Wednesday, March 11, 2026 Last Updated 17 Min 17 Sec ago English Edition
Todays E paper
Ads by Google
Tuesday 24 Feb 2026 11.33 PM

ജമ്മു കശ്‌മീരില്‍ ഭീകരവേട്ടയ്‌ക്ക്‌ 'ഹിമപ്പുലി'കള്‍

ന്യൂഡല്‍ഹി: ദുഷ്‌കര ഭൂപ്രകൃതികളിലും ഭീകരവേട്ട ശക്‌തമാക്കാന്‍ 'സ്‌നോ ലെപ്പേഡ്‌' പ്രത്യേക ദൗത്യസംഘത്തിനു രൂപംനല്‍കി ജമ്മു കശ്‌മീര്‍ പോലീസ്‌. നഗരമേഖലകളില്‍നിന്ന്‌ പര്‍വതപ്രദേശങ്ങളിലേക്കും വനമേഖലയിലേക്കും തന്ത്രപരമായ ചുവടുമാറ്റം നടത്തുന്ന ഭീകരരെ ഉന്മൂലനം ചെയ്യുകയാണ്‌ 'ഹിമപ്പുലി' സ്‌ക്വാഡിന്റെ ലക്ഷ്യം. നഗരങ്ങളിലുള്‍പ്പെടെ സേനകള്‍ ജാഗ്രത തുടരുന്ന സാഹചര്യത്തില്‍ ജനവാസ കേന്ദ്രങ്ങളില്‍നിന്നു താവളവും പ്രവര്‍ത്തനമേഖലയും ഭീകരര്‍ മാറ്റിയിരുന്നു. നുഴഞ്ഞുകയറ്റത്തിനും ഒളിയിടത്തിനുമായി ഇടതുര്‍ന്ന വനപ്രദേശങ്ങളും മഞ്ഞുമൂടിയ പര്‍വതമേഖലകളുമാണ്‌ ഭീകരര്‍ തെരഞ്ഞെടുക്കുന്നതെന്നും കണ്ടെത്തി. ഈ സാഹചര്യത്തിലാണു പ്രത്യേക പരിശീലനം സിദ്ധിച്ച 'സ്‌നോ ലെപ്പേഡ്‌' യൂണിറ്റിനു ജമ്മു കശ്‌മീര്‍ പോലീസ്‌ രൂപംനല്‍കിയത്‌. ആയിരത്തിലധികം ഉദ്യോഗസ്‌ഥര്‍ അടുത്തിടെ ആറു മാസത്തെ പരിശീലനം പൂര്‍ത്തിയാക്കി. ഇവരില്‍ 55 'ഹിമപ്പുലി'കള്‍ ശത്രുവേട്ടയ്‌ക്കു രംഗത്തുണ്ട്‌.
പോലീസിലെയും സൈന്യത്തിലെയും ഉന്നത ഉദ്യോഗസ്‌ഥര്‍ ഉള്‍പ്പെടുന്നവരാണ്‌ സംഘാംഗങ്ങള്‍ക്കു പരിശീലനം നല്‍കുന്നത്‌. ഗുല്‍മാര്‍ഗിലെ ഹൈ-ആള്‍ട്ടിറ്റ്യൂഡ്‌ വാര്‍ഫെയര്‍ സ്‌കൂളിലെയും പാരാ സ്‌പെഷല്‍ സേനകളിലെയും വിദഗ്‌ധരുടെ നേതൃത്വത്തില്‍ മലനിരകളിലെയും ഹിമാനി യുദ്ധമുഖങ്ങളിലെയും അതിജീവനം ഉള്‍പ്പെടെയുള്ള മേഖലകളില്‍ സംഘാംഗങ്ങള്‍ക്കു പരിശീലനം ഉറപ്പാക്കും. തെലങ്കാനയിലെ നക്‌സല്‍വിരുദ്ധ സേനാംഗങ്ങളും പരിശീലക സംഘത്തിലുണ്ട്‌. ജമ്മു കശ്‌മീരിലെ സവിശേഷത ഭൂപ്രകൃതിയും കാലാവസ്‌ഥയും പരിഗണിച്ചാണ്‌ പ്രത്യേക ദൗത്യസംഘത്തിനു രൂപംനല്‍കിയത്‌.
മൈനസിലേക്കടക്കം താഴുന്ന താപനില, ഓക്‌സിജന്‍ ലഭ്യത കുറഞ്ഞ ഉയര്‍ന്ന മേഖലകള്‍, ഹിമപാത സാധ്യതാ പ്രദേശങ്ങള്‍ എന്നിവിടങ്ങളിലടക്കം ദൗത്യം വിജയകരമായി നടപ്പാക്കാന്‍ സംഘത്തിനു പരിശീലനം സിദ്ധിച്ചിട്ടുണ്ട്‌. അതിശൈത്യത്തിലും പട്രോളിങ്ങളിനും ഇവര്‍ പ്രാപ്‌തരാണ്‌. ഇതിനു പുറമേ ഹിമപാതം, മണ്ണിടിച്ചില്‍, മറ്റ്‌ പ്രകൃതി ദുരന്തങ്ങള്‍ എന്നിവ കൈകാര്യം ചെയ്യുന്നതുള്‍പ്പെടെയുള്ള ദുരന്ത പ്രതികരണത്തിലും പ്രത്യേക പരിശീലനം നല്‍കും.

Ads by Google
Tuesday 24 Feb 2026 11.33 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW