Wednesday, March 11, 2026 Last Updated 4 Min 3 Sec ago English Edition
Todays E paper
Ads by Google
Monday 23 Feb 2026 11.40 PM

പൊളിച്ചത്‌ ബംഗ്ലാദേശികളെ റിക്രൂട്ട്‌ ചെയ്യാനുള്ള വന്‍പദ്ധതി

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കഴിഞ്ഞയാഴ്‌ച അറസ്‌റ്റിലായ എട്ടുപേരടക്കം ലഷ്‌കറെ തോയ്‌ബ ഭീകരസംഘത്തെ നിയന്ത്രിച്ചിരുന്ന ഷബീര്‍ അഹമ്മദ്‌ ലോണിന്‌ ലഷ്‌കറെ സ്‌ഥാപകന്‍ ഹാഫിസ്‌ സയിദുമായും കമാന്‍ഡര്‍ സാകി ഉര്‍ റഹ്‌മാനുമായും നേരിട്ട്‌ ബന്ധമുണ്ടായിരുന്നെന്ന്‌ രഹസ്യാന്വേഷണവൃത്തങ്ങള്‍. ബംഗ്ലാദേശ്‌ കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ വംശജനായ ഭീകരനാണ്‌ ഷബീര്‍ അഹമ്മദ്‌ ലോണ്‍.
ഇന്ത്യ തേടുന്ന കൊടുംഭീകരരായ ഹാഫിസ്‌ സയിദിനും ലഖ്‌വിക്കും 'ചാച്ചാജി', 'തായാജി' എന്നീ രഹസ്യ അപരനാമങ്ങളുണ്ട്‌. ലഷ്‌കറെ ഭീകരസംഘടനയില്‍ മൂന്നാമനായ അബു അല്‍ ഖാമയുടെ വിശ്വസ്‌തന്‍ കൂടിയാണ്‌ ലോണ്‍. 2008-ലെ മുംബൈ ആക്രമണങ്ങളുടെയും കഴിഞ്ഞവര്‍ഷം ഡല്‍ഹിയിലെ ചെങ്കോട്ടയില്‍ നടന്ന കാര്‍ ബോംബ്‌ സ്‌ഫോടനത്തിന്റെയും സൂത്രധാരനാണ്‌ അബു അല്‍ ഖാമ. 2005-ല്‍ ലോണിനെ ഭീകരസംഘടനയില്‍ എത്തിച്ചത്‌ ഇയാളാണ്‌.
ബംഗ്ലാദേശികളെ ഭീകരസംഘടനയില്‍ ചേര്‍ക്കുന്നതുള്‍പ്പെടെയുള്ള ദൗത്യങ്ങള്‍ക്കായി ലോണ്‍ നിരന്തരം ഡല്‍ഹി സന്ദര്‍ശിച്ചിരുന്നു. ഭീകരാക്രമണനീക്കം പൊളിക്കുന്നതിന്റെ ഭാഗമായി ഏഴ്‌ ബംഗ്ലാദേശികള്‍ ഉള്‍പ്പെടെ എട്ടുപേരെയാണു കഴിഞ്ഞയാഴ്‌ച അറസ്‌റ്റ്‌ ചെയ്‌തത്‌. ലോണ്‍ ഒളിവിലാണ്‌.
പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരേ വന്‍പ്രക്ഷോഭം നടന്ന ഡല്‍ഹിയിലെ ഷഹീന്‍ബാഗാണ്‌ ഇയാള്‍ ഏറ്റവുമൊടുവില്‍ സന്ദര്‍ശിച്ചത്‌. 2007-ല്‍ ലോണിനെ ഡല്‍ഹി പോലീസിന്റെ പ്രത്യേകസംഘം അറസ്‌റ്റ്‌ ചെയ്‌തിരുന്നു. തുടര്‍ന്ന്‌ തിഹാര്‍ ജയിലില്‍ തടവില്‍ക്കഴിഞ്ഞ ഇയാള്‍ 2018-ല്‍ മോചിതനായി. അതിനുശേഷം ബംഗ്ലാദേശിലേക്കു കടന്നു. തൊട്ടടുത്തവര്‍ഷം ഇന്ത്യയില്‍ തിരിച്ചെത്തി ലഷ്‌കറെ സ്ലീപ്പര്‍ സെല്ലുകള്‍ പുനരുജ്‌ജീവിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ മുഴുകി. ഇന്ത്യയിലെ അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്കു നിയോഗിക്കാന്‍ പാക്‌ ചാരസംഘടനയായ ഐ.എസ്‌.ഐയാണ്‌ ലോണിനു സാമ്പത്തികസഹായം നല്‍കുന്നത്‌.
പോസ്‌റ്റര്‍ അച്ചടിച്ചത്‌ ബംഗാളില്‍; പി.ഡി.എഫ്‌. ബംഗ്ലാദേശില്‍നിന്ന്‌

ഡല്‍ഹിയില്‍ പ്രത്യക്ഷപ്പെട്ട പാക്‌ അനുകൂല പോസ്‌റ്ററുകളെക്കുറിച്ചുള്ള അന്വേഷണമാണ്‌ തമിഴ്‌നാട്ടിലും പശ്‌ചിമബംഗാളിലും നടന്ന റെയ്‌ഡുകളിലേക്കും എട്ടംഗഭീകരസംഘത്തിന്റെ അറസ്‌റ്റിലേക്കും നയിച്ചത്‌. ഇന്ത്യാവിരുദ്ധ പോസ്‌റ്ററുകള്‍ക്കു പിന്നില്‍ പ്രവര്‍ത്തിച്ചതു ലോണായിരുന്നു. കൊല്‍ക്കത്തയില്‍ അച്ചടിച്ച പോസ്‌റ്ററുകളുടെ മാതൃക ഇ-മെയിലില്‍ പി.ഡി.എഫായി അയച്ചത്‌ ബംഗ്ലാദേശില്‍നിന്നാണ്‌. പോസ്‌റ്ററുകള്‍ പതിച്ച ബംഗാളിലെ മാള്‍ഡ സ്വദേശി ഉമര്‍ ഫഹൂഖും (31) ബംഗ്ലാദേശുകാരനായ റോബിയുള്‍ ഇസ്ലാമും (31) അറസ്‌റ്റിലായിരുന്നു. തമിഴ്‌നാട്ടില്‍ അറസ്‌റ്റിലായ ആറുപേരെ കൊല്‍ക്കത്തയിലേക്ക്‌ വിളിച്ചുവരുത്തിയത്‌ ലോണുമായി അടുത്തബന്ധം പുലര്‍ത്തിയിരുന്ന ഫറൂഖാണ്‌.

ആശയവിനിമയം 'സിഗ്നലി'ലൂടെ

ലോണും മറ്റ്‌ ഭീകരരുമായുള്ള ആശയവിനിമയം വാട്‌സ്‌ആപ്പിനു സമാനമായ 'സിഗ്നല്‍' എന്ന സാമൂഹികമാധ്യമത്തിലൂടെയായിരുന്നു. കൊല്‍ക്കത്തയില്‍ ഭീകരപ്രവര്‍ത്തനത്തിന്‌ ഉപയോഗിച്ചിരുന്ന വീടിനു പ്രതിമാസം 8000 രൂപ വാടക നല്‍കിയിരുന്നതും ലോണാണ്‌. ആയുധങ്ങള്‍ വാങ്ങാന്‍ 80,000 രൂപയും ഇയാള്‍ അയച്ചുനല്‍കി.

Ads by Google
Monday 23 Feb 2026 11.40 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW