക്ഷ്മജീവിയെപ്പോലെ തോന്നിപ്പിക്കുമെന്നും തരൂർ പരിഹസിച്ചു. 'കേരളമീയൻ' എന്ന് വിളിച്ചാല്‍ അതൊരു അപൂർവ്വ ധാതുവിനെപ്പോലെ തോന്നുമെന്നുമാണ് ശശി തരൂര്‍ കുറിച്ചത്. തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള നീക്കമായതുകൊണ്ട് തന്നെ ഇനി ഇതിന് വേണ്ടിയും മുഖ്യമന്ത്രി മത്സരം നടത്തിയേക്കാം എന്നും ശശി തരൂര്‍ പരിഹസിച്ചു.
‘‘എല്ലാം നല്ലതുതന്നെ, സംശയമില്ല... പക്ഷേ ഇംഗ്ലീഷ് സംസാരിക്കുന്നവർക്കായി ഒരു ചെറിയ ഭാഷാപരമായ ചോദ്യം: പുതിയ ‘കേരളത്തിലെ’ നിവാസികളെ വിളിക്കാൻ ഉപയോഗിച്ചിരുന്ന ‘കേരളൈറ്റ്’, ‘കേരളന്‍’ എന്നീ പദങ്ങള്‍ക്ക് ഇനി എന്ത് സംഭവിക്കും? ‘കേരളമൈറ്റ്’ എന്ന് കേട്ടാല്‍ ഒരു സൂക്ഷ്മജീവിയെപ്പോലെയുണ്ട്, ‘കേരളമീയന്‍’ എന്നത് കേട്ടാല്‍ ഏതെങ്കിലും അപൂർവ്വ ധാതുവാണെന്നേ തോന്നൂ...
ഈ തിരഞ്ഞെടുപ്പ് ആവേശത്തിന്റെ ഫലമായി ഉരുത്തിരിയുന്ന പുതിയ പദങ്ങള്‍ കണ്ടെത്താനായി മുഖ്യമന്ത്രിയുടെ ഓഫീസ് ഒരു മത്സരം തന്നെ നടത്തേണ്ടി വന്നേക്കാം...’’ എന്നാണ് ശശി തരൂര്‍ കുറിച്ചിരിക്കുന്നത്. പല വിദേശികളും ഉത്തരേന്ത്യക്കാരും കേരളത്തെ ‘കരേല’ എന്ന് ഉച്ചരിക്കാറുണ്ടെന്നും, അത് കയ്പ്പേറിയ അനുഭവമാണെന്നും ഒരു കമന്റിന് മറുപടിയായി തരൂർ പറഞ്ഞു. ആദ്യം സ്പെല്ലിംഗും ഉച്ചാരണവും ശരിയാക്കുകയാണ് വേണ്ടതെന്നും തരൂര്‍ മറുപടി കമന്റില്‍ ഓർമ്മിപ്പിച്ചു.
പ്രധാനമന്ത്രിയുടെ പുതിയ ഓഫീസായ ‘സേവാ തീർത്ഥില്‍’ ചേർന്ന ആദ്യ മന്ത്രിസഭാ യോഗത്തിലാണ് കേരളത്തിന്റെ പേര് മാറ്റാനുള്ള ശുപാർശയ്ക്ക് അംഗീകാരം ലഭിച്ചത്. ഭരണഘടനയുടെ ഒന്നാം ഷെഡ്യൂളില്‍ ഭേദഗതി വരുത്തിയാണ് ഈ മാറ്റം നടപ്പിലാക്കുക. ബില്ല് ആദ്യം കേരള നിയമസഭയുടെ അംഗീകാരത്തിനായി അയക്കുകയും തുടർന്ന് പാർലമെന്റില്‍ അവതരിപ്പിച്ച് നിയമമാക്കുകയും ചെയ്യുമെന്ന് കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവ് വ്യക്തമാക്കിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് ശശി തരൂരിന്റെ പ്രതികരണം വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെടുന്നത്.
All to the good, no doubt, but a small linguistic question for the Anglophones among us: what happens now to the terms “Keralite” and “Keralan” for the denizens of the new “Keralam”? “Keralamite” sounds like a microbe and “Keralamian” like a rare earth mineral…! @CMOKerala might…— Shashi Tharoor (@ShashiTharoor) February 24, 2026
കേരളത്തിന്റെ പേര് ‘കേരളം’ എന്നാക്കി മാറ്റിയതുകൊണ്ട് എന്തു വ്യത്യാസമാണ് ഉണ്ടാവുകയെന്നും ശശി തരൂര്‍ ചോദിക്കുന്നുണ്ട്. കേരളത്തിന് എയിംസോ, വികസന പദ്ധതികളോ പുതിയ സ്ഥാപനങ്ങളോ കേന്ദ്രം നല്‍കിയിട്ടില്ല. പകരം സംസ്ഥാനത്തിന്റെ പേര് മാറ്റുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്നും തരൂര്‍ പറഞ്ഞു. കേരളം ദീർഘകാലമായി ഉന്നയിക്കുന്ന ആവശ്യങ്ങളോട് കേന്ദ്രം മുഖംതിരിക്കുകയാണെന്ന് തരൂർ ചൂണ്ടിക്കാട്ടി.
