Wednesday, March 11, 2026 Last Updated 55 Min 33 Sec ago English Edition
Todays E paper
Ads by Google
Tuesday 24 Feb 2026 08.55 PM

‘അമ്മ ആറ്റുകാലമ്മയുടെ ഭക്തയായിരുന്നു;ജീവിച്ചിരുന്നെങ്കിൽ ഞാന്‍ ഈ പുരസ്കാരം സ്വീകരിക്കുന്നത് കണ്ട് അമ്മ ഏറ്റവും സന്തോഷിക്കുമായിരുന്നു....’ അംബ പുരസ്കാരവേദിയില്‍ ​വികാരധീനനായി മോഹന്‍ലാല്‍

മോഹന്‍ലാല്‍ എന്ന താരത്തിന്റെ ജീവിതത്തില്‍ ഏറ്റവും സ്വാധീനം ചെലുത്തിയ വ്യക്തിയായിരുന്നു അമ്മ പത്മകുമാരി. ഇപ്പോഴിതാ തന്റെ അമ്മയെക്കുറിച്ച് മോഹന്‍ലാല്‍ പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.
Mohanlal, Mohanlal's mother Padmakumari
Mohanlal about his mother (Image Source: Instagram)

നാല് പതിറ്റാണ്ടിലധികമായി മലയാള സിനിമാപ്രേക്ഷകരെയും ഇന്ത്യന്‍ സിനിമയെയും വിസ്മയിപ്പിച്ചു കൊണ്ടിരിക്കുന്ന താരമാണ് മോഹന്‍ലാല്‍. ലാലേട്ടനെന്ന് ഉള്ളു തുറന്ന സ്നേഹത്തോടെയും ബഹുമാനത്തോടെയും പ്രേക്ഷകര്‍ വിളിക്കുന്ന മോഹന്‍ലാലിന്റെ ജീവിതത്തില്‍ ആഴത്തില്‍ സ്വാധീനിച്ച ഒരേയൊരു വ്യക്തിയേ ഉള്ളൂ, അമ്മ. സാധാരണ ഏതൊരാളിനോടു ​ചോദിച്ചാലും മഹദ്‌വ്യക്തികളുടെ പേരാവും അവര്‍ പറയുക. എന്നാല്‍ ലാലിന് എക്കാലവും അമ്മയോടുളള ആത്മബന്ധം ശക്തവും സുദൃഢവുമായിരുന്നു.
ലോകത്തിന്റെ ഏതു കോണിലാണെങ്കിലും അമ്മയുടെ പിറന്നാൾ ദിനത്തിൽ മോഹൻലാൽ അമ്മയുടെ അരികിൽ ഉണ്ടാകും.എത്ര തിരക്കുണ്ടെങ്കിലും അമ്മയ്ക്കായി മോഹന്‍ലാല്‍ സമയം മാറ്റി വയ്ക്കുമായിരുന്നു. തന്റെ ജീവിതയാത്രയിൽ സ്നേഹവാത്സല്യം കൊണ്ടും സാമീപ്യം കൊണ്ടും എക്കാലവും കരുത്തായിരുന്ന മോഹന്‍ലാലിന്റെ അമ്മ അന്തരിച്ചത് ഇക്കഴിഞ്ഞ മാസമാണ്. രണ്ടു വർഷം മുമ്പ് പക്ഷാഘാതത്തെ തുടർന്ന് സംസാരിക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്ന ലാലിന്റെ അമ്മ. അന്നുമിന്നും അമ്മയെക്കുറിച്ച് പറയുമ്പോള്‍ മോഹന്‍ലാല്‍ വൈകാരികമാകാറുണ്ട്.
ഇപ്പോഴിതാ ആറ്റുകാൽ ക്ഷേത്രം ട്രസ്റ്റിന്റെ അംബ പുരസ്കാര വേദിയില്‍ വച്ച് തന്റെ അമ്മയെക്കുറിച്ച് മോഹന്‍ലാല്‍ വികാരധീനനായി സംസാരിക്കുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. അമ്മ ആറ്റുകാലമ്മയുടെ ഭക്തയായിരുന്നുവെന്നും ജീവിച്ചിരുന്നെങ്കിൽ താൻ ഈ പുരസ്കാരം സ്വീകരിക്കുന്നതു കാണുമ്പോൾ അമ്മ ഏറ്റവും സന്തോഷിക്കുമായിരുന്നുവെന്നുമാണ് മോഹന്‍ലാല്‍ പറഞ്ഞത്.
‘‘അമ്മേ ശരണം, ദേവീ ശരണം...’ എന്നാണ് ആറ്റുകാൽ ക്ഷേത്രം ട്രസ്റ്റിന്റെ അംബ പുരസ്കാരം സ്വീകരിച്ചു ​കൊണ്ട് മോഹൻലാൽ ഉരുവിട്ട ആദ്യ വാക്കുകൾ.
‘‘വാക്കുകൾ അപ്രസക്തമാകുന്ന വൈകാരിക തലത്തിലാണ് ഞാന്‍ ആറ്റുകാലമ്മയുടെ മുന്നിൽ നിൽക്കുന്നത്. ഈയിടെ എന്നെ വിട്ടുപോയ എന്റെ സ്വന്തം അമ്മയുടെ നിറവാർന്ന ഓർമകൾ മനസ്സു നിറഞ്ഞു നിൽക്കുന്നു. അമ്മ ആറ്റുകാലമ്മയുടെ ഭക്തയായിരുന്നു. എത്രയോ വർഷങ്ങൾ പൊങ്കാലയിട്ടു. ജീവിച്ചിരുന്നെങ്കിൽ ഞാൻ ഈ പുരസ്കാരം സ്വീകരിക്കുന്നതു കാണുമ്പോൾ അമ്മ ഏറ്റവും സന്തോഷിക്കുമായിരുന്നു.
ജീവിതത്തിലെ നിർണായകമായ 2 കാര്യങ്ങൾ ആറ്റുകാലമ്മയ്ക്കു മുന്നിലായിരുന്നു. 1978 സെപ്റ്റംബർ 3ന് ‘തിരനോട്ട’ത്തിന്റെ പൂജ ഇവിടെയായിരുന്നു. 1988 ഏപ്രിൽ 28ന് സുചിത്രയെ താലി കെട്ടിയതും ഈ തിരുനടയിൽ വച്ചാണ്. ദാമ്പത്യം 36 വർഷം പിന്നിടുന്നു. ഞങ്ങളുടെ സൗഭാഗ്യം അമ്മയുടെ അനുഗ്രഹമാണ്.തിരുവനന്തപുരത്തുകാർക്ക് ആറ്റുകാൽ ഒരു വികാരമാണ്. പൊങ്കാല തലസ്ഥാനത്തിന്റെ തിരുവാഭരണമാണ്. ഏതൊരു തിരുവനന്തപുരത്തുകാരനെപ്പോലെയും തന്റെ കൗമാരവും ആറ്റുകാൽ ദർശനവും പൊങ്കാല അനുഭവവുമായി ബന്ധപ്പെട്ടതാണ്. ബാല്യകാല ഓർമകളിൽ ആറ്റുകാൽ ഇന്നു കാണുന്ന പോലെ വികസിച്ചിട്ടില്ല. ചുറ്റും വയലുകൾ ആയിരുന്നു.
പൊങ്കാല ദിവസമാകുമ്പോൾ നാടു മുഴുവൻ അടുപ്പുകളും ഭക്തരുമായിരിക്കും. ആറ്റുകാലിലേക്ക് വന്നിരുന്ന വിളക്കുകെട്ട് ഘോഷയാത്രകൾ മുടവൻമുകളുകാർക്ക് ഉത്സവമായിരുന്നു. ഓരോ പ്രദേശത്തുനിന്നുമുള്ള ഘോഷയാത്രകൾക്ക് അന്നു ‘ചപ്രമെഴുന്നള്ളത്ത്’ എന്നാണ് പറഞ്ഞിരുന്നത്. സപ്രമഞ്ചലിന്റെ പ്രാദേശിക രൂപമായിരിക്കാം അത്. ഇന്നത് ‘വിളക്കുകെട്ട്’ എന്നാണറിയപ്പെടുന്നത്.’
പൊങ്കാലയുടെ തലേന്ന് ശ്രീപത്മനാഭയിലും കിള്ളിപ്പാലം ശിവയിലും സെക്കൻഡ് ഷോയ്ക്ക് ശേഷം സ്പെഷ്യൽ തേർഡ് ഷോയുണ്ടാകും. ഭക്തർക്ക് രാത്രി ഒന്നിച്ചിരിക്കാൻ കൂടി ലക്ഷ്യമിട്ടാണ് പുണ്യപുരാണ സിനിമകൾ കാണിച്ചിരുന്നത്. തന്റെ അന്യഭാഷാ സിനിമാ സുഹൃത്തുക്കളോട് പൊങ്കാലയെപ്പറ്റി സംസാരിക്കാറുണ്ട്. അതിന്റെ പ്രത്യേകതകൾ കേട്ട് അവർ അത്ഭുതപ്പെടുന്നതു കണ്ടിട്ടുണ്ട്. പല തലത്തിലുള്ള ബഹുമതികൾ സ്വീകരിക്കാൻ 48 വർഷത്തെ സിനിമാ ജീവിതത്തിനിടയിൽ സാധിച്ചു. എങ്കിലും വളർന്ന മണ്ണിലെ, മനസ്സുകൊണ്ട് കുമ്പിടുന്ന ഭഗവതിയുടെ പേരിലുള്ള പുരസ്കാരം അതിന്റെ ആത്മീയ ചൈതന്യം കൊണ്ട് സവിശേഷമാണ്...’’ മോഹന്‍ലാല്‍ പറഞ്ഞു. താരത്തെ കാണാനും ആറ്റുകാലമ്മയുടെ അനുഗ്രഹം തേടാനുമെത്തിയ തിങ്ങിക്കൂടിയ ആയിരങ്ങളുടെ മനസ്സിൽ ആത്മനിർവൃതിയായി മാറുകയായിരുന്നു താരരാജാവിന്റെ വാക്കുകള്‍.

Ads by Google
Tuesday 24 Feb 2026 08.55 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW