-->
മോഹന്‍ലാല്‍-ജീത്തു ജോസഫ് കൂട്ടുകെട്ടിലൊരുങ്ങിയ ദൃശ്യം എന്ന സിനിമ മലയാളത്തിലെ ത്രില്ലര്‍ സിനിമകള്‍ക്ക് ഒരു ബെഞ്ച്മാര്‍ക്ക് നല്‍കിയ ചിത്രമാണ്. ആദ്യ ഭാഗം കൊണ്ടു തന്നെ ദൃശ്യം പ്രേക്ഷകരെ ഞെട്ടിപ്പിച്ചിരുന്നു. രണ്ടാമത്തെ ഭാഗം കോവിഡ് കാലത്ത് ഒടിടിയായി എത്തിയപ്പോള്‍ പ്രേക്ഷകരതും ഹൃദയപൂര്‍വ്വം സ്വീകരിച്ചു. അന്നുമുതല്‍ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ‘ദൃശ്യം’ ഫ്രാഞ്ചൈസിയുടെ അവസാന ഭാഗമായ ‘ദൃശ്യം 3’. ഏപ്രിൽ രണ്ടിനാണ് സിനിമ തിയേറ്ററുകളിലെത്തുന്നത്.
ഇപ്പോഴിതാ ഏപ്രിലില്‍ റിലീസ് കാത്തിരിക്കുന്ന ദൃശ്യം 3 ന്റെ പുതിയ പോസ്റ്റര്‍ പങ്കിടുകയാണ് മോഹന്‍ലാലും അണിയറപ്രവര്‍ത്തകരും. പുഴയോരത്ത് ഒറ്റയ്ക്ക് നിൽക്കുന്ന, ഗൗരവമുള്ള മുഖഭാവമുള്ള ജോർജുകുട്ടിയെ പോസ്റ്ററില്‍ കാണാം. ജോര്‍ജുകുട്ടിയുടെ മനസ്സിലെ അസ്വസ്ഥതകൾ വ്യക്തമാക്കുന്നതാണ് ഈ പോസ്റ്റര്‍. തന്റെ കറുത്ത കാറിന്റെയടുത്ത് മുണ്ടും ഷര്‍ട്ടുമണിഞ്ഞ് ദൂരത്തേക്ക് നോക്കി നില്‍ക്കുന്ന മോഹന്‍ലാലിന്റെ മുഖത്ത് മനസിൽ സംഘർഷങ്ങൾ ഏറെയെന്ന് വ്യക്തമാകും.
പ്രേക്ഷകർ നെഞ്ചോടു ചേർത്ത ജോർജുകുട്ടിയുടെ മനസ്സിലെ ആശങ്കകള്‍ എടുത്തു കാട്ടുന്ന ഈ പുത്തന്‍ പോസ്റ്റര്‍ ഏറ്റെടുക്കുകയാണ് ആരാധകര്‍. ജീത്തു ജോസഫ് രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമിക്കുന്നത്. ചിത്രീകരണം പൂർത്തിയാക്കിയ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.
സ്വന്തം കുടുംബത്തിന്റെ രക്ഷക്കായി ഏതറ്റവും വരെ പോകാനിറങ്ങിത്തിരിക്കുന്ന ജോർജുകുട്ടിക്കു മുന്നിൽ വലിയ പ്രതിസന്ധികളാണ് നേരിട്ടു കൊണ്ടിരിക്കുന്നത്. ദൃശ്യത്തിൽ നിന്നും ദൃശ്യം 3 യിൽ എത്തുമ്പോൾ കാലഘട്ടത്തിനനുസരിച്ചുള്ള എല്ലാ മാറ്റങ്ങളും ഉൾക്കൊണ്ടാണ് ജോർജുകുട്ടിയേയും കുടുംബത്തേയും ജീത്തു ജോസഫ് പ്രേക്ഷകർക്കു മുന്നിലെത്തിക്കാന്‍ ശ്രമിക്കുന്നത്. മോഹൻലാലിനൊപ്പം മീന, എസ്തർ അനിൽ, അൻസിബ ഹസ്സൻ എന്നിവർ ചിത്രത്തിൽ പ്രധാനവേഷങ്ങളിലെത്തും. ആഗോള തലത്തിൽത്തന്നെ ശ്രദ്ധയാകർഷിച്ചിരിക്കുന്ന ചിത്രമാണ് ദൃശ്യം 3. ഇതിന്റെ ലോകമെമ്പാടുമുള്ള തിയേറ്റർ, ഡിജിറ്റൽ അവകാശങ്ങൾ പനോരമ സ്റ്റുഡിയോസും പെൻ സ്റ്റുഡിയോസും സംയുക്തമായി സ്വന്തമാക്കിയിരുന്നു.