Thursday, March 12, 2026 Last Updated 12 Min 55 Sec ago English Edition
Todays E paper
Ads by Google
Wednesday 25 Feb 2026 01.53 PM

‘ഒരു നടി ഐ ലവ് യൂ എന്ന് പറഞ്ഞു; താങ്ക് യു' വിനു പകരം കേട്ട പാതി ഞാൻ കൊടുത്ത മറുപടി ഐ ലവ് യു ടൂ എന്ന്...’ ബി ടൗണ്‍ താരങ്ങളെയും പൊട്ടിച്ചിരിപ്പിച്ച് ബേസില്‍ ജോസഫ്; പ്രസംഗം വൈറല്‍

uploads/news/2026/02/827237/Untitled-3.jpg
Basil Joseph viral speech in Hollywood Reporter of India Honours Award (Image Source: Instagram)

മലയാളികൾക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബേസിൽ ജോസഫ്. ബേസിലിലെ സംവിധായകനും നടനും ഒരുപോലെ ആരാധകരുണ്ട്. ചുരുങ്ങിയ കാലം കൊണ്ട് സിനിമാലോകത്ത് സ്വയം അടയാളപ്പെടുത്തിയ താരം സംവിധായകനായി മാത്രമല്ല നടനായും പ്രേക്ഷകമനസ്സിലിടം നേടി. സഹനടനായിട്ടാണ് അഭിനയലോകത്ത് തുടക്കം കുറിച്ചതെങ്കിലും പിന്നീടിങ്ങോട്ട് പ്രേക്ഷകര്‍ ഏറെയിഷ്ടപ്പെടുന്ന മിനിമം ഗ്യാരന്റിയുള്ള താരമായി ബേസില്‍ മാറി.
‘പൊന്മാന്‍’ എന്ന സിനിമയിലെ മികച്ച അഭിനയത്തിലൂടെ കേരളത്തിനു പുറത്തും ബേസില്‍ ശ്രദ്ധിക്കപ്പെട്ടു. സംവിധായകനായി കരിയർ ആരംഭിച്ച ബേസിൽ ഇന്ന് തെന്നിന്ത്യൻ സിനിമാ പ്രേക്ഷകരെ ഒന്നടങ്കം ഞെട്ടിച്ചു കൊണ്ടിരിക്കുന്ന ഒരു നടനാണ്. പൊന്മാൻ എന്ന ചിത്രത്തിലൂടെ കേരളത്തിന് പുറത്തും ബേസിലിനിപ്പോൾ വലിയൊരു ഫാൻബേസ് ഉണ്ട്. നിരൂപകരും സിനിമാപ്രേമികളുമൊക്കെ വലിയ രീതിയില്‍ പ്രശംസിച്ച സിനിമയായും കഥാപാത്രമായും ‘പൊന്മാനി​’ലെ പിപി അജേഷ് മാറി. കഴിഞ്ഞ ദിവസം ‘പൊന്മാനി’ ലെ പ്രകടനത്തിന് ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യ സംഘടിപ്പിച്ച അവാര്‍ഡ് ചടങ്ങില്‍ ബേസില്‍ പുരസ്കാരം നേടിയിരുന്നു.
ഇപ്പോഴിതാ പ്രൗഢ ഗംഭീരമായ ചടങ്ങിൽ മികച്ച പ്രകടനത്തിനുള്ള അംഗീകാരം ഏറ്റുവാങ്ങിയ ശേഷം ബേസിൽ നടത്തിയ പ്രസംഗമാണ് ​സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. തന്റെ പരിഭ്രമവും ആവേശവും ആരാധനയും ഒട്ടും മറച്ചുവയ്ക്കാതെ തികച്ചും സ്വാഭാവികമായും നർമം കലർത്തിയും ബേസില്‍ സംസാരിച്ചപ്പോൾ അത് കേവലം ഒരു നന്ദി പ്രസംഗത്തിനപ്പുറം കാണികളുടെ ഹൃദയത്തിൽ തട്ടുന്ന ഒന്നായി മാറി. ബോളിവുഡിലെ മുന്‍നിര സംവിധായകരായ രാജ്കുമാര്‍ ഹിരാനിയും വിധു വിനോദ് ചോപ്രയും ചേര്‍ന്നാണ് ബേസിലിന് പുരസ്‌കാരം നല്‍കിയത്. രണ്ട് ഗംഭീര സംവിധായകരുടെ കയ്യില്‍ നിന്ന് അവാര്‍ഡ് വാങ്ങാന്‍ സാധിച്ചതില്‍ താന്‍ വളരെ സന്തോഷവാനാണെന്ന് ബേസില്‍ പറഞ്ഞു.
‘‘വളരെ നന്ദി. ഈ അംഗീകാരം സ്വീകരിക്കുമ്പോൾ എനിക്ക് വാക്കുകൾ കിട്ടുന്നില്ല; സത്യത്തിൽ ഞാൻ ഒരുപാട് വികാരാധീനനാണ്. ഒരു പ്രസംഗം ഒക്കെ തയാറെടുത്തു വന്നെങ്കിലും ഈ വേദിയിൽ നിൽക്കുമ്പോൾ എനിക്ക് വലിയ പരിഭ്രമം തോന്നുന്നുണ്ട്. പ്രത്യേകിച്ച്, എനിക്ക് ഈ അവാർഡ് നൽകിയ ആ രണ്ട് വ്യക്തികൾ, ഞാൻ അവരുടെ എത്ര വലിയ ആരാധകനാണെന്നോ...രണ്ട് ഗംഭീര സംവിധായകരുടെ കയ്യില്‍ നിന്ന് അവാര്‍ഡ് വാങ്ങാന്‍ സാധിച്ചതില്‍ ഞാന്‍ വളരെ സന്തോഷവാനാണ്.
ഒരു സംവിധായകനായാണ് എന്റെ സിനിമ ജീവിതം തുടങ്ങിയത്, പിന്നീടാണ് നടനായി മാറിയത്. ഇത്രയധികം പ്രതിഭകൾക്ക് മുന്നിൽ ഈ വേദിയിൽ നിൽക്കാൻ സാധിക്കുന്നത് അത്ഭുതകരമായി തോന്നുന്നു. ഒരു നടനെന്ന നിലയിൽ ഈ അവാർഡ് ലഭിക്കുക എന്നത് എന്നെ സംബന്ധിച്ച് ചിന്തിക്കാൻ പോലും കഴിയാത്ത കാര്യമായിരുന്നു. ജീവിതം ഇത്രത്തോളം മാറിമറിഞ്ഞതിൽ ഞാൻ പ്രപഞ്ചത്തോടും ദൈവത്തോടും നന്ദി പറയുന്നു.
ആദ്യമായി, എന്റെ സംവിധായകൻ ജിതിൻ, ടൊവിനോ തോമസ്, കൂടെ അഭിനയിച്ചവരോടും, സാങ്കേതിക പ്രവർത്തകരോടും, ഈ സിനിമയുടെ ഭാഗമായ എല്ലാവരോടും ഞാൻ കടപ്പെട്ടിരിക്കുന്നു.
സത്യം പറഞ്ഞാൽ, ഇത്തരം വിലകൂടിയ വസ്ത്രങ്ങൾ ധരിച്ചും വലിയ പാർട്ടികളിൽ പങ്കെടുത്തും എനിക്ക് അത്ര ശീലമില്ല. ഇവര്‍ എനിക്ക് തന്ന ഈ കോസ്റ്റ്യൂം എന്റെ ടെന്‍ഷന്‍ ഇരട്ടിയാക്കി. ഇത്തരം കോസ്റ്റ്യൂമൊന്നും ഞാന്‍ ഇടാറില്ല. അപ്പോള്‍ ഈ കോസ്റ്റ്യൂം ധരിച്ച് ഇങ്ങോട്ട് വരുമ്പോള്‍ എല്ലാവരും എന്താകും പറയുക എന്ന് ഒരുപാട് ചിന്തിച്ചു. കാണാന്‍ നന്നായിട്ടുണ്ടെന്നാകും പലരും പറയുക എന്ന് വിചാരിച്ചു. ബേസില്‍, നിങ്ങളെ കാണാന്‍ നന്നായിട്ടുണ്ട്‌ എന്ന് ആരെങ്കിലും പറയുമ്പോള്‍ യു ആര്‍ ലുക്കിങ് സോ ഗുഡ് ടൂ എന്ന് തിരിച്ച് പറയണമെന്ന് തീരുമാനിച്ചു. ഇത് തന്നെയായിരുന്നു മനസിൽ പറഞ്ഞു കൊണ്ടിരുന്നത്. ഇവിടെ എത്തിയപ്പോൾ എനിക്ക് നല്ല ടെൻഷൻ ഉണ്ടായിരുന്നു, പക്ഷേ എല്ലാവരും ഞാൻ സുന്ദരനായിട്ടുണ്ടെന്ന് പറഞ്ഞ് എന്നെ ആശ്വസിപ്പിച്ചു.
ഈ ഹാളിലേക്ക് കയറി വന്നപ്പോൾ ഒരു നടി എന്നെ കണ്ടതും ബേസിൽ ഐ ലവ് യു എന്ന് പറഞ്ഞു. കേട്ട പാതി ഞാൻ ഐ ലവ് യു ടൂ എന്ന് മറുപടി പറഞ്ഞു. പിന്നീട് അത് തിരുത്തി താങ്ക് യു എന്ന് പറഞ്ഞു. അത്രക്ക് നെര്‍വസായാണ് ഞാന്‍ ഇവിടേക്ക് വന്നത്.
രാജ്കുമാര്‍ ഹിരാനി സാര്‍, സാറിന്റെ സിനിമകളെല്ലാം എന്നെ ഇന്‍സ്പയര്‍ ചെയ്തിട്ടുണ്ട്. ഒരു ചലച്ചിത്ര സംവിധായകന്‍ എന്ന നിലയിൽ ഞാൻ പ്രധാനമായും തമാശയ്ക്കും നർമത്തിനും പ്രാധാന്യമുള്ള സിനിമകളാണ് ചെയ്യുന്നത്. എനിക്ക് നിങ്ങളോട് ഒരു കാര്യം പറയണമെന്നുണ്ട്. നിങ്ങളുടെ ഒരു അഭിമുഖം ഞാൻ കണ്ടിരുന്നു, ഒരു യൂട്യൂബ് ചാനലിന് കൊടുത്തത്. അതില്‍ താങ്കളു​ടെ ഓഫിസിന്റെ ഭിത്തിയിൽ ഫ്രെയിം ചെയ്തു വെച്ചിരിക്കുന്ന ചില കീവേഡുകൾ ശ്രദ്ധയിൽപ്പെട്ടു. ഓരോ സീനിലും ഉണ്ടായിരിക്കേണ്ട ഘടകങ്ങളെ കുറിച്ചായിരുന്നു അത്. ചിരി, പ്രണയം, പിന്നെ.. എൽ.എസ്.ഡി അല്ല, എൽ.സി.ഡി...ക്ഷമിക്കണം, എനിക്ക് തെറ്റിയതാണ്. ‘എല്‍’ ഫോർ ലാഫ്, ‘സി’ ഫോർ ക്രൈ ... മൂന്നാമത്തേത് ഞാൻ മറന്നുപോയി, സർ. ഞാൻ പോയിട്ട് അത് വീണ്ടും പരിശോധിക്കാം....’’ ബേസില്‍ പറഞ്ഞു. താരം പറയുന്ന ഓ​രോ വാക്കുകളും നിറചിരിയോടെയും കൈയടിയോടെയുമാണ് സദസ്സ് ഏറ്റെടുക്കുന്നത്. ബോളിവുഡ് താരം വിക്കി കൗശാല്‍, ബേസിലിന്റെ തമാശ നിറഞ്ഞുള്ള സംസാരം കേട്ട് ചിരിക്കുന്നതും ഹൃദയം തുറന്ന് ആസ്വദിക്കുന്നതും വീഡി​യോയില്‍ കാണാം.
​ഈ അവാര്‍ഡ് നിശയുടെ അവതാരക ബോളിവുഡ് താരം കൂടിയായ നേഹ ധൂപിയയായിരുന്നു. ബേസിലിന്റെ പ്രസംഗത്തെക്കുറിച്ച് നേഹയും സംസാരിക്കുന്നത് വീഡിയോയിലുണ്ട്. ‘‘ഞാൻ ഒരുപാട് ഷോകൾ അവതരിപ്പിച്ചിട്ടുണ്ട്, ഒരുപാട് പ്രസംഗങ്ങൾ കേട്ടിട്ടുണ്ട്. പക്ഷേ, മുറി മുഴുവൻ ഒരുപാട് സ്നേഹവും ഊഷ്മളതയും കൊണ്ട് നിറയ്ക്കുന്ന ഒന്ന്, അത് വളരെ യഥാർത്ഥമായ ഒരു സ്ഥലത്ത് നിന്നാണ് വരുന്നത്, ബേസിൽ. നിങ്ങൾ ഒന്നിലധികം വഴികളിൽ ഒരു നായകനാണ്, നിങ്ങൾ അതിശയകരമായി കാണപ്പെടുന്നു, ഞങ്ങൾ നിങ്ങളെ സ്നേഹിക്കുന്നു...’’ എന്നാണ് നേഹ പറഞ്ഞത്.
ബേസിലിന്റെ ഈ പ്രസം​ഗത്തിന്റെ വിഡിയോയുടെ ക്ലിപ്പുകൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്. സംവിധായകരായ രാജ് കുമാർ ഹിറാനിയിൽ നിന്നും വിധു വിനോദ് ചോപ്രയിൽ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങിയ ബേസിൽ വേദി വിടുന്നതിന് മുൻപ് ഇവർക്കൊപ്പം ഒരു സെൽഫി കൂടി ചോദിച്ചു വാങ്ങി. താരം സെല്‍ഫി എടുക്കുന്നതും വീഡിയോയിലുണ്ട്. പൊന്മാനിലെ പ്രകടനത്തിനാണ് ബേസിൽ പുരസ്കാരത്തിന് അർഹനായത്. ഇന്ത്യൻ സിനിമയിലെ പല പ്രമുഖരും ചടങ്ങിനെത്തിയിരുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW