-->
ബംഗളുരു: സുഹൃത്തിനെ വിശ്വസിച്ച് ബാങ്ക് അക്കൗണ്ട് വിവരങ്ങളും പാസ്‌വേഡുമൊക്കെ കൈമാറിയ എന്‍ജിനീയറിങ് വിദ്യാര്‍ഥി ചെന്നുപെട്ടത് ഊരാക്കുടുക്കില്‍.
സൈബര്‍ തട്ടിപ്പ് വഴിയുള്ള ഏഴ് കോടി രൂപ അക്കൗണ്ടിലൂടെ കയറിയതിനു പിന്നാലെ കേസും കുരുക്കുമായി.
ബംഗളുരുവില്‍നിന്നുള്ള എന്‍ജിനീയറിങ് വിദ്യാര്‍ഥിയാണു കുടുക്കില്‍പ്പെട്ടത്. ആയുഷ് എന്നയാളുമായുള്ള അടുപ്പമാണ് വിദ്യാര്‍ഥിയെ കുഴപ്പത്തില്‍ ചാടിച്ചത്. ഒരു വര്‍ഷമായി ആയുഷുമായി വിദ്യാര്‍ഥി സൗഹൃദത്തിലായിരുന്നു.
ബാലന്‍സ് കുറവായതിനാല്‍ തന്റെ ബാങ്ക് അക്കൗണ്ട് ബ്ലോക്ക് ചെയ്‌തതായി ആയുഷ് വിദ്യാര്‍ഥിയെ അറിയിക്കുന്നത് 2025 നവംബറിലാണ്. വിദ്യാര്‍ഥിയുടെ ബാങ്ക് അക്കൗണ്ട് താല്‍ക്കാലികമായി ഉപയോഗിക്കാനുള്ള സമ്മതവും ആയുഷ് ചോദിച്ചു.
സുഹൃത്തിനെ വിശ്വസിച്ച്, എ.ടി.എമ്മുമായി ബന്ധിപ്പിച്ച എയര്‍ടെല്‍ സിം കാര്‍ഡ്, നെറ്റ് ബാങ്കിങ് യൂസര്‍ ഐ.ഡി, പാസ്‌വേഡ് എന്നിവയുള്‍പ്പെടെ കര്‍ണാടക ഗ്രാമീണ്‍ ബാങ്ക് അക്കൗണ്ടിന്റെ ആക്‌സസ് വിശദാംശങ്ങള്‍ വിദ്യാര്‍ഥി പങ്കുവച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍.
മാസങ്ങള്‍ക്ക് ശേഷം വിദ്യാര്‍ഥിയുടെ ബാങ്കില്‍നിന്ന് വിളി വന്നു. സൈബര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട വന്‍തോതിലുള്ള ഇടപാടുകള്‍ നടന്നെന്നു സംശയമുണ്ടെന്നും 7 കോടി രൂപയുടെ തട്ടിപ്പ് ഈ അക്കൗണ്ട് വഴി നടന്നെന്നും അവര്‍ അറിയിച്ചു. വിദ്യാര്‍ഥിയുടെ ബാങ്ക് അക്കൗണ്ട് ഉടന്‍ ബ്ലോക്ക് ചെയ്‌തു.
തുടര്‍ന്ന്, വിദ്യാര്‍ഥി പോലീസിനെ സമീപിച്ചു. തട്ടിപ്പ് ഇടപാടുകള്‍ക്കായി അക്കൗണ്ട് ഉപയോഗിച്ചെന്ന് ആരോപിച്ച് നോര്‍ത്ത് ഡിവിഷന്‍ സൈബര്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. ഏകദേശം 7 കോടി രൂപ അക്കൗണ്ട് വഴി കൈമാറ്റം ചെയ്യപ്പെട്ടതായി പോലീസ് വൃത്തങ്ങളും അറിയിച്ചു.