-->
ഹുബളളി: കര്‍ണാടകയ്‌ക്കെതിരേ നടക്കുന്ന രഞ്‌ജി ട്രോഫി ക്രിക്കറ്റ് ഫൈനലില്‍ ജമ്മു കശ്‌മീരിന് മികച്ച തുടക്കം. ഒന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ ജമ്മു കശ്‌മീര്‍ രണ്ട് വിക്കറ്റിന് 284 റണ്ണെന്ന നിലയിലാണ്.
ഹൂബ്ലി ക്രിക്കറ്റ് ഗ്രൗണ്ടില്‍ ടോസ് നേടിയ ജമ്മു നായകന്‍ പരാസ് ദോഗ്ര ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചു. യെവര്‍ ഹസനും (150 പന്തില്‍ 88) ഖാര്‍മന്‍ ഇഖ്‌ബാലും (ആറ്) ചേര്‍ന്നാണ് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്‌തത്. 36 പന്തുകള്‍ നേരിട്ട ഖാര്‍മനെ പ്രസിദ്ധ കൃഷ്‌ണയുടെ പന്തില്‍ ലോകേഷ് രാഹുല്‍ പിടികൂടി. മൂന്നാമനായിറങ്ങിയ ശുഭം പുണ്ടീറും (221 പന്തില്‍ രണ്ട് സിക്‌സറും 12 ഫോറുമടക്കം പുറത്താകാതെ 117) ചേര്‍ന്നാണു ടീമിനെ മികച്ച നിലയിലെത്തിച്ചത്‌്.
ഇരുവരും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 139 റണ്ണെടുത്തു. കന്നി ഫസ്‌റ്റ് ക്ലാസ് അര്‍ധ സെഞ്ചുറി കുറിച്ച യാവറിനെ പ്രസിദ്ധ കൃഷ്‌ണയുടെ പന്തില്‍ ലോകേഷ് രാഹുല്‍ പിടികൂടിയതോടെ കൂട്ട്‌കെട്ട് അവസാനിച്ചു. നായകന്‍ പരാസ് ദോഗ്ര (48 പന്തില്‍ ഒന്‍പത്) റിട്ടയേഡ് ഹര്‍ട്ടായത് ജമ്മുവിനു തിരിച്ചടിയാണ്.
അബ്‌ദുള്‍ സമദിന്റെ (67 പന്തില്‍ ഒരു സിക്‌സറും അഞ്ച് ഫോറുമടക്കം 52) കൂട്ടുപിടിച്ചാണു ശുഭം പുണ്ടീര്‍ ക്രീസില്‍ നില്‍ക്കുന്നത്. ശുഭം പുണ്ടീറിന്റെ രഞ്‌ജി സീസണിലെ രണ്ടാം സെഞ്ചുറിയാണിത്. പ്രസിദ്ധ കൃഷ്‌ണ, വിജയകുമാര്‍ വൈശാഖ്, വിദ്യാധര്‍ പാട്ടീല്‍ തുടങ്ങിയവരുടെ കര്‍ണാടക ബൗളിങ് നിര ആദ്യ 14 ഓവറില്‍ 25 റണ്‍ മാത്രമാണു വഴങ്ങിയത്. ജമ്മു കശ്‌മീരിന്റെ കന്നി രഞ്‌ജി ഫൈനലാണിത്. 14 തവണ ഫൈനലില്‍ കളിച്ച കര്‍ണാടക എട്ട് തവണ ജേതാക്കളായി. മുംബൈയോട് 35 റണ്ണിനു തോറ്റ ജമ്മു കശ്‌മീര്‍ വമ്പന്‍മാരായ ഡല്‍ഹി, മധ്യപ്രദേശ്, ബംഗാള്‍ തുടങ്ങിയ വമ്പന്‍മാരെ തോല്‍പ്പിച്ചാണു ഫൈനല്‍ വരെയെത്തിയത്.