-->
കൊച്ചി: ജീവനക്കാരുടെ മൊബൈല്‍ ഫോണുകളിലേക്കു മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്നു സന്ദേശങ്ങളെത്തിയതില്‍ സംസ്‌ഥാന സര്‍ക്കാരിനെതിരേ കര്‍ശനനിലപാടുമായി ഹൈക്കോടതി. ഇനി ഇത്തരം സന്ദേശങ്ങള്‍ അയയ്‌ക്കരുതെന്നു കോടതിയുടെ ഇടക്കാല ഉത്തരവ്.
കെ.എസ്.ഇ.ബി. ഓഫീസേഴ്‌സ് അസോസിയേഷന്‍ ഉള്‍പ്പെടെയുള്ള സംഘടനകള്‍ നല്‍കിയ പരാതിയുടെ അടിസ്‌ഥാനത്തിലാണ് കോടതിയുടെ ഇടപെടല്‍. ജീവനക്കാരുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണിതെന്നു കോടതി നിരീക്ഷിച്ചു. സന്ദേശങ്ങള്‍ വായിക്കാന്‍ ആരെയും നിര്‍ബന്ധിക്കരുതെന്നും ജീവനക്കാരുടെ വ്യക്‌തിഗത വിവരങ്ങള്‍ പുറത്തുവിടരുതെന്ന സുപ്രീം കോടതി വിധി ചൂണ്ടിക്കാട്ടി ഹൈക്കോടതി വ്യക്‌തമാക്കി. സ്വകാര്യതയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആക്ഷേപം അതീവ ഗൗരവതരമാണെന്ന് നിരീക്ഷിച്ച കോടതി, വിഷയത്തില്‍ സര്‍ക്കാരിനോട് നാളെ വിശദമായ മറുപടി നല്‍കാനും ആവശ്യപ്പെട്ടു.
വ്യക്‌തിഗത വിവരങ്ങള്‍ക്ക് എന്ത് സുരക്ഷയാണുള്ളതെന്നു കോടതി ആരാഞ്ഞു. ഏതൊരാള്‍ക്കും ഈ വിവരങ്ങള്‍ ലഭ്യമാകുമോയെന്ന സംശയവും കോടതി പ്രകടിപ്പിച്ചു. സമാനമായ സന്ദേശങ്ങള്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നു വരാറുണ്ടെന്നായിരുന്നു സര്‍ക്കാരിന്റെ വാദം. എന്നാല്‍, സ്വകാര്യതയുടെ ലംഘനം നടന്നോ എന്ന കാര്യത്തില്‍ കോടതി വ്യക്‌തത തേടുകയായിരുന്നു.