-->
പലെകലെ: പാകിസ്‌താനെതിരേ നടന്ന ട്വന്റി20 ക്രിക്കറ്റ് ലോകകപ്പ് സൂപ്പര്‍ എട്ട് മത്സരത്തില്‍ ഇംഗ്ലണ്ടിന് രണ്ട് വിക്കറ്റ് ജയം.
ഗ്രൂപ്പ് രണ്ട് മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത പാകിസ്‌താന്‍ ഒന്‍പത് വിക്കറ്റിന് 164 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്‌ത ഇംഗ്ലണ്ട് കളി തീരാന്‍ അഞ്ച് പന്തുകള്‍ ശേഷിക്കേ വിജയ റണ്ണെടുത്തു.
രണ്ട് കളികളും ജയിച്ച ഇംഗ്ലണ്ട് സെമി ഫൈനലില്‍ കടന്നു. പാകിസ്‌താന്റെ ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു. ഇംഗ്ലണ്ടിനോടു തോറ്റതോടെ അവരുടെ സെമി സാധ്യത അപ്രവചനീയമായി.
നായകന്‍ ഹാരി ബ്രൂകിന്റെ സെഞ്ചുറിയാണ് (51 പന്തില്‍ നാല് സിക്‌സറും 10 ഫോറുമടക്കം 100) ഇംഗ്ലണ്ടിനെ വിക്കറ്റ് വീഴ്‌ചയ്‌ക്കിടെ ജയിപ്പിച്ചത്. ഷഹീന്‍ ഷാ അഫ്രീഡി എറിഞ്ഞ 17-ാം ഓവറില്‍ ബ്രൂക് പുറത്തായതോടെ ഇംഗ്ലണ്ട് സമ്മര്‍ദത്തിലായി. മുഹമ്മദ് നവാസ് എറിഞ്ഞ 19-ാം ഓവറില്‍ വില്‍ ജാക്‌സും (23 പന്തില്‍ രണ്ട് സിക്‌സറും ഒരു ഫോറുമടക്കം 28), ജാമി ഓവര്‍ടണ്‍ (0) എന്നിവരും പുറത്തായി.
സല്‍മാന്‍ മിര്‍സ അവസാന ഓവര്‍ എറിയാനെത്തുമ്പോള്‍ ഇംഗ്ലണ്ടിന്റെ ലക്ഷ്യം മൂന്ന് റണ്ണായിരുന്നു. നേരിട്ട ആദ്യ പന്ത് തന്നെ അതിര്‍ത്തി കടത്തി ജോഫ്ര ആര്‍ച്ചര്‍ ടീമിനെ ജയത്തിലെത്തിച്ചു. ഷഹീന്‍ ഷാ അഫ്രീഡി എറിഞ്ഞ ഇന്നിങ്‌സിലെ ആദ്യ പന്തില്‍ തന്നെ ഫില്‍ സാള്‍ട്ട് പുറത്തായി. മങ്ങിയ ഫോമിലുള്ള ജോസ് ബട്ട്‌ലറും (രണ്ട്) വൈകാതെ മടങ്ങി. ജേക്കബ് ബെതാല്‍ (എട്ട്), ടോം ബാന്റണ്‍ (രണ്ട്), സാം കുറാന്‍ (15 പന്തില്‍ 16) എന്നിവരും ക്ഷണത്തില്‍ പുറത്തായെങ്കിലും ബ്രൂക് വെടിക്കെട്ട് തുടര്‍ന്നു. 28 പന്തില്‍ അര്‍ധ സെഞ്ചുറിയടിച്ച ഇംഗ്ലണ്ട് നായകന്‍ 50 പന്തിലാണു മൂന്നക്കത്തിലെത്തിയത്.
പാകിസ്‌താനായി ഷഹീന്‍ ഷാ അഫ്രീഡി നാല് വിക്കറ്റെടുത്തു. നവാസും ഉസ്‌മാന്‍ താരിഖും രണ്ട് വിക്കറ്റ് വീതമെടുത്തു. പലെകലെ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ ടോസ് നേടിയ പാകിസ്‌താന്‍ നായകന്‍ സല്‍മാന്‍ ആഗ ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചു. ഓപ്പണര്‍ സാഹിബ്‌സാദ ഫര്‍ഹാന്റെ (45 പന്തില്‍ രണ്ട് സിക്‌സറും ഏഴ് ഫോറുമടക്കം 63) പ്രകടനമാണു പാകിസ്‌താനെ പൊരുതാവുന്ന സ്‌കോറിലെത്തിച്ചത്. ബാബര്‍ അസമിന്റെ (24 പന്തില്‍ 25) മെല്ലെപ്പോക്ക് പാക് സ്‌കോറിങ്ങിനു തടസമായി. ഫഖര്‍ സമാന്‍ (16 പന്തില്‍ രണ്ട് സിക്‌സറും രണ്ട് ഫോറുമടക്കം 25), ഷാദാബ് ഖാന്‍ (11 പന്തില്‍ 23) എന്നിവരുടെ പ്രകടനം ടീമിനു തുണയായി. പവര്‍പ്ലേയില്‍ രണ്ട് വിക്കറ്റുകളാണ് ടീമിന് നഷ്‌ടമായത്. ഓപ്പണര്‍ സായീം അയൂബും (ഏഴ്) നായകന്‍ സല്‍മാന്‍ അലി ആഗയു യുമാണ് (അഞ്ച്) തിരികെ നടന്നത്. അയൂബിനെ ജോഫ്ര ആര്‍ച്ചറും ആഗയെ ഡോവ്‌സണും പുറത്താക്കി. ബാബര്‍ അസമും പുറത്തായതോടെ ഫഖര്‍ സമാന്‍ ക്രീസിലെത്തി.
സാഹിബ്‌സാദ ഫര്‍ഹാനും സമാനും ചേര്‍ന്ന് ടീമിന്റെ പോരാട്ടം ഏറ്റെടുത്തു. സ്‌കോര്‍ 122 ല്‍ നില്‍ക്കേ ഫര്‍ഹാനെ ഓവര്‍ടണ്‍ വിക്കറ്റിനു മുന്നില്‍ കുടുക്കി. അടുത്ത ഓവറില്‍ സമാനും പുറത്തായി. പിന്നീട് ഇംഗ്ലണ്ട് കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീഴ്‌ത്തി. സമാന് പിന്നാലെ ക്രീസിലെത്തിയ ഉസ്‌മാന്‍ ഖാന്‍ (എട്ട്),
മുഹമ്മദ് നവാസ് (0), ഷഹീന്‍ ഷാ അഫ്രീഡി (രണ്ട്) എന്നിവര്‍ പെട്ടെന്ന് തന്നെ മടങ്ങി. ഷാദാബ് ഖാന്‍ പുറത്തെടുത്ത ചെറുത്തു നില്‍പ്പാണ് സ്‌കോര്‍ 150 കടത്തിയത്. ഇന്നിങ്‌സിലെ അവസാന പന്തില്‍ ഷാദാബ് റണ്ണൗട്ടായി.
ഇംഗ്ലണ്ടിനായി ലിയാം ഡോവ്‌സണ്‍ മൂന്ന് വിക്കറ്റും ജോഫ്ര ആര്‍ച്ചര്‍, ജാമി ഓവര്‍ടണ്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവുമെടുത്തു. ആദില്‍ റഷീദിനാണ് ഒരു വിക്കറ്റ്.