Thursday, March 12, 2026 Last Updated 1 Min 13 Sec ago English Edition
Todays E paper
Ads by Google
Tuesday 24 Feb 2026 11.35 PM

ജീര്‍ണിച്ച കെട്ടിടത്തില്‍ നിര്‍മാണവും നവീകരണവും തുടരുന്നു

uploads/news/2026/02/827114/k4.jpg

കൊല്ലം: കോഴിക്കോട്‌ വലിയങ്ങാടിയില്‍ കോര്‍പറേഷന്‍ കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ്‌ സ്ലാബ്‌ തകര്‍ന്ന്‌ വീണുണ്ടായ അപകടത്തില്‍ നാല്‌ പേര്‍ക്ക്‌ ജീവന്‍ നഷ്‌ടപ്പെട്ട സംഭവത്തില്‍ വ്യാപക പ്രതിഷേധം അലയടിക്കവെ കോട്ടയം നഗരസഭയിലെ തിരുനക്കര ബസ്‌ സ്‌റ്റാന്‍ഡ്‌ മുന്‍സിപ്പല്‍ കോംപ്ലക്‌സിലെ ജീര്‍ണാവസ്‌ഥയിലായ കെട്ടിടത്തില്‍ രാജധാനി ബാറിന്റെ അനധികൃത നിര്‍മാണവും നവീകരണവും നിര്‍ബാധം തുടരുന്നു. ഹൈക്കോടതി ചീഫ്‌ ജസ്‌റ്റീസ്‌ അടങ്ങുന്ന
ഡിവിഷന്‍ ബെഞ്ച്‌ നല്‍കിയ ഉത്തരവിനെ നോക്കുകുത്തിയാക്കിയാക്കിയാണ്‌ ഈ നിര്‍മാണം. തിരുവനന്തപുരം ലോക്കല്‍ ബോഡീസ്‌ എന്‍ജിനീയറിങ്‌ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്‌ പരിഗണിച്ച്‌ 50 വര്‍ഷത്തിലേറെ പഴക്കമുള്ള കെട്ടിടം അടിയന്തരമായി അറ്റകുറ്റപ്പണി നടത്താന്‍ ഹൈക്കോടതി ഉത്തരവിട്ടതാണ്‌.
അറ്റകുറ്റപണികള്‍ ചെയ്യാന്‍ ഒരു തരത്തിലും സാധിക്കാത്ത തരത്തില്‍ കെട്ടിട സമുച്ചയം അപ്പാടെ തകര്‍ന്നതിനാല്‍ കോംപ്ലക്‌സ്‌ ഇടിച്ച്‌ നിരത്തി പുതിയ ഷോപ്പിങ്‌ കോംപ്ലക്‌സ്‌ പണിയാന്‍ നഗരസഭ തീരുമാനമെടുത്തു. എന്നാല്‍ രാജധാനി ബാര്‍ ഹോട്ടല്‍ നില്‍ക്കുന്ന കെട്ടിടം മാത്രം നിലനിര്‍ത്തി മറ്റു മൂന്ന്‌ ബ്ലോക്കുകളിലെയും കെട്ടിടത്തിലെ 52 വ്യാപാര സ്‌ഥാപനങ്ങള്‍ക്ക്‌ നഗരസഭ നോട്ടീസ്‌ കൊടുത്ത്‌ ഒഴിപ്പിക്കുകയും കെട്ടിടങ്ങള്‍ ഇടിച്ച്‌ നിരത്തുകയും ചെയ്‌തു.
ബാര്‍ ഹോട്ടലിന്റെ പ്രവര്‍ത്തനം തുടര്‍ന്നുകൊണ്ടിരിക്കെ ഈ ഹോട്ടലിന്റെ പാരപ്പെറ്റില്‍ നിന്ന്‌ ഒരു സ്ലാബ്‌ പൊളിഞ്ഞ്‌ വീണ്‌ ഒരു പാവപ്പെട്ട ലോട്ടറി കച്ചവടക്കാരന്‍ മരണമടഞ്ഞിരുന്നു. മെയിന്‍ റോഡിനരികില്‍ ഫുട്‌പാത്തിന്‌ മുകളിലായി റോഡിലേക്ക്‌ തള്ളിനിന്നിരുന്ന സ്ലാബ്‌ തലയിലേക്ക്‌ വീണാണ്‌ മരിച്ചത്‌. തുടര്‍ന്ന്‌ ബസ്‌ സ്‌റ്റാന്‍ഡ്‌ കോംപ്ലക്‌സ്‌ സമുച്ചയം പൊളിച്ചു കളയണമെന്ന്‌ ആവശ്യപ്പെട്ട്‌
ഒരു പൊതു പ്രവര്‍ത്തകന്‍ ഹൈക്കോടതിയെ സമീപിച്ച്‌ അനുകൂല വിധി സമ്പാധിച്ചു. 2020 ഓഗസ്‌റ്റ്‌ 14ന്‌ കോട്ടയം ജില്ലാ കലക്‌ടര്‍ക്ക്‌ അയച്ച പരാതിയില്‍ രാജധാനി ഹോട്ടലിന്റെ അനധികൃതനിര്‍മാണത്തെക്കുറിച്ചും കെട്ടിടത്തിന്റെ അടിത്തറ
കുഴിച്ച്‌ മണ്ണ്‌ ഖനനം ചെയ്‌ത്‌ പുറത്തു കൊണ്ടുപ്പോയതുമൂലം ഈ കോംപ്ലക്‌സിലെ മുഴുവന്‍ കെട്ടിടങ്ങളേയും ദുര്‍ബലപ്പെടുത്തിയ കാര്യവും എടുത്ത്‌ പറഞ്ഞിട്ടുണ്ട്‌.
എന്നാല്‍, രണ്ടര വര്‍ഷത്തോളം പ്രവര്‍ത്തിക്കാതെ പൂട്ടിക്കിടന്ന ഹോട്ടല്‍ കോടതി വിധിയും എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും അവഗണിച്ച്‌ അറ്റകുറ്റപ്പണി നടത്തി ബാര്‍ ഹോട്ടല്‍ തുറക്കാന്‍ നഗരസഭ അനുവാദം കൊടുത്തു. ഇതിന്റെ ഭാഗമായി അവധി ദിവസങ്ങളിലും രാത്രി സമയങ്ങളിലും ഹോട്ടലിന്റെ പണികള്‍ ഇപ്പോഴും തകൃതിയായി തുടരുന്നു. കഴിഞ്ഞ ശനിയാഴ്‌ച രാത്രിയും ഞായറാഴ്‌ചയുമായി ബലക്ഷയമുള്ള കെട്ടിടത്തിന്റെ മുകളില്‍ പുതുതായി അഞ്ച്‌ വാട്ടര്‍ ടാങ്കുകളും സ്‌ഥാപിച്ചു.

Ads by Google
Tuesday 24 Feb 2026 11.35 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW