-->
കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ 12-ാം സീസണില്‍ തുടരെ രണ്ടാം ജയവുമായി മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌സ്. സ്വന്തം തട്ടകമായ സാള്‍ട്ട് ലേക്ക് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ബഗാന്‍ ചെന്നൈയിന്‍ എഫ്.സിയെ 2-0 ത്തിനു തോല്‍പ്പിച്ചു. ബഗാനായി ജാമി മക്ലാറനും ദിമിത്രി പെട്രാറ്റോസും ഗോളടിച്ചു. രണ്ട് കളികളില്‍നിന്ന് ആറ് പോയിന്റ് നേടിയ ബഗാന്‍ രണ്ടാം സ്‌ഥാനത്താണ്. ഒന്നാം സ്‌ഥാനത്തുള്ള ഈസ്‌റ്റ് ബംഗാള്‍, മൂന്നാം സ്‌ഥാനത്തുള്ള ജംഷഡ്‌പുര്‍ എഫ്.സി., നാലാമതുള്ള മുംബൈ സിറ്റി എന്നിവര്‍ക്കും ആറ് പോയിന്റാണ്.
ചെന്നൈയിന്‍ എഫ്.സിയുടെ തുടരെ രണ്ടാം തോല്‍വിയാണിത്. ചെന്നൈയിനെതിരേ നടന്ന മത്സരത്തിന്റെ 63 ശതമാനം സമയത്തും പന്ത് ബഗാന്‍ താരങ്ങളുടെ പക്കലായിരുന്നു. ബഗാന്‍ ഗോളിലേക്ക് 16 ഷോട്ടുകള്‍ പായിച്ചപ്പോള്‍ ചെന്നൈയിന് രണ്ടു തവണ മാത്രമാണു ഷോട്ടെടുക്കാനായത്. ബഗാന്‍ കോച്ച് സെര്‍ജിയോ ലോബേര 4-4-2 ഫോര്‍മേഷനിലും ചെന്നൈയിന്‍ കോച്ച് ക്ലിഫോഡ് മിറാന്‍ഡ 4-2-3-1 ഫോര്‍മേഷനിലും ടീമിനെയിറക്കി.
ഒന്നാം പകുതിയുടെ ഇഞ്ചുറി ടൈമിലാണ് ആദ്യ ഗോള്‍ വീണത്. അപ്രതീക്ഷിതമായി ചെന്നൈയിന്‍ ബോക്‌സിലേക്കു ലഭിച്ച ത്രോ ബോളിനെ മക്ലാറന്‍ ഗോളാക്കി. മുന്നോട്ടു കയറിയ ഗോള്‍ കീപ്പര്‍ സാമിക് പന്തില്‍ തൊടാനായില്ല. 65-ാം മിനിറ്റില്‍ രണ്ടാം ഗോളുമെത്തി. സുഭാഷിഷ് റോയുടെ തകര്‍പ്പന്‍ ക്രോസ് ദിമിത്രി പെട്രാറ്റോസ് ഗോളാക്കി. സാമികിന്റെ കൈയിലുരസി പന്ത് വലയിലേക്ക്. 88-ാം മിനിറ്റില്‍ ഗുര്‍കീരത് സിങ് ഗോളിലേക്ക് ഒരു ഷോട്ടുതിര്‍ത്തതു മാത്രമാണു ചെന്നൈയിന്‍ ഭാഗത്തുനിന്നുണ്ടായ ഏക ശ്രദ്ധേയമായ നീക്കം.