-->
തിരക്കഥാകൃത്ത്, സംവിധായകന്‍, നടന്‍ എന്നിങ്ങനെ തൊട്ടതെല്ലാം പൊന്നാക്കിയ മലയാളത്തിന്റെ പ്രിയതാരമാണ് ബേസില്‍ ജോസഫ്. അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുമായി മലയാള സിനിമയിലേക്കെത്തി ബ്ലോക്ക്ബസ്റ്റര്‍ വിജയം നേടിയ സിനിമയുടെ അമരക്കാരനാകുക മാത്രമല്ല, അഭിനയിച്ച സിനിമകളും സൂപ്പര്‍ഹിറ്റ് പട്ടികയില്‍ ഇടം പിടിപ്പിച്ചു. ബേസില്‍ സിനിമയിൽ ഉണ്ടെങ്കിൽ പിന്നെ ഹിറ്റ് ഉറപ്പിക്കാം എന്ന തലത്തിലേക്ക് പ്രേക്ഷകരും മാറിക്കഴിഞ്ഞിട്ടുണ്ട്.
ഒരു പതിറ്റാണ്ടിനിടെ സംഭവിച്ച സര്‍പ്രൈസിംഗ് താരോദയങ്ങളില്‍ ഒന്നായ ബേസിലിന്റെ സിനിമകള്‍ ഒരു മിനിമം ഗ്യാരണ്ടി ഓഫറുള്ളതായിരിക്കും എന്നാണ് പ്രേക്ഷകര്‍ക്ക് പൊതുവേയുള്ള അഭിപ്രായം. വളരെ ചുരുങ്ങിയ കാലം കൊണ്ടു തന്നെ ജാൻ എ മൻ, ജയ ജയ ജയ ജയഹേ, ഫാലിമി, ഗുരുവായൂർ അമ്പലനടയിൽ, സൂക്ഷ്മദർശിനി, പൊന്മാൻ എന്നിങ്ങനെ അനവധി ഹിറ്റുകള്‍ ബേസില്‍ നല്‍കി.
ഇപ്പോഴിതാ കഴിഞ്ഞ ദിവസം നടന്ന സൈലം അവാര്‍ഡ് നിശയ്ക്കിടെ ബേസിലിന്റെ അദ്ധ്യാപകന്‍ തന്റെ വിദ്യാര്‍ത്ഥിയായിരുന്ന ബേസിലിനെക്കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് സോഷ്യല്‍ മീഡിയ ഏറ്റെടുക്കുന്നത്. പ്ലസ് ടു വിദ്യാർത്ഥിയായിരിക്കുന്ന സമയത്ത്, മന്ത്രി ബിനോയ് വിശ്വത്തോടാണ് ബേസിൽ ഒരു കുസൃതിചോദ്യം ചോദിച്ചതാണ് ബേസിലിന്റെ അധ്യാപകൻ ഓർത്തെടുത്തത്.
‘‘ബേസിൽ പ്ലസ് ടുവിൽ പഠിക്കുന്ന സമയത്ത് കേരളത്തിലെ ക്ലീൻ ഇമേജുള്ള ഒരു മിനിസ്റ്റർ ഞങ്ങളുടെ സ്കൂളിൽ വന്നു. ബിനോയ് വിശ്വം. നിങ്ങളുടെ മുന്നിൽ ഒരു മിനിസ്റ്റർ വന്നാൽ നിങ്ങളെന്താവും ചോദിക്കുക? ബേസിൽ ചോദിച്ചത് ഒരു കിടുക്കാച്ചി ചോദ്യമായിരുന്നു. ജേർണലിസ്റ്റുകൾ പോലും ചോദിച്ചിട്ടുണ്ടാവില്ല അങ്ങനെയൊന്ന്. ‘മിനിസ്റ്ററേ... മിനിസ്റ്ററെന്താ അഴിമതി ഒന്നും ചെയ്യാത്തതെന്ന്?’ പിറ്റേദിവസത്തെ പത്രത്തിലൊക്കെ മിടുക്കന്റെ കുസൃതിചോദ്യം എന്ന തലക്കെട്ടോടെ അതു അച്ചടിച്ചുവന്നത് എനിക്കിപ്പോഴും ഓര്‍മ്മയുണ്ട്.
എന്റെ ക്ലാസിലെ ബെഞ്ചിലിരുന്ന ബേസിലില്‍ നിന്ന് മലയാളികളുടെ മനസ്സിലിരിക്കുന്ന ബേസിലിനെയാണ് ഞാനിന്ന് കാണുന്നത്. വളരെ സന്തോഷവും അഭിമാനവും തോന്നുന്നു...’’ അദ്ധ്യാപകന്‍ പറയുന്നത് കേട്ട് ബേസിലും സദസ്സും ഒരുപോലെ പൊട്ടിച്ചിരിക്കുന്നതും പിന്നീട് ബേസില്‍ അദ്ധ്യാപകനോട് നന്ദി പറയുന്നതും വീഡിയോയില്‍ കാണാം.