-->
പുത്തന്‍ 2026 മോഡല്‍ ഡി-മാക്സ് വി-ക്രോസ് അവതരിപ്പിച്ചതിന് പുറമെ ഇസൂസു ഇന്ത്യ ഡി-മാക്‌സ് ഹൈ-ലാന്‍ഡറിന്റെ പുതുമോഡലും വിപണിയിലെത്തിച്ചിരിക്കുകയാണ്. വി-ക്രോസ് പിക്കപ്പിന്റെ കൂടുതല്‍ ബേസിക് പതിപ്പാണ് ഹൈ-ലാന്‍ഡര്‍. എന്നാല്‍ മുന്‍ഗാമിയെ അപേക്ഷിച്ച് ഇപ്പോള്‍ ഫീച്ചറുകളുടെ കാര്യത്തില്‍ വളരെയധികം കാര്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നുണ്ടെന്നാണ് ജാപ്പനീസ് വാഹന നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. കൂടാതെ ആദ്യമായി ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഓപ്ഷനില്‍ ഇസൂസു ഡി-മാക്സ് ഹൈലാന്‍ഡര്‍ വിപണിയില്‍ എത്തുന്നുവെന്ന പ്രത്യേകതയും ഇത്തവണയുണ്ട്. 21.05 ലക്ഷം രൂപ മുതല്‍ 23.88 ലക്ഷം രൂപ വരെയാണ് 2026 മോഡല്‍ ഹൈ-ലാന്‍ഡറിനായി ഇന്ത്യയില്‍ മുടക്കേണ്ടി വരുന്ന എക്‌സ്‌ഷോറൂം വില.
ഹൈ-ലാന്‍ഡറില്‍ ഇപ്പോള്‍ ഒരു ബേസ് V-ക്രോസിന് സമാനമായ സവിശേഷതകള്‍ കുത്തിനിറച്ചാണ് വിപണനത്തിന് എത്തുന്നത്.അതായത് ഇന്റഗ്രേറ്റഡ് ഡിആര്‍എല്ലുകളുള്ള എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്ലാമ്പുകള്‍, എല്‍ിഡി ടെയില്‍ ലാമ്പുകള്‍, ഓട്ടോമാറ്റിക് വേരിയന്റില്‍ ക്രൂയിസ് കണ്‍ട്രോള്‍, ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നിവയുള്ള 7.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ എന്നിവയെല്ലാം വാഗ്ദാനം ചെയ്യുന്നുണ്ട്.
കൂടാതെ ഇലക്ട്രിക് അഡ്ജസ്റ്റ്, ഫോള്‍ഡിംഗ് വിംഗ് മിററുകള്‍, ഓട്ടോ ക്ലൈമറ്റ് കണ്‍ട്രോള്‍, റിമോട്ട് സെന്‍ട്രല്‍ ലോക്കിംഗ് എന്നിവയും ഇസൂസു ഡി-മാക്സ് ഹൈലാന്‍ഡറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
റിവേഴ്സ് ക്യാമറ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍, ISOFIX ചൈല്‍ഡ് സീറ്റ് ആങ്കര്‍ പോയിന്റുകള്‍, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, ഹില്‍ ഡിസന്റ് കണ്‍ട്രോള്‍ എന്നിവയെല്ലാമാണ് നിലവില്‍ കൂട്ടിച്ചേര്‍ത്തിരിക്കുന്നത്. 1.9 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് 2026 ഇസൂസു ഡി-മാക്സ് ഹൈലാന്‍ഡറിന് തുടിപ്പേകുന്നത്. ഇത് 161 bhp കരുത്തില്‍ പരമാവധി 360 Nm ടോര്‍ക്ക് വരെ നിര്‍മിക്കാന്‍ യോഗ്യമാണ്. ഇപ്പോള്‍ വി-ക്രോസിലേതുപോലെ ഒരു ഐഡില്‍ സ്റ്റോപ്പ് സ്റ്റാര്‍ട്ട് സിസ്റ്റവും ഉണ്ടെന്നതിനാല്‍ വണ്ടി കൂടുതല്‍ കാര്യക്ഷമമായിട്ടുണ്ടെന്ന് പറയാം. 6-സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന് പുറമെ മുമ്പത്തെപ്പോലെ തന്നെ വാങ്ങുന്നവര്‍ക്ക് ഇപ്പോഴും 6-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സുള്ള ഹൈ-ലാന്‍ഡറും തെരഞ്ഞെടുക്കാനാവും.