-->
ന്യൂഡല്‍ഹി: ചണത്തിന്റെ കുറഞ്ഞ താങ്ങുവില വര്‍ധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. ക്വിന്റലിന് 275 രൂപ വര്‍ധിപ്പിക്കാനുള്ള ശിപാര്‍ശയ്‌ക്കു കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. ഇതോടെ 2026-27 സീസണില്‍ ടി.ഡി-3 ഗ്രേഡ് ചണത്തിന്റെ താങ്ങുവില ക്വിന്റലിന് 5,925 രൂപയായി ഉയര്‍ന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സാമ്പത്തിക കാര്യങ്ങള്‍ക്കായുള്ള കാബിനറ്റ് കമ്മിറ്റിയാണ് താങ്ങുവില വര്‍ധനയ്‌ക്ക് അംഗീകാരം നല്‍കിയത്. ഉത്‌പാദനച്ചെലവിനേക്കാള്‍ 61.8% ലാഭം കര്‍ഷകര്‍ക്ക് ഉറപ്പാക്കാന്‍ ഈ വില വര്‍ധനയിലൂടെ സാധിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ഉത്‌പാദനച്ചെലവിന്റെ കുറഞ്ഞത് 1.5 മടങ്ങെങ്കിലും താങ്ങുവില നല്‍കുമെന്ന 2018-19 ബജറ്റിലെ നയപരമായ തീരുമാനത്തിന് അനുസൃതമായാണ് പുതിയ നിരക്ക് പ്രഖ്യാപിച്ചത്.
2014-15 കാലഘട്ടത്തില്‍ ക്വിന്റലിന് 2,400 രൂപയായിരുന്നു ചണത്തിന്റെ താങ്ങു. നിലവില്‍ ഇത് 5,925 രൂപയില്‍ എത്തി. കഴിഞ്ഞ 12 വര്‍ഷത്തിനിടെ ചണത്തിന്റെ താങ്ങുവിലയില്‍ 2.5 മടങ്ങ് വര്‍ധന രേഖപ്പെടുത്തി. 2004-2014 കാലയളവില്‍ 441 കോടി രൂപയായിരുന്നു താങ്ങുവിലയ്‌ക്കുവേണ്ടി കേന്ദ്രം നീക്കിവച്ചിരുന്നതെങ്കില്‍ 2014-2026 കാലയളവില്‍ ഇത് 1,342 കോടി രൂപയായി ഉയര്‍ന്നതായും സര്‍ക്കാര്‍ കണക്കുകള്‍ വ്യക്‌തമാക്കുന്നു. കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സിയായ ജൂട്ട് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ വഴിയായിരിക്കും സംഭരണ നടപടികള്‍ തുടരുക.