-->
ചെന്നൈ: വെസ്‌റ്റിന്‍ഡീസിന്റെ മുന്‍ അമ്പയര്‍ സ്‌റ്റീവ് ബക്‌നര്‍ 22 വര്‍ഷങ്ങള്‍ക്കു ശേഷം ഖേദം പ്രകടിപ്പിച്ചു. 2003 ഡിസംബറില്‍ ഓസ്‌ട്രേലിയക്കെതിരേ ബ്രിസ്‌ബെന്‍ ടെസ്‌റ്റില്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്കെതിരേ തന്റെ എല്‍.ബി.ഡബ്ല്യു. തീരുമാനം തെറ്റായിരുന്നെന്നാണ് ബക്‌നര്‍ സമ്മതിച്ചത്.
വെസ്‌റ്റിന്‍ഡീസ് ക്രിക്കറ്റ് അമ്പയേഴ്‌സ് അസോസിയേഷനുമായി നടത്തിയ അഭിമുഖത്തിലാണു ബക്‌നര്‍ മനസ് തുറന്നത്. സച്ചിനെ പലതവണ തെറ്റായ തീരുമാനത്തിലൂടെ പുറത്താക്കി ഇന്ത്യക്കാരുടെ രൂക്ഷ വിമര്‍ശനമേറ്റു വാങ്ങിയ അമ്പയറാണ് ജമൈക്കക്കാരനായ സ്‌റ്റീവ് ബക്‌നര്‍. സച്ചിനെതിരേ ബക്‌നറുടെ വിരലുയരുമ്പോള്‍ ഇന്ത്യന്‍ ആരാധകര്‍ ചീത്തവിളികളോടെയാണ് പ്രതികരിച്ചിരുന്നത്. 2009 ലാണു സ്‌റ്റീവ് ബക്‌നര്‍ വിരമിച്ചത്‌്. 1989 മുതല്‍ 2009 മുതല്‍ 128 ടെസ്‌റ്റുകള്‍ നിയന്ത്രിച്ചു.
1992 മുതല്‍ 2007 വരെ തുടരെ അഞ്ച് ലോകകപ്പുകളില്‍ പങ്കെടുത്ത ഏക അമ്പയറെന്ന ഖ്യാതിയും ബക്‌നറിനാണ്. സച്ചിന്റെ അന്നത്തെ പുറത്താകലില്‍ എന്താണു സംഭവിച്ചതെന്ന് ഇപ്പോഴും ചര്‍ച്ച നടക്കുന്നുണ്ട്. തന്റെ തീരുമാനം തെറ്റായിരുന്നെന്നും അതില്‍ ഖേദം പ്രകടിപ്പിക്കുകയാണെന്നും ബക്‌നര്‍ തുടര്‍ന്നു. 2003 ലെ ഇന്ത്യയുടെ ഓസ്‌ട്രേലിന്‍ പര്യടനത്തിനിടെയായിരുന്നു സംഭവം. ഒന്നാം ടെസ്‌റ്റിന്റെ ഒന്നാം ഇന്നിങ്‌സിലായിരുന്നു സച്ചിന്റെ പുറത്താകല്‍. ഓഫ് സ്‌റ്റമ്പിന് പുറത്ത് പിച്ച് ചെയ്‌ത ജാസണ്‍ ഗില്ലെസ്‌പിയുടെ പന്ത് സച്ചിന്‍ കളിക്കാതെ വിട്ടു. പന്ത് താരത്തിന്റെ പാഡില്‍ തട്ടി പിന്നിലേക്ക് പോയി.
അപ്പീല്‍ ചെയ്‌തതോടെ ബക്‌നര്‍ വിരലുയര്‍ത്തുകയായിരുന്നു. സച്ചിന്‍ ആശ്‌ചര്യത്തോടെയാണ് അമ്പയറുടെ തീരുമാനത്തോടു പ്രതികരിച്ചത്. പന്ത് സ്‌റ്റമ്പിനു മുകളിലൂടെ പോകുകയായിരുന്നെന്നു റീ പ്ലേകളില്‍ വ്യക്‌തമായി. ബക്‌നറുടെ വിരലുയര്‍ന്നതിനു പിന്നാലെ കമന്റേറ്ററായിരുന്ന ടോണി ഗ്രെയ്‌ഗ് '' അതിദാരുണം'' എന്നാണു പ്രതികരിച്ചത്. ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി 144 റണ്ണുമായി തിളങ്ങിയ ബ്രിസ്‌ബെന്‍ ടെസ്‌റ്റ് സമനിലയായി. 2005 ല്‍ പാകിസ്‌താനെതിരേ കൊല്‍ക്കത്തയില്‍ നടന്ന മത്സരത്തിലും ബക്‌നര്‍ വിവാദ നായകനായി. സച്ചിന്‍ അബ്‌ദുള്‍ റസാഖിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ക്കു ക്യാച്ച് നല്‍കിയാണു പുറത്തായത്. അപ്പീല്‍ ചെയ്യും മുമ്പ് അമ്പയര്‍ വിരലുയര്‍ത്തിയത് പാക് താരങ്ങള്‍ വരെ അമ്പരപ്പോടെയാണു കണ്ടത്.