-->
കൊച്ചി: പട്ടയവിതരണവിഷയത്തില്‍ സംസ്‌ഥാനസര്‍ക്കാരിന് ആശ്വാസമായി ഹൈക്കോടതി വിധി. 1964-ലെ ചട്ടപ്രകാരം പട്ടയം നല്‍കുന്നതിനുണ്ടായിരുന്ന സ്‌റ്റേ നീക്കി. 2024 മുതല്‍ ഉണ്ടായിരുന്ന സ്‌റ്റേയാണ് ഒഴിവായത്. ഹൈക്കോടതിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസരിച്ച് പട്ടയവിതരണം നടത്താന്‍ സര്‍ക്കാരിന് അനുമതി നല്‍കി. 1971 ഓഗസ്‌റ്റ് ഒന്നിനു മുമ്പ് ഭൂമി കൈയേറിയവരെ കുടിയേറ്റക്കാരായി കണക്കാക്കി പട്ടയം നല്‍കാമെന്ന ചട്ടമാണ് 2024-ല്‍ ഹൈക്കോടതി സ്‌റ്റേ ചെയ്‌തത്. 1971 വരെയുള്ള സമയപരിധിയില്‍ വിശദീകരണം ആവശ്യപ്പെട്ടായിരുന്നു നടപടി. 1964-ലെ ചട്ടത്തില്‍ സമയപരിധി ഉണ്ടായിരുന്നില്ലെന്നും അതിനാല്‍ നിരവധിപ്പേര്‍ അനധികൃതമായി അപേക്ഷയുമായെത്തിയെന്നും സര്‍ക്കാര്‍ വിശദീകരിച്ചു. ഇത് അംഗീകരിച്ചാണ് ഹൈക്കോടതി സ്‌റ്റേ നീക്കിയത്.
പട്ടയവിതരണത്തില്‍ വിപ്ലവകരമായ മുന്നേറ്റമുണ്ടാക്കാന്‍ സര്‍ക്കാരിനു കഴിഞ്ഞെന്ന് മന്ത്രി കെ. രാജന്‍ അവകാശപ്പെട്ടു. വാഗമണ്‍ സ്‌മാര്‍ട്ട് വില്ലേജ് ഓഫീസിന്റെ നിര്‍മാണോദ്‌ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. 2016-2021 കാലയളവില്‍ 1.70 ലക്ഷത്തിലധികം പട്ടയങ്ങള്‍ നല്‍കി. പട്ടയ മിഷന്‍ രൂപീകരിച്ചു. നാലരലക്ഷം കുടുംബങ്ങളെ ഭൂമിയുടെ അവകാശികളാക്കി. ഡിജിറ്റല്‍ റീസര്‍വേയില്‍ 10 ലക്ഷത്തിലധികം ഭൂമി അളന്ന് തിട്ടപ്പെടുത്തി. വില്ലേജ് ഓഫീസില്‍നിന്ന് ലഭ്യമാക്കേണ്ട 21 സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈനില്‍ സ്വന്തമാക്കാം. എല്ലാ വിവരങ്ങളും ഉള്‍ക്കൊള്ളുന്ന റവന്യൂ കാര്‍ഡ് 24-ന് പുറത്തിറക്കും. നാനൂറിലധികം വില്ലേജ് ഓഫീസുകള്‍ സ്‌മാര്‍ട്ടായി. 283 ഓഫീസുകളുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
വാഗമണ്‍ സെന്റ് ആന്റണീസ് പള്ളി പാരീഷ് ഹാളില്‍ നടന്ന ചടങ്ങില്‍ ഏലപ്പാറ പഞ്ചായത്ത് പ്രസിഡന്റ് ഒ.എസ്. ഉമര്‍ ഫറൂഖ് ശിലാസ്‌ഥാപനം നടത്തി. ഗ്രാമപഞ്ചായത്തംഗം മായാ സുജി, ഡെപ്യൂട്ടി കലക്‌ടര്‍ മിനി കെ. ജോണ്‍, പീരുമേട് തഹസില്‍ദാര്‍ വി. സന്തോഷ് എന്നിവര്‍ പങ്കെടുത്തു.