Wednesday, March 11, 2026 Last Updated 22 Min 26 Sec ago English Edition
Todays E paper
Ads by Google
Tuesday 24 Feb 2026 11.33 PM

എസ്‌.യു-57 വാങ്ങാന്‍ ഇന്ത്യ

ന്യൂഡല്‍ഹി: ഫ്രാന്‍സുമായുള്ള 3.25 ലക്ഷം കോടിയുടെ റഫേല്‍ യുദ്ധവിമാന കരാറിനു പിന്നാലെ റഷ്യയുമായും ഇന്ത്യ പ്രതിരോധ ഇടപാടിന്‌ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്‌. റഷ്യയുടെ അഞ്ചാം തലമുറ യുദ്ധവിമാനമായ എസ്‌.യു-57 വാങ്ങാനാണ്‌ നീക്കം. ചൈനയുടെ അഞ്ചാം തലമുറ യുദ്ധവിമാനങ്ങളായ ജെ-20, ജെ-35 എന്നിവ ഉയര്‍ത്തുന്ന സുരക്ഷാ ഭീഷണി നേരിടുന്നതിന്‌ വേണ്ടിയാണ്‌ അടിയന്തര നടപടി. പ്രതിരോധ മന്ത്രാലയവും വ്യോമസേനയും തമ്മില്‍ നടത്തിയ ചര്‍ച്ചകള്‍ക്ക്‌ ശേഷമാണ്‌ ഈ നിര്‍ണായക തീരുമാനം.
ഇന്ത്യ സ്വന്തമായി വികസിപ്പിക്കുന്ന അഡ്വാന്‍സ്‌ഡ്‌ മീഡിയം കോംബാറ്റ്‌ എയര്‍ക്രാഫ്‌റ്റ്‌ (എ.എം.സി.എ) സേനയുടെ ഭാഗമാകാന്‍ 10 വര്‍ഷമെങ്കിലും വേണ്ടിവരും. പാകിസ്‌താന്‌ അഞ്ചാം തലമുറ യുദ്ധവിമാനങ്ങള്‍ നല്‍കുമെന്നു ചൈന പ്രഖ്യാപിച്ച സാഹചര്യത്തില്‍ രാജ്യത്തിന്റെ വ്യോമപ്രതിരോധം ശക്‌തമാക്കേണ്ടത്‌ അനിവാര്യമായിരിക്കുകയാണ്‌. ഈ സഹചര്യത്തിലാണ്‌ അടിയന്തര പ്രാധാന്യം കണക്കിലെടുത്ത്‌ റഷ്യയുമായി പ്രതിരോധ ഇടപാടിനൊരുങ്ങുന്നത്‌.
ഈ യുദ്ധവിമാനങ്ങള്‍ ഇന്ത്യയില്‍തന്നെ നിര്‍മിക്കുന്ന തരത്തിലുള്ള കരാറാകും ഉണ്ടാകുക. മഹാരാഷ്‌ട്ര നാസിക്കിലെ ഹിന്ദുസ്‌ഥാന്‍ എയറോനോട്ടിക്‌സ്‌ ലിമിറ്റഡ്‌ ഡിവിഷനിലാകും ഈ വിമാനങ്ങള്‍ നിര്‍മിക്കുക. നിലവില്‍ സുഖോയ്‌-30 എം.കെ.ഐ യുദ്ധവിമാനങ്ങളാണ്‌ ഇവിടെ നിര്‍മിക്കുന്നത്‌. ഈ പ്ലാന്റില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തി എസ്‌.യു-57 നിര്‍മാണത്തിന്‌ ഉപയോഗിക്കാന്‍ സാധിക്കും. റഷ്യയില്‍നിന്നുള്ള സാങ്കേതിക കൈമാറ്റത്തിലൂടെ വിമാനത്തിന്റെ 40-60% ഭാഗങ്ങള്‍ ഇന്ത്യയില്‍ തന്നെ നിര്‍മിക്കാന്‍ സാധിക്കുമെന്ന്‌ കരുതപ്പെടുന്നു. ഇതിന്‌ ഏകദേശം 5,000 മുതല്‍ 7,000 കോടി രൂപ വരെ ചെലവ്‌ പ്രതീക്ഷിക്കുന്നു.
യു.എസിന്റെ എഫ്‌-35 എന്ന അഞ്ചാം തലമുറ യുദ്ധവിമാനത്തിനു ബദലായാണ്‌ ഇരട്ട എന്‍ജിന്‍ യുദ്ധവിമാനമായ എസ്‌.യു-57 റഷ്യ അവതരിപ്പിച്ചത്‌. ശബ്‌ദത്തേക്കാള്‍ രണ്ടുമടങ്ങ്‌ വേഗതയില്‍ പറക്കാന്‍ കഴിയുന്ന എസ്‌.യു-57 ന്‌ പരമാവധി 1500 കിലോമീറ്റര്‍ ദൂരം വരെ പറന്നെത്താന്‍ സാധിക്കും. 10 ടണ്ണോളം ഭാരം വരുന്ന ആയുധങ്ങള്‍ വഹിക്കാനും സാധിക്കും.
റഡാര്‍ നിരീക്ഷണങ്ങളെ കബളിപ്പിക്കുന്ന സെ്‌റ്റല്‍ത്ത്‌ സാങ്കേതികവിദ്യ, അത്യാധുനിക ഏവിയോണിക്‌സ്‌, ശക്‌തമായ എന്‍ജിന്‍, കുത്തനെയും ചരിഞ്ഞും കുതിച്ചും പായാന്‍ കഴിയുന്ന കഴിവ്‌ എന്നിവ എസ്‌.യു-57 നെ ആകാശ പോരാട്ടങ്ങളില്‍ അപകടകാരിയാക്കുന്നു.
ഇതിന്റെ കയറ്റുമതി പതിപ്പായ എസ്‌.യു.-57 ഇ യുടെ മുഴുവന്‍ സോഴ്‌സ്‌ കോഡും ഇന്ത്യയ്‌ക്കു നല്‍കാമെന്ന്‌ റഷ്യ നേരത്തേ വാഗ്‌ദാനം ചെയ്‌തിരുന്നു. ഇതു നടപ്പായാല്‍
വിമാനത്തില്‍ ഇന്ത്യന്‍ സാങ്കേതികവിദ്യയില്‍ ആവശ്യാനുസരണം കൂട്ടിച്ചേര്‍ക്കാനും സ്വതന്ത്രമായി പരിഷ്‌കരിക്കാനും ഇന്ത്യക്ക്‌ സാധിക്കും. പാശ്‌ചാത്യ രാജ്യങ്ങളില്‍നിന്ന്‌ വാങ്ങുന്ന യുദ്ധവിമാനങ്ങള്‍ക്കോ ആയുധങ്ങള്‍ക്കോ ഈ സൗകര്യം ലഭ്യമാകാറില്ല.
എസ്‌.യു-57ന്റെ സോഴ്‌സ്‌ കോഡ്‌ ലഭ്യമായാല്‍ ഇന്ത്യയ്‌ക്ക്‌ അറ്റകുറ്റപ്പണികള്‍ക്കും വികസനത്തിനും വിദേശ ആശ്രിതത്വം കുറയ്‌ക്കാന്‍ സാധിക്കും. നിലവില്‍ റഷ്യന്‍ ആയുധങ്ങള്‍ ഇന്ത്യ ഉപയോഗിക്കുന്നുണ്ട്‌. ഇവ, എസ്‌.യു-57നിലേക്ക്‌ എളുപ്പത്തില്‍ യോജിപ്പിക്കാനും സാധിക്കും. ഇതിനു പുറമേ സാങ്കേതികവിദ്യ കൈമാറ്റം ഇന്ത്യയുടെ എ.എം.സി.എ പദ്ധതിയെ കൂടുതല്‍ കാര്യക്ഷമമാക്കും ചെയ്യും. മുന്‍പ്‌ 2007-ല്‍ റഷ്യയുമായി ചേര്‍ന്ന്‌ അഞ്ചാം തലമുറ വിമാനം വികസിപ്പിക്കാനുള്ള പദ്ധതിയില്‍നിന്ന്‌ ഭാരിച്ച ചെലവ്‌ പരിഗണിച്ച്‌ 2018-ല്‍ ഇന്ത്യ പിന്മാറിയിരുന്നു.

Ads by Google
Tuesday 24 Feb 2026 11.33 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW