-->
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് യുവാക്കളെ കൈയിലെടുക്കാന്‍ തുറുപ്പുചീട്ടിറക്കി സംസ്‌ഥാനസര്‍ക്കാര്‍. പി.എസ്.സി. നിയമനങ്ങള്‍ക്കു പൊതുവിഭാഗത്തില്‍ അപേക്ഷിക്കാനുള്ള പ്രായപരിധി 36-ല്‍നിന്ന് നാല്‍പ്പതാക്കി ഉയര്‍ത്തി. ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് നിര്‍ണായകതീരുമാനം.സംവരണവിഭാഗങ്ങളില്‍ ഒ.ബി.സിക്കാര്‍ക്ക് 43 വയസ് വരെയും (നിലവില്‍ 39) എസ്.സി, എസ്.ടി. വിഭാഗക്കാര്‍ക്ക് 45 വയസ് വരെയും (നിലവില്‍ 41) ഇനി സര്‍ക്കാര്‍ ജോലിക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികളുടെ ഏറെക്കാലത്തെ ആവശ്യമാണ് തെരഞ്ഞെടുപ്പിന്റെ പടിവാതില്‍ക്കല്‍ സര്‍ക്കാര്‍ അംഗീകരിച്ചത്. പ്രായപരിധി കഴിഞ്ഞ ലക്ഷക്കണക്കിന് ഉദ്യോഗാര്‍ഥികള്‍ക്കു മുന്നില്‍ ഇതോടെ അവസരങ്ങളുടെ വാതില്‍ വീണ്ടും തുറക്കും.
പങ്കാളിത്ത പെന്‍ഷന്‍ നിലവില്‍വന്നപ്പോള്‍ 56 വയസായിരുന്നു സര്‍ക്കാര്‍ ജീവനക്കാരുടെ വിരമിക്കല്‍പ്രായം. പി.എസ്.സി. നിയമനത്തിന് അപേക്ഷിക്കാനുള്ള പ്രായപരിധി 36 വയസും. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിപ്രകാരം 2013 ഏപ്രില്‍ ഒന്നിനുശേഷം നിയമിക്കപ്പെട്ട ജീവനക്കാരുടെ വിരമിക്കല്‍പ്രായം പിന്നീട് അറുപതാക്കി ഉയര്‍ത്തിയപ്പോഴും പി.എസ്.സി. അപേക്ഷയ്‌ക്കുള്ള പ്രായപരിധി 36-ല്‍ തുടരുകയായിരുന്നു. അതാണ് ഇപ്പോള്‍ നാല്‍പ്പതായി ഉയര്‍ത്തിയത്.
ജീവനക്കാരുടെ വിരമിക്കല്‍പ്രായം ഒരുവയസ് കൂടി ഉയര്‍ത്തുന്നതും സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്നാണ് സൂചന. പി.എസ്.സി. അപേക്ഷയ്‌ക്കുള്ള പ്രായപരിധി ഉയര്‍ത്തിയതോടെ, വിരമിക്കല്‍പ്രായം ഉയര്‍ത്തുന്നതില്‍ യുവജനസംഘടനകളുടെ എതിര്‍പ്പ് മറികടക്കാമെന്നും സര്‍ക്കാര്‍ കണക്കുകൂട്ടുന്നു.
മറ്റ് സംസ്‌ഥാനങ്ങളില്‍ സര്‍ക്കാര്‍ ജോലിക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി: തെലങ്കാന-46, ഗോവ-45, ആന്ധ്രാപ്രദേശ്-42, ഒഡീഷ-42, ഹരിയാന-42, ഉത്തരാഖണ്ഡ്-42, ഛത്തിസ്‌ഗഡ്-40, മധ്യപ്രദേശ്-40, ഉത്തര്‍പ്രദേശ്-40.