-->
ജെഎസ്ഡബ്ല്യു ഗ്രൂപ്പിന്റെ സ്വതന്ത്ര പാസഞ്ചര്‍ മൊബിലിറ്റി ഡിവിഷന്‍ ഇന്ത്യയില്‍ സ്ഥാപിക്കാനുള്ള തയാറെടുപ്പിലാണ്. ഇതിന്റെ ഭാഗമായി ചൈനീസ് ഇവി ഭീമനായ ചെറിയുമായി പങ്കാളിത്തവും കമ്പനി പ്രഖ്യാപിച്ചിരുന്നു. അധികം വൈകാതെ തന്നെ ഇന്ത്യയില്‍ നിരവധി പുതിയ കാറുകള്‍ പുറത്തിറക്കാനാണ് ഇരുബ്രാന്‍ഡുകളും തമ്മില്‍ ധാരണയായിരിക്കുന്നത്. പ്ലഗ്-ഇന്‍ ഹൈബ്രിഡ് (PHEV) എസ്യുവിയായിരിക്കും ജെഎസ്ഡബ്ല്യു മോട്ടോര്‍സിന്റേതായി (JSW Motors) ആദ്യം അവതരിപ്പിക്കുന്ന മോഡല്‍.
ചെറിയുടെ ഇലക്ട്രിക് എസ്യുവി ഏതുതരം റോഡുകളിലൂടെയും അനായാസം ഓടിച്ചുകൊണ്ടുപോവാം. ഡിസൈനിന്റെ കാര്യത്തിലേക്ക് വന്നാല്‍ മുന്നില്‍ വൃത്താകൃതിയിലുള്ള ഹെഡ്ലാമ്പുകള്‍, സീല്‍ഡ്-ഓഫ് ഫ്രണ്ട് സെക്ഷന്‍ എന്നിവയാണ് ചെറി ഐകാര്‍ V23 ഇവിയുടെ പ്രധാന ആകര്‍ഷണം. ബമ്പര്‍ ഡിസൈന്‍ ജീപ്പ് റാങ്‌ലറില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതായി തോന്നിയേക്കാം. വശക്കാഴ്ച്ചയില്‍ പിന്‍ ക്വാര്‍ട്ടര്‍ ഗ്ലാസിന്റെ സാന്നിധ്യമാണ് ആദ്യം കണ്ണിലുടക്കുക. കൂടാതെ പല ഇവികളിലും കാണുന്ന ഫ്‌ലഷ്, ഇലക്ട്രിക്കലി ഓപ്പറേറ്റഡ് ഹാന്‍ഡിലുകള്‍ക്ക് പകരം പുള്‍-ടൈപ്പ് യൂണിറ്റുകളാണ് ചെറി ഉപയോഗിച്ചിരിക്കുന്നത്.
ഇന്റീരിയറിനെ സംബന്ധിച്ചിടത്തോളം ചെറി ഐകാര്‍ V23 ഇവി ലളിതവും എന്നാല്‍ സങ്കീര്‍ണവുമായ ഡാഷ്ബോര്‍ഡ് ഡിസൈനാണ് ഉപയോഗിക്കുന്നത്. ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 8155 ചിപ്പ് നല്‍കുന്ന ഒരു വലിയ ഫ്രീസ്റ്റാന്‍ഡിംഗ് 15.4 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് മധ്യഭാഗത്ത് ആധിപത്യം സ്ഥാപിക്കുന്നത്. ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോളിനുള്ള എസി വെന്റുകളും കണ്‍ട്രോളുകളും ഇതിനടുത്തായി കാണാം. ലെതറെറ്റ് അപ്‌ഹോള്‍സ്റ്ററി, വെന്റിലേറ്റഡ്, പവര്‍ സീറ്റുകള്‍, ഉയര്‍ന്ന നിലവാരമുള്ള ഓഡിയോ സിസ്റ്റം തുടങ്ങിയ നിരവധി മോഡണ്‍ ഫീച്ചറുകളും ചെറിയുടെ ഇലക്ട്രിക് എസ്യുവിയുടെ മറ്റ് ശ്രദ്ധേയമായ ഹൈലൈറ്റുകളില്‍ ഉള്‍പ്പെടും. പ്രായോഗികതയുടെ കാര്യത്തില്‍ ഐകാര്‍ V23 ഇവിക്ക് ഫോള്‍ബിള്‍ റിയര്‍ സീറ്റുകള്‍ ഉണ്ടാകും. സീറ്റുകള്‍ മടക്കിയിടുകയാണെങ്കില്‍ ബൂട്ട് സ്പേസ് 744 ലിറ്ററായി വര്‍ധിപ്പിക്കാം. 90 ലിറ്റര്‍ അണ്ടര്‍ഫ്‌ലോര്‍ സ്റ്റോറേജും വണ്ടിയില്‍ ഒരുക്കിയിട്ടുണ്ട്.