Thursday, March 12, 2026 Last Updated 3 Min 40 Sec ago English Edition
Todays E paper
Ads by Google
Monday 23 Feb 2026 11.41 PM

പൊളിക്കാനിരുന്ന കെട്ടിടം ഇടിഞ്ഞുവീണ്‌ 4 മരണം

കോഴിക്കോട്‌: വലിയങ്ങാടിയില്‍ കോഴിക്കോട്‌ കോര്‍പറേഷന്‍ വക കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ്‌ തകര്‍ന്നുവീണ്‌ നാലുപേര്‍ക്ക്‌ ദാരുണാന്ത്യം. കിണാശേരി ബൈത്തുല്‍ഹുദ ജബ്ബാര്‍ (58), അത്തോളി കൊളക്കാട്‌ കൊടുവമ്പത്ത്‌ താഴേക്കുനി അഷ്‌റഫ്‌ (57), അത്തോളി കൊങ്ങന്നൂര്‍ മല്ലിശേരിതാഴെ ബഷീര്‍ (64), തിരുവങ്ങൂര്‍ സ്വദേശി വിനോദ്‌ (55) എന്നിവരാണ്‌ മരിച്ചത്‌. ബലക്ഷയമുണ്ടെന്ന്‌ 2024-ല്‍ കോര്‍പറേഷന്‍ സാങ്കേതികവിഭാഗം കണ്ടെത്തിയ കെട്ടിടത്തിലാണ്‌ ഇന്നലെ ഉച്ചയ്‌ക്ക്‌ പന്ത്രണ്ടരയോടെ ദുരന്തമുണ്ടായത്‌.
അപകടം നടന്ന സ്‌ഥലത്ത്‌ ഗോഡൗണുള്ള ഗാമ എന്റര്‍ൈപ്രസസിലെ ജീവനക്കാരനാണ്‌ ജബ്ബാര്‍. അഷ്‌റഫും വിനോദും കയറ്റിറക്ക്‌ തൊഴിലാളികളാണ്‌. ബഷീര്‍ ൈഡ്രവറും. ജബ്ബാറും അഷ്‌റഫും അപകടസ്‌ഥലത്തുതന്നെ മരിച്ചു. ബഷീര്‍ ബീച്ച്‌ ആശുപത്രിയിലും വിനോദ്‌ കോഴിക്കോട്‌ മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലുമാണ്‌ മരിച്ചത്‌.
കോണ്‍ക്രീറ്റ്‌ സ്ലാബിനടിയില്‍പ്പെട്ട അഷ്‌റഫിനെയും ജബ്ബാറിനെയും ആശുപത്രിയിലെത്തിച്ചത്‌ നാട്ടുകാരാണ്‌. മറ്റുള്ളവരെ അഗ്നിരക്ഷാസേനയും. മുമ്പ്‌ പാസ്‌പോര്‍ട്ട്‌ ഓഫീസും സെയില്‍സ്‌ടാക്‌സ്‌ ഓഫീസും പ്രവര്‍ത്തിച്ച കെട്ടിടമാണിത്‌. താഴത്തെ നിലയില്‍ ഗോഡൗണുകള്‍ ഉള്‍പ്പെടെ പ്രവര്‍ത്തിക്കുന്നു. ജബ്ബാര്‍ ജോലിചെയ്‌തിരുന്ന പലചരക്ക്‌ വ്യാപാരസ്‌ഥാപനമായ ഗാമ എന്റര്‍ൈപ്രസസിന്റെ ഗോഡൗണും ഇതില്‍ ഉള്‍പ്പെടുന്നു.
കെട്ടിടത്തിന്റെ സണ്‍ഷേഡ്‌ ഭാഗമാണ്‌ താഴെ വിശ്രമിക്കുകയായിരുന്ന തൊഴിലാളികളുടെ ദേഹത്തേക്കു തകര്‍ന്നുവീണത്‌.
സാധാരണ ദിവസങ്ങളില്‍ മുപ്പതോളം പേര്‍ ഇവിടെ വിശ്രമിക്കാറുണ്ടെന്നു വ്യാപാരികള്‍ പറഞ്ഞു. നോമ്പുകാലമായതിനാലാണ്‌ ആളുകളുടെ എണ്ണം കുറഞ്ഞത്‌. കോണ്‍ക്രീറ്റ്‌ സ്ലാബ്‌ വീണ്‌ ഇരുചക്രവാഹനങ്ങളും തകര്‍ന്നു. കോര്‍പറേഷന്റെ അനാസ്‌ഥയാണ്‌ ദുരന്തത്തിനു കാരണമെന്ന്‌ പ്രതിപക്ഷം ആരോപിച്ചു. കെട്ടിടം പൊളിച്ചുമാറ്റാന്‍ ഡി.പി.ആര്‍. തയാറായിരുന്നെന്നും മറ്റ്‌ നടപടികള്‍ക്കു നീക്കമാരംഭിച്ചിരുന്നെന്നുമാണ്‌ നഗരസഭസഭയുടെ വിശദീകരണം. കെട്ടിടത്തില്‍ നിലവിലുള്ള വ്യാപാരികളുടെ ലൈസന്‍സ്‌ കാലാവധി അവസാനിച്ചില്ലെന്നും അധികൃതര്‍ അറിയിച്ചു.

Ads by Google
Monday 23 Feb 2026 11.41 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW