Wednesday, March 11, 2026 Last Updated 14 Min 6 Sec ago English Edition
Todays E paper
Ads by Google
Tuesday 24 Feb 2026 11.33 PM

കെട്ടിടനിര്‍മാതാവിന്റെ ആത്മഹത്യ; പെണ്‍സുഹൃത്ത്‌ അറസ്‌റ്റില്‍

സൂറത്ത്‌: ഗുജറാത്തിലെ പ്രമുഖ കെട്ടിടനിര്‍മാതാവ്‌ തുഷാര്‍ ഗേലാനിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട്‌ യുവതി അറസ്‌റ്റില്‍. തുഷാറിന്റെ പെണ്‍സുഹൃത്തായ പൂനം ഭഡോറിയയെയാണ്‌ ഉമ്ര പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. തുഷാറിന്റെ കുടുംബം നല്‍കിയ പരാതിയുടെ അടിസ്‌ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണു പുറത്തുവന്നത്‌.
കഴിഞ്ഞ ജനുവരി 31-നാണ്‌ തന്റെ ലൈസന്‍സുള്ള തോക്ക്‌ ഉപയോഗിച്ച്‌ തുഷാര്‍ സ്വയം വെടിവച്ചത്‌. ഗുരുതരമായി പരുക്കേറ്റ്‌ ചികിത്സയിലായിരുന്ന തുഷാര്‍ മകളുടെ വിവാഹദിവസമായ ഫെബ്രുവരി അഞ്ചിനാണു മരിച്ചത്‌. പൂനം ഭഡോറിയയുടെ ഭീഷണി കാരണമാണ്‌ തുഷാര്‍ ഗേലാനി ജീവനൊടുക്കിയതെന്നാണു പോലീസിന്റെ നിഗമനം. 15 വര്‍ഷമായി തുഷാറും പൂനവും തമ്മില്‍ ബന്ധമുണ്ടായിരുന്നു. എന്നാല്‍ ഈ ബന്ധം പുറത്തുപറയുമെന്നു ഭീഷണിപ്പെടുത്തി പൂനം തന്നെ നിരന്തരം മാനസികമായും സാമ്പത്തികമായും പീഡിപ്പിച്ചിരുന്നതായി തുഷാര്‍ മരണത്തിന്‌ മുന്‍പ്‌ സൂചിപ്പിച്ചിരുന്നതായി അദ്ദേഹത്തിന്റെ കുടുംബം ആരോപിക്കുന്നു. തുഷാറിന്റെ ഉടമസ്‌ഥതയിലുള്ള ബ്ലൂ പാപ്പിലോണ്‍ പ്രീ ൈപ്രമറി സ്‌കൂളിന്റെ 50 ശതമാനം ഓഹരികള്‍ പൂനം അനധികൃതമായി സ്വന്തമാക്കി. ഈ സംരംഭത്തില്‍ ഒരു രൂപപോലും നിക്ഷേപിക്കാതെയാണ്‌ പൂനത്തിന്‌ ഓഹരികള്‍ ലഭിച്ചത്‌.2018-നും 2024-നും ഇടയില്‍ 1.37 കോടി രൂപ ശമ്പളവും മറ്റ്‌ ആനുകൂല്യങ്ങളുമായി ഇവര്‍ കൈപ്പറ്റുകയും ചെയ്‌തു. കൂടാതെ കോടികള്‍ വിലമതിക്കുന്ന വ്യാപാര സ്‌ഥാപനങ്ങള്‍ ഭീഷണിപ്പെടുത്തി പൂനം സ്വന്തം പേരിലാക്കിയതായും പോലീസ്‌ കണ്ടെത്തിയിട്ടുണ്ട്‌.
2025 ജൂലൈയില്‍ തുഷാറിന്റെ പെണ്‍മക്കള്‍ പൂനത്തെ സന്ദര്‍ശിക്കുകയും ബന്ധത്തില്‍നിന്ന്‌ പിന്‍മാറണമെന്ന്‌ ആവശ്യപ്പെടുകയും ചെയ്‌തിരുന്നു. എന്നാല്‍, തുഷാറിന്റെ സ്വത്തിന്റെ 50 ശതമാനം തനിക്കു വേണമെന്നായിരുന്നു പൂനത്തിന്റെ ഡിമാന്‍ഡ്‌. മകളുടെ വിവാഹം മുടക്കുമെന്നും കുടുംബത്തെ പരസ്യമായി അപമാനിക്കുമെന്നും പൂനം ഭീഷണിപ്പെടുത്തിയതാണ്‌ തുഷാറിനെ ആത്മഹത്യയിലേക്ക്‌ നയിച്ചതെന്ന്‌ എ.സി.പി: സെഡ്‌.ആര്‍. ദേശായി വ്യക്‌തമാക്കി. അതേസമയം, തുഷാറിന്റേത്‌ ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നും ആരോപിച്ച്‌ പൂനവും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്‌. സംഭവത്തില്‍ പോലീസ്‌ വിശദമായ അന്വേഷണം തുടരുകയാണ്‌.

Ads by Google
Tuesday 24 Feb 2026 11.33 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW