-->
തിരുവനന്തപുരം: പ്രകൃതിദുരന്തങ്ങളില്‍ വാസസ്‌ഥലങ്ങള്‍ക്കു നാശനഷ്‌ടം നേരിട്ടാല്‍ സാമ്പത്തികസുരക്ഷ ഉറപ്പാക്കാന്‍ സംസ്‌ഥാനത്ത് സമഗ്ര ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കും. സംസ്‌ഥാന ഇന്‍ഷുറന്‍സ് വകുപ്പു മുഖേന നടപ്പാക്കുന്ന പദ്ധതിക്ക് മന്ത്രിസഭ തത്വത്തില്‍ അംഗീകാരം നല്‍കി.
പ്രകൃതിദുരന്തങ്ങളില്‍ അടിയന്തര രക്ഷാപ്രവര്‍ത്തനം, സഹായം, പുനരധിവാസം, പുനര്‍നിര്‍മാണം എന്നിവയ്‌ക്കായി ആവര്‍ത്തിച്ചു വന്‍തുക ചെലവാക്കേണ്ടി വരുന്നത് സംസ്‌ഥാനത്തിന്റെ സാമ്പത്തികഭദ്രതയെ ബാധിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ സംസ്‌ഥാനത്തിന് അനുയോജ്യമായ റിസ്‌ക് ട്രാന്‍സ്‌ഫര്‍ മെക്കാനിസം രൂപപ്പെടുത്തുന്നതിന് പഠനം നടത്താന്‍ ആസൂത്രണ ബോര്‍ഡ് അംഗം രവി രാമന്റെ നേതൃത്വത്തിലുള്ള സമിതിയെ നിയോഗിച്ചിരുന്നു.
സമിതി സമര്‍പ്പിച്ച ശിപാര്‍ശകളുടെയും വിഷയത്തില്‍ റീബില്‍ഡ് കേരള ഇനീഷ്യേറ്റീവിന്റെ നേതൃത്വത്തില്‍ നടത്തിയ തുടര്‍പഠനങ്ങളിലും ഉരുത്തിരിഞ്ഞ നിര്‍ദേശങ്ങള്‍ക്കാണു സര്‍ക്കാര്‍ തത്വത്തില്‍ അംഗീകാരം നല്‍കിയത്.
പാരാമെട്രിക് ഇന്‍ഷുറന്‍സ്, ബി.പി.എല്‍. വിഭാഗത്തില്‍പ്പെട്ട കുടുംബങ്ങള്‍ക്ക് ഇന്‍ഡെംനിറ്റി ഇന്‍ഷുറന്‍സ് എന്നീ പരസ്‌പര പൂരകമായ മാതൃകകള്‍ ഉള്‍പ്പെടുത്തി പദ്ധതി നടപ്പാക്കാനാണ് തീരുമാനം. പാരാമെട്രിക് മോഡലിനു വാര്‍ഷികത്തുകയായി 15-40 കോടിയും ഇന്‍ഡെംനിറ്റി മോഡലിന് 80.75 കോടിയും ഉള്‍പ്പെടെ ആകെ വാര്‍ഷിക ചെലവ് ഏകദേശം 120.75 കോടി രൂപയാണു കണക്കാക്കുന്നത്.