-->
കോട്ടയം: സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ഡേറ്റ ചോര്‍ന്ന സംഭവത്തില്‍ മുഖ്യമന്ത്രിയുടെയും ഓഫീസിന്റെയും പങ്ക് അന്വേഷിക്കണമെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ജനങ്ങളുടെ നികുതിപ്പണം ചെലവഴിച്ചു തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിനെ നിയമപരമായും രാഷ്‌ട്രീയമായും നേരിടുമെന്നും പുതുയുഗയാത്രയ്‌ക്കിടെ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.
'അനുവാദം ഇല്ലാതെ ഒരാളുടെയും വ്യക്‌തിവിവരങ്ങള്‍ ചോര്‍ത്താന്‍ പാടില്ലെന്ന ഹൈക്കോടതി വിധി നിലനില്‍ക്കെയാണു മുഖ്യമന്ത്രിയുടെ ഓഫീസ് ഡേറ്റ ചോര്‍ത്തിയത്. ഡേറ്റ ചോര്‍ത്തുന്നത് കുറ്റകൃത്യമാണ്. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉത്തരവാദികളായവര്‍ക്കെതിരേ കേസെടുത്ത് അന്വേഷിക്കണം. ചോര്‍ത്തുന്ന ഡേറ്റ ദുരുപയോഗം ചെയ്യപ്പെടാം. ഡേറ്റ വില്‍പനയ്‌ക്കുവയ്‌ക്കും. എല്ലാ ഔദ്യോഗിക സംവിധാനങ്ങളും ദുരുപയോഗം ചെയ്യുന്നതിന്റെ തെളിവാണ് ഡേറ്റ ചോര്‍ത്തല്‍. ഖജനാവില്‍ അഞ്ച് പൈസ ഇല്ലാത്തപ്പോഴും കോടികള്‍ ചെലവഴിച്ചാണ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം.
നവകേരള സര്‍വേ റദ്ദാക്കിയ ഹൈക്കോടതി വിധി കൃത്യമാണ്. സുപ്രീം കോടതി ഇപ്പോള്‍ നല്‍കിയിരിക്കുന്ന സ്‌റ്റേ പിന്‍വലിപ്പിക്കുന്നതിനു ശ്രമം നടത്തും. നാട്ടുകാരുടെ പണം ഉപയോഗിച്ചു നടത്തുന്ന സര്‍വേയില്‍ സി.പി.എമ്മുകാരും ഡി.വൈ.എഫ്.ഐക്കാരും വളണ്ടിയര്‍മാരാകണമെന്നു സി.പി.എം. നല്‍കിയ സര്‍ക്കുലറാണ് ഞങ്ങള്‍ ഹൈക്കോടതിയില്‍ ഹാജരാക്കിയത്. സി.പി.എമ്മിന്റെ തെരഞ്ഞെടുപ്പ് പ്രചാരണമാണു സര്‍ക്കാര്‍ ചെലവില്‍ നടപ്പാക്കുന്നത്.
കെ- റെയില്‍ ഒഴികെ എല്ലാ വികസന പദ്ധതികളുമായും പ്രതിപക്ഷം സഹകരിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പാര്‍ട്ടി സെക്രട്ടറി ആയിരുന്നപ്പോള്‍ വിഴിഞ്ഞം പദ്ധതിയില്‍ ആറായിരം കോടിയുടെ റിയല്‍ എസ്‌റ്റേറ്റ് ആണെന്നാണു പറഞ്ഞത്. ഇപ്പോള്‍ മുഖ്യമന്ത്രി ക്രെഡിറ്റ് എടുക്കുന്നുണ്ടല്ലോ? കടല്‍ക്കൊള്ളയെന്നാണു ദേശാഭിമാനി എഴുതിയത്. ഇപ്പോള്‍ കടല്‍ വിപ്ലവമായി. ഗെയില്‍ പദ്ധതി കൊണ്ടുവന്നെന്നാണ് ഇപ്പോഴത്തെ അവകാശവാദം. ഗെയ്‌ല്‍ ഭൂമിക്കടിയില്‍ കുഴിച്ചിട്ട ബോംബ് ആണെന്നു പറഞ്ഞ ആളാണ് വ്യവസായ മന്ത്രി. മെട്രോ റെയിലിനെതിരേയും സി.പി.എം. സമരം ചെയ്‌തു. സര്‍ക്കാരിന് ഇഷ്‌ടമില്ലാത്ത വിധി വിജിലന്‍സ് കോടതി പറയുമ്പോള്‍ നിയമമന്ത്രിയെ പോലെ ഒരാള്‍ തള്ളിപ്പറയുകയാണ്.
ശബരിമല സ്വര്‍ണക്കൊള്ളയില്‍ തെളിവിന്റെ കണിക പോലും ഇല്ലാതെയാണ് തന്ത്രിയെ ജയിലിലാക്കിയതെന്നാണു വിജിലന്‍സ് കോടതി പറഞ്ഞത്. ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ എന്തു പങ്കാളിത്തമാണ് തന്ത്രിക്കുള്ളതെന്ന് എസ്.ഐ.ടി. പറയണം'-സതീശന്‍ പറഞ്ഞു.