-->
റബാത്: മൊറോക്കോയുടെ നായകന്‍ റൊമെയ്‌ന്‍ സായ്‌സ് രാജ്യാന്തര ഫുട്‌ബോളില്‍നിന്നു വിരമിച്ചു. 2022 ലെ ഖത്തര്‍ ലോകകപ്പില്‍ മൊറോക്കോയെ സെമി ഫൈനലില്‍ എത്തിച്ച താരമാണ്.
പരുക്കുകള്‍ തുടരെ അലട്ടിയതോടെതാണു 35 വയസുകാരനായ സായ്‌സ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. കഴിഞ്ഞ ആഫ്രിക്ക കപ്പ് ഓഫ് നേഷന്‍സില്‍ കോമറോസിനെതിരേ നടന്ന മത്സരത്തില്‍ 18 മിനിറ്റ് മാത്രമാണു കളിക്കാനായത്. ഇടതു കാല്‍ത്തുടയ്‌ക്കു പരുക്കേറ്റതോടെ താരത്തെ പിന്‍വലിക്കേണ്ടി വന്നു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ വോള്‍വര്‍ഹാംപ്‌റ്റണ്‍ വാണ്ടറേഴ്‌സിന്റെ സെന്റര്‍ ബാക്കായി കളിച്ചിട്ടുണ്ട്. ലോകകപ്പിനു കഷ്‌ടിച്ചു മൂന്നു മാസം ശേഷിക്കേയാണു സായ്‌സിന്റെ വിരമിക്കല്‍. ബ്രസീല്‍, സ്‌കോട്ടലന്‍ഡ്, ഹെയ്‌തി എന്നിവരാണു മൊറോക്കോയുടെ ഒന്നാം റൗണ്ട് എതിരാളികള്‍. ഖത്തര്‍ സ്‌റ്റാര്‍സ് ലീഗ് ക്ലബ് അല്‍ സാദിനായി തുടര്‍ന്നും കളിക്കുമെന്ന് സായ്‌സ് വ്യക്‌തമാക്കി.