‘‘മലയാളത്തില്‍ ‘കേരളം’ എന്ന വാക്ക് ഇതിനകം തന്നെ ഉണ്ട്. ഇപ്പോള്‍, ഇംഗ്ലീഷിലേക്ക് ഒരു മലയാളം വാക്ക് വരുന്നു. അത് എന്ത് വ്യത്യാസമാണ് ഉണ്ടാക്കുന്നതെന്ന് എനിക്കറിയില്ല. നമുക്ക് ഒരു എയിംസ് അനുവദിക്കാനോ പുതിയ പദ്ധതികള്‍ നല്‍കാനോ കേന്ദ്ര സർക്കാർ തയ്യാറായിട്ടില്ല. കേന്ദ്ര ബജറ്റില്‍ കേരളത്തിനായി ഒന്നും പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ ഒരു പേര് മാറ്റത്തിന്റെ കാര്യം വരുമ്പോള്‍ അവർ അത് അംഗീകരിക്കാൻ വലിയ താല്പര്യം കാണിക്കുന്നു, അവര്‍ അതിന് അംഗീകാരം നല്‍കാന്‍ തയ്യാറാണ്. കേന്ദ്ര സര്‍ക്കാരിനും സംസ്ഥാന സര്‍ക്കാരിനും ഇടയില്‍ സംഭവിക്കുന്നത് ഇതുമാത്രമാണ്. പേര് മാറ്റം കൊണ്ട് മാത്രം സംസ്ഥാനത്തിന് ഗുണമൊന്നുമില്ലെന്നും ക്രിയാത്മകമായ പദ്ധതികളാണ് വേണ്ടത്...’’ എന്നാണ് ശശി തരൂരിന്റെ നിലപാട്.
ഇംഗ്ലീഷില്‍ ‘കേരള’ എന്നും ഹിന്ദിയില്‍ ‘കേരള്‍’ എന്നും ഉപയോഗിക്കുന്നത് ഒഴിവാക്കി ഔദ്യോഗികമായി ‘കേരളം’ എന്ന പേര് സ്വീകരിക്കണമെന്നായിരുന്നു നിയമസഭയുടെ ആവശ്യം. ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും ഈ വിഷയത്തില്‍ അടുത്തിടെ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. ബില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു കേരള നിയമസഭയ്ക്ക് അയയ്ക്കും. നിയമസഭയുടെ അഭിപ്രായം തേടിയശേഷം കേന്ദ്രം തുടര്‍നടപടി സ്വീകരിക്കും. പാര്‍ലമെന്റും ബില്‍ പാസാക്കേണ്ടതുണ്ട്.
ഭരണഘടന ഭേദഗതി ബില്‍ ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടത്തില്‍ പാർലമെന്റില്‍ അവതരിപ്പിക്കാനാണ് സാധ്യത. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ബില്‍ അവതരിപ്പിക്കുമെന്നാണ് സൂചന. കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരത്തിന് ശേഷം, ബില്‍ രാഷ്ട്രപതി കേരള നിയമസഭയുടെ അഭിപ്രായത്തിനായി അയക്കും. നിയമസഭയുടെ പ്രതികരണം ലഭിച്ച ശേഷം മാത്രമേ പാർലമെന്റ് ബില്‍ പരിഗണിക്കൂ. 2011-ല്‍ ‘ഒറീസ’യുടെ പേര് ‘ഒഡീഷ’ എന്നാക്കി മാറ്റിയതിന് സമാനമായ ഭരണഘടനാ നടപടിയാണിത്.
ഭരണഘടനയുടെ ഒന്നാം പട്ടികയില്‍ സംസ്ഥാനത്തിന്റെ പേര് ‘കേരള’ എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇത് ‘കേരളം’ എന്നാക്കി ഭേദഗതി ചെയ്യുന്നതിനുവേണ്ട അടിയന്തര നടപടികള്‍ ഭരണഘടനയുടെ അനുച്ഛേദം 3 പ്രകാരം കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ടാണ് 2024 ജൂണില്‍ കേരള നിയമസഭ പ്രമേയം പാസ്സാക്കിയത്. ഭരണഘടനയുടെ എട്ടാം പട്ടികയില്‍ പറയുന്ന എല്ലാ ഭാഷകളിലും ‘കേരളം’ എന്ന് മാറ്റണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെട്ടിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിച്ച പ്രമേയം ഭേദഗതികള്‍ ഇല്ലാതെ പ്രതിപക്ഷം അംഗീകരിക്കുകയായിരുന്നു. കേരളത്തിന്റെ ഈ ആവശ്യമാണ് കേന്ദ്ര മന്ത്രിസഭ പരിഗണിച്ചത്. 2023 ഓഗസ്റ്റില്‍ ഇതേ കാര്യം ആവശ്യപ്പെട്ട് പ്രമേയം കേരള നിയമസഭ പാസ്സാക്കിയിരുന്നു. പക്ഷെ, സാങ്കേതിക പ്രശ്‌നം ചൂണ്ടിക്കാട്ടി കേന്ദ്രം അത് മടക്കി. തുടര്‍ന്നാണ് പരിഷ്‌കരിച്ച പ്രമേയം കേരള നിയമസഭ പാസ്സാക്കി കേന്ദ്രത്തിന് വീണ്ടും അയച്ചത്.