-->
ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പുതിയ പാര്‍ട്ടി പ്രഖ്യാപിച്ച് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ തോഴി ശശികല. അണ്ണാ ഡി.എം.കെ. നേതാവ് എടപ്പാടി കെ. പളനിസ്വാമിയെ വെല്ലുവിളിക്കാനാണ് അവരുടെ നീക്കം. ജയലളിതയുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി രാമലിംഗപുരത്തുവച്ചാണ് അവര്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചത്. ദ്രാവിഡ രാഷ്‌ട്രീയമാകും പിന്തുടരുകയെന്നും അവര്‍ വ്യക്‌തമാക്കി. വെള്ള, കറുപ്പ്, ചുവപ്പുനിറങ്ങളുള്ള പാര്‍ട്ടി പതാകയും അവര്‍ പുറത്തുവിട്ടു. പതാകയില്‍ എം.ജി.ആര്‍, പെരിയാര്‍, ജയലളിത എന്നിവരുടെ ചിത്രമുണ്ട്. പാര്‍ട്ടിയുടെ പേര് പ്രഖ്യാപിച്ചിട്ടില്ല.
കഴിഞ്ഞ ആഴ്‌ചകളില്‍ നടത്തിയ നിരവധി കൂടിക്കാഴ്‌ചകള്‍ക്ക് ശേഷമാണ് അവരുടെ പ്രഖ്യാപനം. ദക്ഷിണ തമിഴ്‌നാട്ടിലെ സ്വാധീനമുള്ള തേവര്‍ വിഭാഗത്തില്‍പ്പെട്ടയാളാണു ശശികല. 2016ല്‍ ജയലളിതയുടെ മരണശേഷം മുഖ്യമന്ത്രിയായി താന്‍ കൈപിടിച്ചുയര്‍ത്തിയ ഇ.പി.എസിന് തിരിച്ചടി നല്‍കാനുള്ള ശ്രമമായാണ് ഈ നീക്കം വിലയിരുത്തപ്പെടുന്നത്. അണ്ണാ ഡി.എം.കെയില്‍ പൂര്‍ണ നിയന്ത്രണം നേടിയതോടെ, ജയിലിലായിരുന്ന ശശികലയെ ഇ.പി.എസ്. പാര്‍ട്ടിയില്‍നിന്ന് പുറത്താക്കി. ജയലളിതയുടെ മരണശേഷം ശശികലയെ അണ്ണാ ഡി.എം.കെയുടെ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയാകാനുള്ള അവരുടെ ശ്രമം വിജയിച്ചില്ല. അനധികൃത സ്വത്ത് കേസില്‍ ജയലളിതയുമായി ബന്ധപ്പെട്ട കേസില്‍ ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് നാല് വര്‍ഷത്തെ ജയില്‍വാസം അവരുടെ രാഷ്‌ട്രീയ സ്വപ്‌നങ്ങള്‍ക്ക് തിരിച്ചടിയായി. 2027 വരെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍നിന്ന് അവര്‍ വിലക്കുണ്ട്.