-->
മാഡ്രിഡ്: സ്‌പാനിഷ് ലാ ലി ഫുട്‌ബോളില്‍ ബാഴ്‌സലോണ ഒന്നാം സ്‌ഥാനത്തു തിരിച്ചെത്തി. ലാവന്റെയ്‌ക്കെതിരേ സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ 3-0 ത്തിനു ജയിച്ചതോടെയാണു ബാഴ്‌സ ഒന്നാം സ്‌ഥാനത്തു തിരിച്ചെത്തിയത്. ന്യൂ ക്യാമ്പില്‍ നടന്ന മത്സരത്തില്‍ മാര്‍ക് ബെര്‍നാല്‍, ഫ്രാങ് ഡി ജോങ്, ഫെര്‍മിന്‍ ലോപസ് എന്നിവര്‍ ഗോളടിച്ചു. 25 കളികളില്‍നിന്ന് 61 പോയിന്റ് നേടിയാണ് ബാഴ്‌സ ഒന്നാമത്തെത്തിയത്. രണ്ടാം സ്‌ഥാനത്തുള്ള റയാല്‍ മാഡ്രിഡ് അത്രയും കളികളില്‍ 60 പോയിന്റ് നേടി. 18 പോയിന്റ് മാത്രം നേടിയ ലാവന്റെ തരംതാഴ്‌ത്തല്‍ മേഖലയില്‍ 19-ാം സ്‌ഥാനത്താണ്. റയാല്‍ മാഡ്രിഡ് കഴിഞ്ഞ മത്സരത്തില്‍ ഒസാസുനയോടു തോറ്റത് ബാഴ്‌സയ്‌ക്കു ഗുണമായി.
ബാഴ്‌സ കഴിഞ്ഞയാഴ്‌ച നടന്ന മത്സരത്തില്‍ ജിറോണയോട് 2-1 നു തോറ്റിരുന്നു. ഞായറാഴ്‌ച വൈകിട്ടു നടന്ന മത്സരത്തിന്റെ നാലാം മിനിറ്റില്‍ ഹാന്‍സി ഫ്‌ളിക്കിന്റെ ശിഷ്യന്‍മാര്‍ മുന്നിലെത്തി. 18 വയസുകാരന്‍ മാര്‍ക് ബെര്‍നാലിന്റെ ക്ലോസ് റേഞ്ച് ഷോട്ട് ലാവന്റെ വലയില്‍ കയറി. എറിക് ഗാര്‍സിയയുടെ താഴ്‌ന്നു വന്ന ക്രോസിനെയാണു ബെര്‍നാല്‍ ഗോളാക്കിയത്. 32-ാം മിനിറ്റില്‍ ഡി ജോങ് ലീഡ് ഇരട്ടിയാക്കി. ജോയ കാന്‍സെലോയുടെ അളന്നു മുറിച്ച ക്രോസിനെ മാര്‍ക്ക് ചെയ്യാതെനിന്ന ഡി ജോങ് വലയിലാക്കി. രണ്ടാം പകുതിയില്‍ റോബര്‍ട്ട് ലെവന്‍ഡോസ്‌കിയും റാഫിഞ്ഞയും ഗോളടിക്കാന്‍ ലഭിച്ച സുവര്‍ണാവസരങ്ങള്‍ പാഴാക്കി. 81-ാം മിനിറ്റിലാണു ലോപസിന്റെ ഗോളെത്തിയത്. ഒസാസുനയുടെ തട്ടകമായ എല്‍ സദാര്‍ സ്‌റ്റേഡിയത്തിലാണ് റയാല്‍ തോല്‍വി നേരിട്ടത്.
ആന്റണ്‍ ബുഡിമിര്‍ ഒസാസുനയ്‌ക്കായി 38-ാം മിനിറ്റില്‍ ഗോളടിച്ചു. 73-ാം മിനിറ്റില്‍ വിനീഷ്യസ് ജൂനിയര്‍ റയാലിനെ ഒപ്പമെത്തിച്ചു. കളി തീരാന്‍ ഒരു മിനിറ്റ് ശേഷിക്കേ റോറി ഗാര്‍സിയ ഒസാസുനയ്‌ക്കായി വിജയ ഗോളടിച്ചു. 25 കളികളില്‍നിന്നു 33 പോയിന്റുള്ള ഒസാസുന ഒന്‍പതാം സ്‌ഥാനത്താണ്. എസ്‌പാനിയോളിനെ 4-2 നു തോല്‍പ്പിച്ച് അത്‌ലറ്റിക്കോ മാഡ്രിഡും ജയമറിഞ്ഞു. സ്വന്തം തട്ടകമായ റിയാദ് എയര്‍ മെട്രോപോലീറ്റാനോ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അത്‌ലറ്റിക്കോയ്‌ക്കായി സോര്‍ലോത് ഇരട്ട ഗോളുകളും സിമോണി, ലൂക്‌മാന്‍ എന്നിവര്‍ ഒരു ഗോള്‍ വീതവുമടിച്ചു. എസ്‌പാനിയോളിനായി കാരേയാസ് ആറാം മിനിറ്റില്‍ ഗോളടിച്ചിരുന്നു. എക്‌സ്പോസിറ്റോയാണ് ഒരു ഗോളടിച്ചത്.